Wednesday, December 28, 2011

പരിക്രമണം

നിഷ്‌ക്കളങ്കമായ മനസ്സുള്ള ഒരു ചെറിയ കുഞ്ഞില്‍ നിന്ന്
അതേ നിഷ്‌ക്കളങ്കത്വമുള്ള ഏറ്റവും പ്രായം ചെന്ന മനുഷ്യനിലേക്ക്
എത്ര ദൂരമുണ്ട്? രണ്ടും യാഥാര്‍ത്ഥ്യന്റെ രണ്ടറ്റങ്ങളാണ്.
എല്ലാവരും ആഗ്രഹിക്കുക ആ കുഞ്ഞിലേക്ക് മടങ്ങിപ്പോകാനും,
ആ കുഞ്ഞായിത്തീരാനുമായിരിക്കും. ചെറിയ മക്കള്‍ക്ക് അവരുടെ
ശരീരം പോലെത്തന്നെ മനസ്സിനും ഭാരമുണ്ടാവുകയില്ല.
പ്രായം ചെന്നവര്‍ക്ക് ശരീരത്തിന് ഭാരക്കുറവുണ്ടെങ്കിലും
അവരുടെ മനസ്സില്‍ താങ്ങാന്‍ വയ്യാതത്ര ഭാരമുണ്ടായിരിക്കും!
അതുകൊണ്ട് ആ ചുമട് വഹിക്കാന്‍ ആരും മുതിരില്ല.
എല്ലാവര്‍ക്കും സ്വതന്ത്രരാകണം.

യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരു പറവയെപ്പോലെ പറന്നകലാന്‍
എന്തുരസമാണ്. ജീവിതത്തില്‍ മുള്ളുകള്‍ ഏല്‍ക്കാതെ
പൂവുകള്‍ പിഴുതെടുക്കണം. ഭാവനാത്മകമായ ഒരു ലോകത്തില്‍
ജീവിക്കുക. എന്നിട്ട് ഒരു സ്വപ്‌നാടകനായി അതിരുകളില്ലാത്ത
ഈ ലോകത്ത് എല്ലാ അതിരുകളെയും മറികടന്ന് ഓടിനടക്കുക;
പാറിപ്പറക്കുക. അപൂര്‍ണ്ണമായ തോന്നന്നലുകളാണ് സ്വപ്‌നമായി
പരിണമിക്കുന്നത്. സ്വപ്‌നത്തില്‍ സുഖകരമായ സ്ഖലനമാണ്
സംഭവിക്കുക. ആ സുഖം അധികനേരം നീട്ടുനില്‍ക്കുകയില്ല.
സത്യത്തില്‍ അത്് യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയോ ചെയ്യുന്നില്ല.
എന്നാലും ആ നൈമിഷികമായ നേരത്ത് ആനന്ദാനുഭൂതിയില്‍
ലയിച്ചിട്ടുണ്ടാകും. സ്വപ്‌നത്തിലെ ഈ പൂര്‍ണ്ണത യാഥാര്‍ത്ഥ്യവും
ഭാവനയും തമ്മിലുള്ള അകലമാണ്. അല്ലെങ്കില്‍ ഉണ്മയും
മിഥ്യയുമായ കാര്യം പോലെ. യാഥാര്‍ത്ഥ്യം എന്നാല്‍ ഭൗതീകമായ
സത്യമാണ്. ഭാവന, യാഥാര്‍ത്ഥ്യത്തിന്റെ നിഴലില്‍ തീര്‍ത്ത സ്വപ്‌നകുടീരവും.

വിരലുകൊണ്ട് സ്വന്തം ശരീരത്തെ തൊട്ടുനോക്കുക. പനിപിടിക്കുമ്പോള്‍
ശരീരത്തിന്റെ ചൂട് കൈതലം കൊണ്ടാണ് ആദ്യം അറിയുന്നത്.
തെര്‍മോമീറ്ററിന്റെ അളവുകോല്‍ പിന്നീട് വരുന്നതാണ്.
സ്റ്റെതസ്‌ക്കോപിന്റെ നാഡീവേഗം അറിയുന്നതിനെക്കാള്‍ മുഖത്തുണ്ടാകുന്ന
വിരള്‍ച്ചയും ഉള്‍വലിയലും നാഡീമിടിപ്പിന്റെ വേഗതയെ അറിയിക്കും.
ശരീരം തളരുമ്പോള്‍ ഹൃദയം കൂടുതല്‍ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കും.
ചിലപ്പോള്‍ ഹൃദയംമാത്രമേ ചലിക്കുകയുള്ളൂ.

ഉള്‍വലിയല്‍ ഒരു കീഴടകങ്ങലാണ്. എതിര്‍ത്തുതോല്പിച്ചുകൊണ്ടിരിക്കുന്ന
അവസ്ഥയില്‍ നിന്നും താത്ക്കാലികമായ ഒരു പിന്‍വാങ്ങല്‍.
അത് ശത്രുവിന്റെ മാത്രമല്ല, ഒരു വിജയിയുടെയും തന്ത്രമാണ്.
അതേ സമയം ഒരിക്കലും വിജയിക്കുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യവും
അംഗീകരിച്ചേ മതിയാവൂ. ഒന്നാം സ്ഥാനത്ത് കയറിയവന്‍
അല്പസമയത്തിനുശേഷം മെഡല്‍ സ്വീകരിച്ച് ആ ഉയര്‍ച്ചയില്‍
നിന്നും കീഴെ ഇറങ്ങുകയാണ്. വിജയം ഉയര്‍ത്തിപ്പിടിക്കുകതന്നെ വേണം.
കൈതളരാതെ, പാദങ്ങള്‍ കുഴയാതെ, ശരീരം അറിയാതെ, മുഖം കുനിയാതെ.

