Wednesday, December 28, 2011

പനിനീര്‍ പുഷ്പമായി അവള്‍

അവളുടെ കണ്ണുകളില്‍ ആകാശനീലിമ
അതിന്റെ ആഴങ്ങളില്‍ പരല്‍ മീനുകള്‍ നൃത്തം വച്ചു.

അതിനിടയിലൂടെ ഊളിയിട്ട് ഞാന്‍ നീന്തി.
അതിന് മറയായി അവള്‍ കണ്ണുകള്‍ പാതിയടയ്ക്കുകയും
പിന്നെ മെല്ലെ തുറക്കുകയും ചെയ്തു.

അവളുടെ ചെവിക്കരികില്‍, രോമരാചിയെ മുട്ടിയുരുമി,
ഞാന്‍ മനസില്ലാമനസ്സോടെ ഇങ്ങനെ മൊഴിഞ്ഞു:

എനിക്ക് നിന്നെ വിട്ടുപോകാന്‍ സമയമായി.

അവള്‍ അത്ഭുതത്തോടെ പെട്ടെന്ന് കണ്‍പോളകള്‍ തുറന്ന്
എന്നെ തുറിച്ചു നോക്കി. എന്നിട്ട് എന്നെ ബലമായി അവളുടെ
അരികിലേക്ക് പിടിച്ചമര്‍ത്തി.

ഞാന്‍ അവളോട് ഒരു കടങ്കഥപോലെയൊരു കാര്യം ചോദിച്ചു:

ഒരു തോട്ടം നിറയെ വിവിധ നിറത്തിലുള്ള പനിനീര്‍പ്പൂക്കള്‍
ചുകപ്പ്, പിങ്ക്, വെള്ള, മഞ്ഞ അങ്ങനെ പലനിറങ്ങളിള്‍
നീ ഏത് നിറമുള്ള പൂവിനെ തെരഞ്ഞെടുക്കും?
എത്രയെണ്ണത്തെ സ്വന്തമാക്കും?

അവള്‍ ഒരു നിമിഷം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു:

എനിക്ക് ആ തോട്ടത്തിലെ മുഴുവന്‍ പനിനീര്‍പ്പുക്കളെയും വേണം.
എന്റെ സ്വന്തമായി.

അതിന് മറുപടിയെന്നോണം ഞാന്‍ പറഞ്ഞു:

ആ തോട്ടത്തില്‍ കാണുന്ന പനിനീര്‍ പൂക്കളില്‍ ഒന്ന് മാത്രമാണ് നീ.
നിന്നെ പോലെ മനോഹരമായി എത്ര പൂഷ്പങ്ങളാണ്
ഈ ലോകമാകുന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞ് പരിമളം പരത്തുന്നത്.
അതില്‍ നിന്ന് നിന്നെ മാത്രം ഞാന്‍ എങ്ങനെ സ്വന്തമാക്കും?

അവളുടെ വാടിക്കൊഴിഞ്ഞ പനിനീര്‍ദളംപോലെ കൂമ്പിയടഞ്ഞ കണ്ണുകളില്‍ നിന്ന്്
മഞ്ഞുതുള്ളിയായി കണ്ണുനീര്‍ പൊടിഞ്ഞൊഴുകി.

അവളുടെ നറുതേനൂറുന്ന ചുണ്ടുകളില്‍ മുത്തി ഞാന്‍ അവളില്‍ നിന്ന് പാറിയകന്നു.

അപ്പോള്‍ മറ്റൊരു ചെടിയില്‍ വിടര്‍ന്ന കണ്ണുമായി എന്നെ മാടിവിളിക്കുന്നു
ഒരു ചുകന്ന പനിനീര്‍പ്പൂവ് !

എന്റെ കണ്ണുകള്‍ ആ ചുകപ്പില്‍ നിറഞ്ഞ് അന്ധമായി.........


No comments:

Post a Comment