Wednesday, December 28, 2011

വര്‍ഷങ്ങള്‍ പോയ്മറഞ്ഞാല്‍

വര്‍ഷങ്ങള്‍ പോയ്മറഞ്ഞാല്‍ നമ്മള്‍ എവിടെയാകും? മരണം വേദനയാണോ? സുഖകരമാണോ? കാലം ഒഴുകികൊണ്ടിരിക്കുന്നു. ആ ഒഴുക്കില്‍പ്പെടാതെ ജീവിതത്തിന്റെ ഏതോ ഒരു കോണില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നവര്‍. അവസാനം കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിവിട്ട് അപ്രത്യക്ഷരാവാന്‍ വിധിക്കപ്പെട്ടവര്‍. അതിനുശേഷവും കാലപ്രവാഹം നടന്നുകൊണ്ടിരിക്കും. നമ്മളില്ലാത്ത മറ്റൊരുകാലം. നമ്മുക്ക് മുമ്പുള്ള ഒരു കാലം പോലെ. കാലം ആരെയും കാത്തിരിക്കുന്നില്ല. എല്ലാവരും കാലത്തിനൊപ്പം ഓടുകയാണ്. ഒടുവില്‍ ഓടിത്തളര്‍ന്ന് തകര്‍ന്നു വീഴുകയാണ്. ആരും കാലത്തെ അതിജീവിക്കുന്നില്ല. എല്ലാവരെയും കാലം പരാജയപ്പെടുത്തുകയാണ്. ഇതിനിടയില്‍ ആരുടെയൊക്കെയോ വിജയാഘോഷങ്ങള്‍ കേള്‍ക്കും. അവസാനം പരാജിതരുടെ കൂട്ടത്തില്‍ വിജയിച്ചവരും ഒത്ത സ്ഥാനം കണ്ടെത്തിയിരിക്കും. ഇരിപ്പിടം ലഭിക്കാതെ ആരും മടങ്ങില്ല!

ഓണം

ഓണത്തിന് നിനക്ക് ആശംസകള്‍ അയക്കാന്‍ മറന്നുപോയല്ലോ. അതുമാത്രമാണോ മറന്നത്. ഒരുവേള ഓണത്തെ തന്നെ മറക്കുകയായിരുന്നില്ലേ! ഓണം എന്നെ മറന്നതാണോ അതോ ഞാന്‍ ഓണത്തെ മറന്നതോ? സന്തോഷകരമായ അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ. ഓണം ആനന്ദം പകരുന്ന ഒരാഘോഷമല്ലേ. പിന്നെ എന്താണ് സംഭവിച്ചത്. ചിലപ്പോള്‍ ഞാന്‍ എന്നെ തന്നെ ഓര്‍ത്തിട്ടുണ്ടാവില്ല. അവരവരെ മറന്നാല്‍ മറ്റെന്താണ് ഓര്‍മ്മയുണ്ടാവുക! കാലത്തിന്റെ എരിയുന്ന തീചൂളയില്‍ ചുട്ടുപഴുത്തുവെന്തുരുങ്ങുന്ന ഞാന്‍ എല്ലാം മറന്നു. കാലത്തിന്റെ കറുത്തമുഖം മാത്രം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. എന്നോട് ക്ഷമിക്കുക. മറവിയെ ശപിക്കാം. മറവികളെ മറന്ന് ഓര്‍മകളെ ഓമനിക്കാം.

ചിരി

ഒരാളുടെ സന്തോഷം മറ്റുള്ളവരിലേക്ക് പകരാന്‍ കഴിയുമോ? എല്ലാവരും ചിരിക്കുന്നു. എന്നാല്‍ ഒരാളുടെ ചിരിയില്‍ മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ സാധിക്കുമോ? സ്വന്തം സന്തോഷത്തില്‍ നിന്നുമാത്രമല്ലേ ചിരി ഉണ്ടാവുകയുള്ളൂ. മുഖത്തെ പുഞ്ചിരി ഇല്ലാതായാല്‍ പിന്നെ അസ്തമയമല്ലേ ബാക്കിയുണ്ടാവുക. എവിടെയാണ് സന്തോഷവും സുഖവും ആനന്ദവും ജനിക്കുന്നത്.

ദു:ഖം ഉറവപോലെ എല്ലാവരിലേക്കും അരിച്ചിറങ്ങുകയാണ്. മനസ്സില്‍ നിറഞ്ഞുകവിയുന്ന ദു:ഖം പൊള്ളുന്ന കണ്ണീരായി ഭൂമിയുടെ മാറിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. ദു:ഖക്കടല്‍ കണ്ണീര്‍ത്തിരമാലകള്‍ തീര്‍ത്ത് മനസ്സിന്റെ തീരങ്ങളില്‍ ആഞ്ഞടിക്കുന്നു. പ്രപഞ്ചദു:ഖം ഭൂമിയുടെ ദു:ഖമായി, മനുഷ്യദു:ഖമായി മാറുകയാണ്. മറ്റുള്ളവരുടെ ദു:ഖംപോലും നമ്മുടെ ദു:ഖമാകുന്നു. ആരെങ്കിലും ദു:ഖത്തിന് അതീതരാണോ? എല്ലാ ദു:ഖവും ഏറ്റുവാങ്ങുവാന്‍ ആരെങ്കിലും ഉണ്ടോ? ആശ്വസിപ്പിക്കാന്‍, സാന്ത്വനമേകാന്‍, ആശ്രയത്തിന്റെ പരിരക്ഷണമേകാന്‍, പരിഭവമോ പരാതിയോ ഇല്ലാത്ത, സര്‍വ്വംസഹയായ, മധുരം പൊഴിക്കുന്ന പുഞ്ചിരിമാത്രമായി!

No comments:

Post a Comment