Wednesday, December 28, 2011

മനുഷ്യജന്മം

ബ്രഹ്മം മാത്രമാണ് സത്യം. ബ്രഹ്മത്തിന് ഒരു വശം മാത്രമാണ്.
അതിന് നാശമോ മാറ്റമോ ഇല്ല. ആത്മാവിന്റെ രണ്ടുവശങ്ങളാണ്
മനസ്സും ശരീരവും. ആത്മാവ് ഊര്‍ജമാണ്. ഊര്‍ജത്തിന് വശങ്ങളില്ല.
വശങ്ങളൊക്കെ നശിക്കുന്നതാണ്. ചിന്തയ്ക്ക് രണ്ടുവശങ്ങളാണ് തെറ്റും
ശരിയും. അല്ലെങ്കില്‍ നല്ലതും ചീത്തയും. പ്രവൃത്തിയും അങ്ങനെ തന്നെ.
ജ്ഞാനം ഏകമുഖമാണ്. അതിന് വശങ്ങളില്ല. ശരിയായ ജ്ഞാനമാണ്
സത്യം. ഏകമുഖമായ സത്യം ബ്രഹ്മജ്ഞാനമാണ്.

ഭൂതകാലം മരണമാണ്. വര്‍ത്തമാനം ജീവിതമാണ്. ഭാവികാലം പുനര്‍ജ്ജന്മമാണ്.
ഇന്നലെത്തെ ജീവിതം മരിച്ചതാണ്. ഇന്നത്തെ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടതും
നാളെ പുനര്‍ജ്ജന്മവുമാണ്. മരണത്തെ മറവിയാക്കണം. മറവി സാന്ത്വനമാണ്.
ഓര്‍മ പുനര്‍ജനിയാണ്. അത് വേദനയാണ്. വര്‍ത്തമാനം മരണത്തിനും പുനര്‍ജന്മത്തിനു
മിടയിലുള്ള കാലമാണ്. അത് നിസ്സംഗമായിരിക്കണം. അനസ്യൂതമായ കര്‍മകാണ്ഡം.
ഭൗതീക സംതൃപ്തി കര്‍മത്തിലും ആത്മീയ സംതൃപ്തി ജ്ഞാനത്തിലൂടെയുമാണ്.
ജീവിതം ഭൗതീകവും മരണം ആത്മീയവുമാണ്. ജീവിതത്തിന് ഇവ രണ്ടും ആവശ്യമാണ്.

മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയില്‍ കാണുന്ന അനേക കോടി ജീവജാലങ്ങളെ
പോലെ മനുഷ്യനും അവയില്‍ ഒന്നുമാത്രം. മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ട്. മറ്റുള്ള ജീവികള്‍
ചിന്തിക്കാനുള്ള കഴിവില്ല. അതിനുപകരമായി അവ കാണുന്നതിലും സ്പര്‍ശനത്തിലും
ഘ്രാണശക്തിയിലും തിരിച്ചറിയപ്പെടുന്നു. മുമ്പ് അനുഭവിച്ചതിന്റെ പാഠമാത്രമാണ് അവയ്ക്ക്
തുണയായിട്ടുള്ളത്. മനുഷ്യന്‍ വരാന്‍ പോകുന്ന സാധ്യതകളെ മുമ്പ് അനുഭവമാക്കിയ
അറിവുകളുമായി കൂട്ടിവായിക്കുന്നു. ചിന്താശക്തിയാണ് ഈ പ്രക്രിയയില്‍ മനുഷ്യനെ സഹായിക്കുന്നത്.

