Wednesday, December 28, 2011

മരണയോഗം


എങ്ങനെയും മരിക്കാം.

അതിനും ഒരു യോഗംവേണം.
ആത്മഹത്യയോ കൊലപാതകമോ,
സ്വാഭാവികമോ അസ്വഭാവികമോ.
കിട്ടി ഒരുത്തനെ ബസ്സില്‍
പോക്കറ്റടി...പോക്കറ്റടി..
ആകെ ബഹളം.
എല്ലാവര്‍ക്കും ഉത്സാഹം.
ആരാണ് പോക്കറ്റടിച്ചത്-
എല്ലാവരും ചോദിക്കുന്നു?
ഒരുത്തനെ പിടിക്കണം.
അവന്റെ മേല്‍ ചാര്‍ത്തണംകുറ്റം
അവന്‍ മരണയോഗം ഉള്ളവന്‍
എളിയവന്‍, നിഷ്‌ക്കളങ്കന്‍
ജീവന്റെ രണ്ടറ്റം കൂട്ടിചേര്‍ക്കാന്‍
ഓടുന്നവന്‍, ഓടിക്കിതച്ചവന്‍
എല്ലാവരുടെയും ചൂണ്ടുവിരല്‍
അവനുമേല്‍ പതിഞ്ഞു.
ഇനി തുടങ്ങാം അടിപൂരം
മുഖം നോക്കരുത്, അറക്കരുത്
കൈത്തരിപ്പ് തീര്‍ക്കാം
കരവിരുത് കാട്ടാം
തലയ്ക്കും ചങ്കിലും
പുറത്തും അകത്തും.
എല്ലാവരും കാഴ്ചക്കാര്‍
എന്തുസുഖം, ഒരു നേരംപോക്ക്.
മരണയോഗം ഇങ്ങനെയുമാകാം
ഞാനൊഴികെ ആര്‍ക്കും മരിക്കാം.
എനിക്ക് കാണണം ശവങ്ങള്‍
എത്രകണ്ടാലും മതിവരാതെ
ഒപ്പിയെടുക്കും അപൂര്‍വനിമിഷം
കണ്ണിലും മൊബൈലിലും.
യേശുവിനെപ്പോലെ കൃശഗാത്രന്‍
ചെറുതാടിയും നീണ്ടമുഖവും
ക്രൂശിക്കാന്‍ പറ്റിയവന്‍
അവര്‍ ചെയ്യുന്നത് എന്തെന്ന്
അവര്‍ അറിഞ്ഞില്ല.
പിന്നെ വീമ്പുപറച്ചില്‍
ഞാന്‍ പോലീസാണ്
ഭരണകൂടം എന്റെ കൈലാണ്
എനിക്ക് ആരെയും പേടിയില്ല
ഞാന്‍ തല്ലും! കൊല്ലും!
ഒരു കഴുതയെപ്പോലവന്‍
മുഖംകുനിച്ച്, മുതുകുതാഴ്ത്തി
അവസാനം ശ്വാസത്തിനും
ഒരു തുള്ളി വെള്ളത്തിനും
കേണുകരഞ്ഞവന്‍-മൃതപ്രായന്‍
ഇരന്നവന്‍ പിന്നെ ഇരുന്നവന്‍
കുഴഞ്ഞുമറിഞ്ഞുഇഴഞ്ഞവന്‍
മനുഷ്യനില്‍ നിന്ന് ഉരഗത്തിലേക്ക്
പേപ്പട്ടിയെപ്പോലെ കൊല്ലപ്പെട്ടവന്‍.
ഇനി പ്രതിഷേധം; വെല്ലുവിളി
ഇറങ്ങിപ്പോക്ക്; നഷ്ടപരിഹാരം
ജീവന് വിലപറയുന്ന പുത്തന്‍നോട്ടുകള്‍
എല്ലാത്തിനും പരിഹാരമീനോട്ടുകള്‍
പോക്കറ്റടിക്കാത്ത പോക്കറ്റടിക്കാരന്‍
ഇവന്റെ ഫോട്ടോ എവിടെയാണ് പതിക്കേണ്ടത്
പോലീസ് സ്‌റ്റേഷന്‍; റെയില്‍വ്വേ സ്‌റ്റേഷന്‍.
കാണുക. ഇനിയൊരബദ്ധം പിണയരുത്.
അവസാനത്തെ ബലിച്ചോറുണ്ടവന്‍
ബലികാക്കയെ മാടിവിളിച്ചവര്‍
റീത്തും; പരിവാരങ്ങളും
