Wednesday, December 28, 2011

ആവര്‍ത്തനം

മനുഷ്യജന്മങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ, യുഗങ്ങള്‍ക്ക് മുമ്പേ. പുതുമയില്ലാത്ത വിരസമായ ആവര്‍ത്തനം. പുതിയ കണ്ണുകള്‍ക്ക് ഈ കാഴ്ചകള്‍ പുതുമയുളവാക്കും. എന്നാല്‍ പ്രവഞ്ചം, സൃഷ്ടി, കാഴ്ച ഇവ കണ്ണിനെ അന്ധമാക്കും. ജീവിതത്തെ വിരസമാക്കും.

ഇവിടെ കഥയും കവിതയും കാലത്തിനുമുമ്പേ പിറവികൊണ്ടതാകുന്നു. നമ്മള്‍ ഞാനും നീയും പിന്നെ മറ്റുള്ളവരും, ഈ കാണുന്ന എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമായി, ആദ്യമായി മധ്യമായി, അവസാനമായി. ഒടുവില്‍ പ്രകൃതിയായി. പ്രകൃതിയുടെ ജീവനായി കാലത്തിലൂടെ അനന്തപ്രവാഹമായി ഒഴുകിയകലുന്നു.

മനുഷ്യന്‍ മാത്രമേ മാറുന്നുള്ളു. പ്രകൃതിക്ക് ഒരിക്കലും മാറ്റമില്ല. അണുവില്‍ നിന്നുള്ള ആരംഭത്തിന്റെ തുടര്‍ച്ചയാണ് മനുഷ്യന്‍. പ്രകൃതിയ്ക്ക് ആരംഭമില്ല. എല്ലാ ആരംഭവും അവസാനവും പ്രകൃതിയ്ക്കുള്ളില്‍ ഉദിച്ചസ്തമിക്കുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പ്രകൃതിയുടെ സൗന്ദര്യം, ഭാവന, സ്‌നേഹം ഇവ മനുഷ്യമനസ്സായി രൂപാന്തരപ്പെട്ടു. അങ്ങനെ മനസ്സുള്ള ജീവിയായി മനുഷ്യനായി. പ്രകൃതിയുടെ അരുമയായി, അജയനായി.

മനുഷ്യമനസ്സ് ചിലപ്പോള്‍ സൂര്യനെപ്പോലെ തപിക്കുകയും അതിനുള്ള കനലുകള്‍ കെടാതെ എരിഞ്ഞുകൊണ്ടിരുന്നു. ചിലപ്പോള്‍ തീജ്വാലയായി ആയിരം നാവുകള്‍ നീട്ടി. ഭാവനയാണ്, സങ്കല്പമാണ് മനസ്സില്‍ എരിയുന്ന തീയെ തണുപ്പിക്കുന്നത്. സ്‌നേഹമാണ് ഈ കുളിരിന്റെ ഉറവിടം. സ്‌നേഹം പ്രകൃതിയുടെ ആത്മാവാണ്. അത് എല്ലാ ജീവികളിലും ആദ്യവികാരമായി. മനുഷ്യന്‍ സ്‌നേഹത്തില്‍ ഭാവനയുടെ മധുരം നിറച്ച് പുതിയ ഒരു ലോകം സൃഷ്ടിച്ചു. പ്രകൃതി സൃഷ്ടിച്ച മനുഷ്യന്റെ മറ്റൊരു സൃഷ്ടിയായി അത് അനന്തകാലത്തിനൊപ്പം കഥയായി കവിതയായി നവരസങ്ങളില്‍.

എല്ലാ ജീവികളും പരസ്പരം സനേഹിക്കുന്നു. അത് ആനന്ദത്തിലധിഷ്ഠിതമാണ്. സ്‌നേഹത്തില്‍ നിന്നാണ് ആനന്ദമുണ്ടാകുന്നത്. ആനന്ദം അനുഭൂതിയായി മാറുന്നു. നമ്മള്‍ സന്തോഷം അനുഭവിക്കുമ്പോള്‍ പുഞ്ചിരിക്കുന്നു. പുഷ്പങ്ങള്‍ വിടരുന്നതുപോലെ, സുഗന്ധം പരക്കുന്നതുപോലെ. ജീവിതം തരളിതമാവുന്നത് സ്‌നേഹത്തിന്റെ ഈ അസുലഭനിമിഷത്തിലാകുന്നു. ജീവന്‍ എന്നാല്‍ സ്‌നേഹത്തിന്റെ അമൃത ബിന്ദുവാണ്. അത് അമൂല്യമാണ്. സുന്ദരമാണ്.

സൗന്ദര്യം നല്ലതും ചീത്തയും ചേര്‍ന്നതാണ്. ശരിയും തെറ്റും ഇഴചേര്‍ന്നതാണ്. പ്രകൃതി സൗന്ദര്യം ജനിപ്പിക്കുന്നത് വൈരുപ്യത്തില്‍ നിന്നാണ്. വൈരൂപ്യമുണ്ടെങ്കിലേ സൗന്ദര്യമുള്ളൂ. ചെളിയില്‍ പൂണ്ടുകിടക്കുന്ന ആമ്പലിലാണ് താമര വിരിയുന്നത്. മുള്ളുകള്‍ക്കിടയില്‍ നറുമണം വിതറി പനിനീര്‍പുഷ്പം. അന്ധകാരം നിറഞ്ഞ ഉറക്കത്തില്‍ സ്വപ്‌നം സുന്ദരസ്വപ്‌നങ്ങള്‍ കാണുന്നു. കയ്പുള്ള വായില്‍ മാത്രമേ മധുരത്തിന്റെ രുചി അനുഭവവേദ്യമാകുകയുള്ളൂ.

ഞാനും നീയും സൗന്ദര്യമാണ്, വൈരുപ്യമാണ്. പ്രകൃതിയുടെ ഭാഗമാണ്. പരബ്രഹ്മത്തിന്റെ അംശമായ ജീവാത്മാവാണ്. കൂട്ടിയാലും കുറച്ചാലും നഷ്ടമുണ്ടാകാത്ത അവസ്ഥ. അതാണ് ജീവന്‍. ഉണരുകയും ഉണ്ണുകയും ചിന്തിക്കുകയും സംസാരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. തുടങ്ങിയിടത്തുതന്നെ വീണ്ടും അവസാനിക്കുന്നു. ജനനം മുതല്‍ മരണം വരെ. പ്രകൃതി പൂര്‍ണ്ണമായ ഒരവസ്ഥയാണ്. അതിന്റെ സൃഷ്ടി അപൂര്‍ണ്ണവും. രണ്ട് അപൂര്‍ണ്ണാവസ്ഥകള്‍ ചേര്‍ന്ന് പൂര്‍ണ്ണാവസ്ഥയുണ്ടാകുന്നു. പൂര്‍ണ്ണത അപൂര്‍ണ്ണമാകുമ്പോള്‍ വീണ്ടും കൂടിച്ചേര്‍ന്ന് പൂര്‍ണ്ണാവസ്ഥയില്‍ എത്തുന്നു. നിത്യപൂര്‍ണ്ണമായ ഈ അഖിലാണ്ഡബ്രഹ്മത്തില്‍ സൃഷ്ടിക്കപ്പെടുന്നതൊക്കെ അപൂര്‍ണ്ണമാണ്. പൂര്‍ണ്ണതയില്‍ മറ്റൊരു സൃഷ്ടി ഉണ്ടാകുന്നില്ല. തേച്ചും മായ്ച്ചും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തികൊണ്ടിരിക്കുന്നു.

No comments:

Post a Comment