ബാഹ്യപ്രകൃതിയില്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ പോലെ തന്നെയാണ്.
അവനും ഭക്ഷണകഴിക്കുന്നതുമുതല്‍ ഇണചേരല്‍ വരെയുള്ള പ്രകൃതിപരമായ
കര്‍മങ്ങള്‍ ഭംഗിയായി പാലിച്ചുപോരുന്നുണ്ട്. ശാരീരികമായുള്ള അംഗവിക്ഷേപങ്ങളിലും
ഭാവഹാവാദികളിലും മറ്റു ജീവിജാലങ്ങളില്‍ നിന്നും മനുഷ്യന് യാതൊരു വ്യത്യാസവുമില്ല.
പാരിസ്ഥിതികമായുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനുഷ്യനെയും മറ്റു ജീവികളെ പോലെ ബാധിക്കുന്നു.
കാലാവസ്ഥ, പ്രകൃതി ക്ഷോഭങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയ ശാരീരികമായി ബാധിക്കുന്ന
എല്ലാ പ്രതിഭാസത്തിലും മനുഷ്യനും പങ്കാളിയും അശക്തനുമാണ്. ജീവിച്ചിരിക്കുമ്പോള്‍
തന്നെ കീഴടങ്ങാനുള്ള സന്നദ്ധതയും ഒരു മുന്‍കൂര്‍ ജാമ്യമായി എല്ലാ ജീവികളും കാണിക്കുന്നു.

എന്നാല്‍ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്നും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നുമുണ്ട്.
മനുഷ്യനിലുള്ള അപാരമായ ബുദ്ധിശക്തിയാണ് മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും
ഇത്രയധികം വേറിട്ട് നിര്‍ത്തുന്നത്. ഈ ലോകം സൃഷ്ടിച്ചതുപോലെയുള്ള അത്ഭുതം തന്നെയാണ് മനുഷ്യപ്രകൃതിയിലും കാണാന്‍ സാധിക്കുന്നത്. ബാഹ്യവും ആന്തരികവുമായ സങ്കീര്‍ണതകളാല്‍ കൂടിപിരിഞ്ഞുകിടക്കുന്നതാണ് മനുഷ്യന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രകൃതിയിലെ എല്ലാ ജീവിജാലങ്ങളുടെയും ആകെ തുകയാണ് മനുഷ്യജന്മം.

മനുഷ്യന്‍ ചില അവസരങ്ങളില്‍ മൃഗങ്ങളെപ്പോലെ അധ:പതിക്കുന്നു. ചിന്താശക്തിയുടെ അഭാവമാണ് ഇതിന് കാരണം. ചിന്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ മനുഷ്യനാകുന്നത്. ചിന്തിക്കാത്തവന്‍ മൃഗതുല്യനാണ്. ചിന്തയില്ലെങ്കില്‍ ഭാവനയില്ല. ഭാവനയില്ലെങ്കില്‍ സ്‌നേഹവും സഹിഷ്ണുതയും നഷ്ടമാകും. സ്‌നേഹവും സഹിഷ്ണുതയും ജന്മനാ ഉള്ള വികാരമാണ്. ഒരു സൃഷ്ടിയുണ്ടാകുമ്പോല്‍സൃഷ്ടിച്ചതിനോട് സൃഷ്ടിക്കപ്പെട്ടതിന് അനുഭാവമുണ്ടാകും. കുഞ്ഞിന് അമ്മയോടുള്ള വികാരം.പ്രകൃതിയിലെ എല്ലാ ജീവികളിലും ഈ വികാരം കാണപ്പെടും. എന്നാല്‍ നിലനില്‍പ്പിന്റെ സമ്മര്‍ദ്ദത്തില്‍ ഈ വികാരം മറ്റുള്ള ജീവികളില്‍ നിന്ന് അന്യം നിന്ന് പോകുകയും അവയക്ക് യാതൊന്നിനോടും കടപ്പാടില്ലാത്താവുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യനിലുള്ള ചിന്താശക്തി ഈ വികാരത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. നന്മയിലേക്കുള്ള ചിന്ത മനുഷ്യനെ പൂര്‍ണനായ മനുഷ്യനാക്കുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അല്ലെങ്കില്‍ ദൈവത്തിലേക്ക് ഉയരുകയാണ് വേണ്ടത്.


No comments:

Post a Comment