ആശ്വാസവാക്കും; ആലിംഗനങ്ങളും
ഇന്നവന്‍ നാളെ ഞാനോ നിങ്ങളോ
എപ്പോഴും ഒരു കരുതല്‍ വേഷം
ആരാന്റെ കൈ, സ്വന്തം ചുമലില്‍ പതിക്കും.
എല്ലാവരും കാവല്‍ക്കാരാണ്
വേട്ടക്കാരനെപ്പോലെ ഇരയെ തേടും
അരയും തലയും മുറുക്കി.
നീതിയെക്കുറിച്ചോ, നിയമത്തെക്കുറിച്ചോ
ഒന്നും മിണ്ടിപ്പോകരുത്;
കോടതിയലക്ഷ്യമാകും
ചത്തവന്‍ എണീറ്റ് പോയ്‌ക്കോണം
നീതിന്യായപീഠത്തെ പഴിക്കരുത്
വിശപ്പടക്കാന്‍ തെളിവുവേണം
എത്രകിട്ടിയാലും മതിവരില്ല
അവസാനത്തെ തെളിവും തെളിയാത്തതുവരെ
തെളിവില്ലാത്തവന് വെളിവുണ്ടാകരുത്
ചട്ടം തെറ്റിയാലും! നിയമം തെറ്റരുത്!
നീ നിയമം പാലിക്കേണ്ടവന്‍
ഞാന്‍ നിയമപാലകന്‍; പരലോകന്‍
നിയമം നിയമത്തിന്റെ വഴിക്ക്'
ആയിരം കുറ്റവാളിക്ക് സൗജന്യമുണ്ട്
അവര്‍ക്ക് രക്ഷപ്പെടാം; രക്ഷിക്കപ്പെടാം.
നിരപരാധിയെ എങ്ങനെ ശിക്ഷിക്കും
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍
നിരപരാധിയായവന്‍; കുറ്റം ഏറ്റവന്‍
അവനെ ശിക്ഷിക്കരുത്; തെളിവ് വേണം
രക്ഷപ്പെടാനുംവേണം തെളിവുകള്‍
തെളിവുകള്‍ മാഞ്ഞവന്‍; മായ്ച്ചവര്‍
തെളിയാതെ തെളിവുകള്‍.
കൂടുതേടിയവന്‍ കൂടുപറ്റാത്തവന്‍
ഇഹലോകം വെടിഞ്ഞവന്‍
പരലോകം പൂകിയവന്‍
ഇനി ആര്, ആരെ വിധിക്കും
സാക്ഷി പറയാന്‍ ഒറ്റുകാരന്‍ വേണം
സാക്ഷി കാലുമാറും മൊഴിമാറ്റും.
കണ്ണുകെട്ടിയ നീതി-ന്യായം
കണ്ണേ ഇല്ലാത്ത ന്യായാധിപന്‍
ഐസ്‌ക്രീമിന്റെ തണുപ്പ് ഇനിയുംമാറിയിട്ടില്ല
ജയിലില്‍ കിടക്കേണ്ടവന്‍
വാതാനുകൂല്‍' ശയനത്തില്‍
മാഷിന് വെളിവില്ല; തെളിവില്ല
നിര്‍മല്‍ മാധവന് സീറ്റ് വേണം
പരാശ്രയമില്ലാതെ സ്വാശ്രയമാകാന്‍
പ്രതിഷേധം, വിലക്ക്, മുദ്രാവാക്യം
വെടിപൊട്ടിച്ചത് നെഞ്ചത്തേക്ക്
ഒരു നെഞ്ചകവും ഏറ്റുവാങ്ങാത്ത
വെടിവഴിപാട്; ചെറിയ വെടി, വലിയ വെടി
ഇനിയും എത്രയോ വെടിയ്ക്കും വെടിപറച്ചിലിനും
ബാല്യമുണ്ട്: ആ പിള്ളയ്ക്കും ഈ പിള്ളയ്ക്കും!
ചുകക്കണം ചോര കറുത്ത താറിടങ്ങളില്‍
എറിയണം, ഉടയ്ക്കണം, ആളിപ്പടരണം
നാളെയ്ക്ക് ഇന്നിന്റെ പാരിതോഷികമായി.

No comments:

Post a Comment