Wednesday, December 28, 2011

വേപഥു

തുലാമാസ മഴ
മുക്കിയും മുരണ്ടും
കടന്നുപോയി
രാത്രിയുടെ ഏതോ
യാമത്തിലെ ഞെട്ടലില്‍
കേട്ട ഇടിമുഴക്കവും
ഞരങ്ങിക്കരച്ചിലും
പകല്‍ക്കിനാവിനെ
അലോസരപ്പെടുത്തി
ഏതോ അലസസമയത്ത്
വികൃതിക്കാറ്റിനൊപ്പം
കിതച്ചുപെയ്ത്
മഴക്കാലവും
കടുന്നുപോയി
പ്രകൃതിയുടെ ബാധ്യത
തീര്‍ത്ത കണക്കുപോലെ.
വൃശ്ചികകുളിര്
ഒരു രസിപ്പിക്കുന്ന
അലോസരംപോല്‍
ജനല്‍പാളിയിലുടെ
പാമ്പിനെപോലെ
തലകടത്തി നാവുനീട്ടിയും
അങ്ങുമിങ്ങും കണ്ണോടിച്ച്
അരിച്ചിറങ്ങും കോച്ചും തണുപ്പ്.
മരിച്ച ജഡത്തിന്റെ
ആറിയുണങ്ങിയ
ചുണ്ടുപോല്‍ വരണ്ട്
വിണ്ടുകീറിയ പകല്‍.

