Wednesday, December 28, 2011

അനുഭവസാഫല്യം


ബാഹ്യമായ സൗന്ദര്യത്തില്‍ ഒരിക്കലും തൃപ്തി വരികയില്ല. കണ്ണിന് താല്‍ക്കാലികമായ
ഒരു സുഖം പകരുമെന്നെല്ലാതെ. യഥാര്‍ത്ഥമായ സൗന്ദര്യാനുഭവം ലഭിക്കുന്നത് ആന്തരികമായ
ഉള്‍പ്രേരണയാല്‍ പ്രകൃതി കനിഞ്ഞുനല്‍കിയ പരസ്പരമുള്ള ആകര്‍ഷണതയിലും അതില്‍ നിന്നും
ഉളവാകുന്ന അവര്‍ണ്ണനീയവും അവാച്യവുമായ പാരസ്പര്യത്തില്‍ നിന്നും ഉടലെടുക്കുന്ന വൈകാരികവും
ശാരീരികവുമായ ബന്ധത്തിലൂടെയാണ്. ജീവികളെ അതിന്റെ ആയുസ്സത്രയും ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ വികാരാവേശത്താലാണ്. മരുഭൂമിപോലെ നിര്‍വികാരമായ മനസ്സുള്ളവര്‍ക്ക്
ഒരിക്കലും ഈ വികാരപ്രപഞ്ചത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അറിഞ്ഞും അറിയാതെയും അറിവാകുന്ന ഒരിക്കളും മതി വരാത്ത അനുഭവസാഫല്യം.
ലൈംഗീകമായ തൃഷ്ണ അതാണ് ഓരോ ജീവിയുടെയും അന്ത:സാരം. എല്ലാ ഭാവനയും കലയും നടനവും അവസാനിക്കുന്നതും തുടങ്ങുന്നതും ഈ അസുലഭസുന്ദരസുരഭില സമ്മോഹനത്തിലാണ്. അതുകൊണ്ടുതന്നെ ഒരിക്കലും അവസാനിക്കരുതേ എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കും. അവസാനം ആ പ്രാര്‍ത്ഥനയില്‍ സ്വയം ഒടുങ്ങിയില്ലാതാകും. ഇതിനിടയിലുള്ള ബലാബലപരീക്ഷണമാണ് ജീവിതം.
മനുഷ്യന്‍ ചിലസമയങ്ങളില്‍ സ്വയം അധ:പതിക്കും. അധ:പതനം വീഴ്ചയാണ്. എന്നാല്‍ ഈ വീഴ്ചയേയും ചിലര്‍ വേദനയുള്ള സുഖമായി മാറ്റും. സ്വയം പീഡിപ്പിക്കുക, അതില്‍ ആനന്ദം കണ്ടെത്തുക. ഉയരുന്നതിനേക്കാള്‍ എളുപ്പമാണ് താഴാന്‍. ഉയര്‍ച്ച കഠിനവും, താഴ്ച ലളിതവും. എളുപ്പമായ ലളിതമാര്‍ഗം കണ്ടെത്തുക. സുഖം ഉയര്‍ച്ചയിലും താഴ്ചയിലും ഉണ്ട്. സത്യം പൂര്‍ണതയിലും അപൂര്‍ണതയിലും ഒളിഞ്ഞിരിക്കുന്നതുപോലെ. ഉയര്‍ച്ചയിലുണ്ടാകുന്ന സുഖം പരിവര്‍ത്തനത്തിന്റേതും പുരോഗതിയുടെയുമാണ്.
നല്ല ചിന്തയും ചീത്ത വിചാരവുമുണ്ട്. രണ്ടില്‍ നിന്നും രണ്ടുതരത്തിലുള്ള അല്ലെങ്കില്‍ ഒരേ സുഖമാണ് ലഭിക്കുന്നത്. ശാരീരികമായും മാനസീകമായും സംതൃപ്തി ലഭിക്കുന്നു. രുചിയുള്ള ഭക്ഷണത്തിലൂടെ ശാരീരികവും, അപാരമായ ജ്ഞാനത്തിന്റെ ആര്‍ജനത്തിലൂടെ മാനസീകമായും സംതൃപ്തി ലഭിക്കും.
മൃഗങ്ങള്‍ ശാരീരികമായ സംതൃപ്തിയിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും ശാരീരികമായുള്ള സംതൃപ്തിയില്‍ പൂര്‍ണമായും തൃപ്തനാകുന്നില്ല. മാനസീകവും ആത്മീയവുമായ സംതൃപ്തിയിലൂടെയാണ് മനുഷ്യന്‍ അനുഭൂതിയുടെ പൂര്‍ണ്ണത അനുഭവിക്കുന്നത്.
ചിന്തിക്കുന്നത് മനസ്സിനെയും ദഹിക്കുന്നത് ശരീരത്തെയും പോഷിപ്പിക്കും. ആശയം ചിന്തയായും, ആഹാരം ദഹനമായും മാറുന്നു. രണ്ടും സുഖമുള്ള അനുഭവമാണ്.
എത്ര പറഞ്ഞാലാണ് വാക്കുകള്‍ അവസാനിക്കുക. വാക്കുകള്‍ വായയില്‍ ജനിച്ചുകൊണ്ടിരിക്കുന്നു. വാക്കുകള്‍ തിരമാലകള്‍ പോലെ ഈ സംസാരസാഗരത്തില്‍ അലയടിച്ചുയരുകയാണ്. ജീവന്റെ സ്പന്ദനം ഓരോ ശ്വാസത്തിലും വാക്കുകളുടെ ശബ്ദഘോഷം തീര്‍ക്കുന്നു.
വിരിഞ്ഞപുഷ്പത്തിന്റെ നറുമണം പരത്തുന്ന നിഷ്‌ക്കളങ്കത. പൂര്‍ണ്ണചന്ദ്രന്റെ സ്വച്ഛശീതളമായ നിലാവിന്റെ പുഞ്ചിരി. കളകളം പൊഴിക്കുന്ന അരുവിയുടെ താരാട്ട് പാട്ട്. ജീവിതത്തിന്റെ ഓരോ തുണ്ടിലും തുരുത്തിലും നിഷ്‌ക്കളങ്കതയാണ്. ഒരു കുഞ്ഞിന്റെ ജനനം പോലെ മനോഹരവും നിഷ്‌ക്കളങ്കവുമായിട്ടുള്ളത് മറ്റെന്താണ്. ജീവിതത്തിലെ നിഷ്‌ക്കളങ്കതയാണ് രാത്രിയിലെ നിശ്ശബ്ദതയില്‍ മധുരമുള്ള സ്വപ്‌നങ്ങളായി ചിറകുവിടര്‍ത്തുന്നത്.
എല്ലാവരും എല്ലാ ജീവികളും നിഷ്‌ക്കളങ്കരാണ്. ഓരോ ജീവിയും അവരറിയാതെ സൃഷ്ടിക്കപ്പെടുകയാണ്. പ്രകൃതിയുടെ വരദാനപോലെ. പ്രകൃതി നിഷ്‌ക്കളങ്കമാണ്. ആ നിഷ്‌ക്കളങ്കതയില്‍ നിന്നും അനേകായിരം നവസൃഷ്ടികള്‍ പിറവിയെടുക്കുന്നു. അതില്‍ ഒരാളാണ് ഞാനും നീയും.

No comments:

Post a Comment