ജീവിതം പുതുമകളില്ലാത്ത
കളിക്കളംപോല്‍
ആവര്‍ത്തനവിരസങ്ങളായി
മൃതമായ വാക്കുകള്‍
വിളറിയ ശബ്ദം മാത്രം
ശവഘോഷയാത്രയുടെ
മൂകമായ പെരുമ്പറ മുഴക്കം
മാറിമറയാത്ത മാറ്റം
മാറ്റിമറിക്കണം മാറ്റത്തെ
ഒരിക്കലും മാറാത്ത സത്യത്തെ.
ശരിയുടെ വഴിയില്‍
തെറ്റുകളുടെ മുള്ളുകള്‍
ഇന്നലെ കത്തിയമര്‍ന്ന
ചിതയിലിന്നൊരു ചിത
വീണ്ടുമെരിയുന്നു, ആളിപ്പടരുന്നു
എരിയുന്ന കനലില്‍
പുകയുന്ന ചാരമായി
വീണ്ടുമൊരുക്കുന്ന ചിത
നാളെയുടെ വരവുകാത്ത്
കാലുകള്‍ നടന്നുതേയുന്നു
ഇനിയെത്ര ദൂരം
അറ്റമില്ലാത്ത യാത്രപോല്‍
ജീവന്റെ നിയോഗമായി
മുന്‍ജന്മത്തിന്റെ പാപഭാരമായി
കല്ലിലും മുള്ളിലും
കായലും കടലുംകടന്ന്
മരുഭുമിയുടെ ചൂടും ചൂരുമേറ്റ്
അറിവിന്റെ അനുഭവമായി
പരപൊരുളിന്റെ തിരുമൊഴിയായി
ഓരോ ശ്വാസത്തിലും
ഓരോ സ്പന്ദനത്തിലും
ഓരോ കാലടിയിലും
അനുഭൂതിയുടെ പരമാനന്ദം.
സത്യത്തിന്റെ വഴി
ഇരുണ്ടും അടഞ്ഞും
അന്ധകാരം നിറഞ്ഞ
ഗുഹാന്തര്‍ഭാഗം പോലെ
ഈര്‍പ്പം മണക്കുന്ന
പച്ചയുടെ തണുപ്പ്
അദൃശ്യമായി അറിയാതെ
കാണാത്ത അനുഭവമായി
കാഴ്ചയും അറിവും
അനുഭവവും വിഭിന്നങ്ങളായി.
എരിയുന്ന കനലുപോലെ
അലറുന്ന കടലുപോലെ
ഇരമ്പുന്ന കൊടുങ്കാറ്റുപോലെ
ഉലയില്‍ ഉയിര്‍ക്കും
പ്രതിമപോലെ പുതിയ രൂപത്തില്‍
ഞാനും നീയും ഒരുപോലെ
മാറിയും മാറ്റിയും
രൂപം വിരുപമായി
പിന്നെ അരുപത്തിലേക്ക്.
ജ്വലിക്കുന്ന സൂര്യന്‍
കത്തിയെരിയും വീണ്ടും
മാറ്റമില്ലാതെ സ്ഥിതനായി
അനന്തകാലത്തില്‍
അനശ്വരമായി
ഭൂതകാലത്തിന്റെ
കുപ്പത്തൊട്ടിയില്‍
നഷ്ടങ്ങളും കഷ്ടങ്ങളും
കൂമ്പാരമായി.
ആടിയുലയുന്ന
ഇന്നുകള്‍
ആധിപിടിച്ച നാളെയും
ചത്തുമലര്‍ന്ന മീനിന്റെ
തുറന്ന കണ്ണുകള്‍
കഴുത്തറുത്ത പോത്തിന്റെ
ചോരയൊലിക്കുന്ന നാക്കുമായി
കൊമ്പുകോര്‍ക്കുന്ന
കബന്ധങ്ങള്‍
തലപോയ പാമ്പിന്റെ
ഉറുമ്പരിക്കുന്ന ഉടല്‍
ചിറകറുത്ത പക്ഷിയുടെ
പിടയുന്ന ഹൃദയതുടിപ്പുകള്‍
കൃഷ്ണമണി നഷ്ടപ്പെട്ട
ഇരുണ്ട ചെറുദ്വാരങ്ങള്‍
ചുടലപോലെ ഭൂമി
ദുരിതങ്ങളായി
പ്രേതങ്ങള്‍ പുനര്‍ജനിക്കുന്നു
കാലം പിന്നെയം കടന്നുപോകുന്നു
ഒന്നും ബാക്കിയാക്കാതെ
ആദിവികാരവും
ആര്‍ജിതമായ അറിവും
ബുദ്ധിയുടെ ചൂളയില്‍
വാര്‍ത്തെടുത്ത്
പാദാദികേശം വരെ
ദിവ്യപ്രകാശമായി.
കാലുകള്‍ക്ക് മേലെ
പടുത്തുയര്‍ത്തിയ
ജീവിതം
കാലുകളുടെ ഇടര്‍ച്ചയില്‍
ജീവിതം പതര്‍ച്ചയായി
കണ്ണും ചെവിയും ബുദ്ധിയും
കാലിനുമുമ്പെ തീര്‍ത്ത കാലാല്‍പട
ഒരു നിഴലിന്റെ വെളിച്ചമായി
വര്‍ത്തമാനത്തിലൂടെ
ഭൂതത്തെ പിന്‍മറിച്ച്
ഭാവിയുടെ അദൃശ്യതയിലേക്ക്.
എത്രയെത്ര കാല്‍പ്പാടുകല്‍
തേഞ്ഞ കല്‍പ്പടവുപോലെ
നിശ്ശബ്ദമായ കാലൊച്ചകള്‍
താളമായി, ജീവന്റെ ഈണമായി
ഓര്‍മ്മയുടെ സ്പന്ദനംപോല്‍
ഭൂതകാലത്തില്‍ തിളങ്ങുന്ന
വെള്ളിമണിയുടെ മുഴക്കമായി
ആത്മാവിന്റെ ആഴങ്ങളില്‍
ആഴിയുടെ നിശ്ശബ്ദതപോലെ
മരണമില്ലാത്ത ഓര്‍മകള്‍
സ്മൃതിയായി വീണ്ടും ജനിക്കും
മറവി മറ്റൊരു മരണമായി
വിസ്മൃതിയുടെ രൂപത്തില്‍
മനസ്സിനെ വെള്ളപുതപ്പിക്കും.


No comments:

Post a Comment