ധമനികളിലൂടെ ഒഴുകുന്ന രക്തപ്രവാഹത്തിന്റെ താളലയത്തിന് മനംകോര്‍ക്കുക.
ശരീരത്തില്‍ ഉറവപോലെ പൊടിഞ്ഞൊഴുകുന്ന വിയര്‍പ്പുഗന്ധം മണത്തറിയുക.
ആ ഉപ്പിന്റെ രുചി നുണയുക. പെരുവിരല്‍ മുതല്‍ മൃതമായ മുടിനാരിഴവരെ
തളിര്‍ക്കുന്നതും വളരുന്നതും പിന്നെ വിളര്‍ച്ചയില്‍ വാടിത്തളരുന്നതും അറിവിന്റെ
അകകാമ്പില്‍ അനുഭവമാക്കുക. മറ്റുള്ളവരിലൂടെ നമ്മളെ മറന്നുപോകരുത്.
വിരല്‍ കാണുന്നത് സ്പര്‍ശനത്തിലൂടെയാണ്. വിരലുകള്‍ ഇഴയും, നമ്മളറിയാതെ
കുഴയുന്നത് നമ്മളറിയുന്നു. കാലുകള്‍ കാവലിരിക്കാന്‍ മാത്രമല്ല. അത് വാഹകനുമാണ്.
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് വഹിച്ചുകൊണ്ടുപോകുന്ന വാഹനത്തെപോലെ.
ശരീരത്തെയും അതിന്റെ ഭാരത്തെയും ബോധത്തെയുംകൊണ്ട് സഞ്ചരിക്കുക.
അങ്ങനെയാണ് സഞ്ചാരിയാകുന്നത്. സഞ്ചാരിയുടെ കൂടെ പിന്നെയും
ഭാരവും ഭാണ്ഡങ്ങളും വരും.

കണ്ണ് കാഴ്ചയെ തിന്നുന്നുകയാണ്. ആ തിന്നതിനെ നാവ് ഛര്‍ദ്ദിക്കുകയാണ്
ചെയ്യുന്നത്. മനസ്സ് കാഴ്ചയെ അയവിറയ്ക്കും. ശബ്ദം അടയാളങ്ങള്‍ ഉണ്ടാക്കുന്നു.
ഈ അടയാളങ്ങളില്‍ അക്ഷരങ്ങള്‍ രുപമെടുത്ത് വാക്കുകള്‍ സൃഷ്ടിക്കപ്പെടുന്നു.
വാക്കുകളില്‍ അര്‍ത്ഥം നിരര്‍ത്ഥകമായ അറിവായും, ആ അറിവ് മുറിവായും,
ആ മുറിവില്‍ നിന്ന് ചോരയുടെ അനുഭവം വേദനയായി മാറുന്നു. വേദന മൃതിയാണ്.
സ്പര്‍ശം നല്‍കുന്ന സാന്ത്വനം, അത് ചിലപ്പോള്‍ അനുഭൂതിയായും നിര്‍വൃതിയായും മാറും.

ഓരോ ദിവസവും മരണത്തിന്റെ റിഹേഴ്‌സലാണ് നടക്കുന്നത്.
റിഹേഴ്‌സല്‍ എല്ലാവരും ഭംഗിയാക്കിയാല്‍ പ്രകടനം ഗംഭീരമായിരിക്കും.
അതുകൊണ്ടുതന്നെ ചിലര്‍ ബോധമറ്റ് കിടക്കും. പൊക്കിയെടുത്തു
കൊണ്ടുപോയാലും അറിയില്ല. ചിലര്‍ ഉറക്കം നടിച്ച് കിടക്കും.
അവന്‍ റിഹേഴ്‌സലില്‍ ഉഴപ്പുന്നവനാണ്. അവന്റെ പ്രകടനം കയറിലോ
വെള്ള്ത്തിലോ റെയില്‍ പാളത്തിലോ അവസാനിക്കും. മരണത്തിന്റെ
അനുഭവമാണ് ഉറക്കത്തിലൂടെ കയറിയിറങ്ങുന്നത്. ശരീരത്തിലൂടെ
കയറിയിറങ്ങുന്ന ഭാരമുള്ള ചക്രം പോലെ ലളിതം. ഉറക്കത്തെ അറിയാന്‍
ശ്രമിക്കുക. അത് തന്നെയാണ് മരണാനുഭവവും. എന്താണ് മരണമെന്നുള്ള
ഗൂഢാലോചനയും ആശയക്കുഴപ്പവും ഇവിടെ അവസാനിക്കും. ഉണര്‍വ്വ്
മരണത്തിന്റെ പിടിയില്‍ നിന്നുള്ള മടക്കയാത്രയാണ്. ചിലര്‍ മരണവായില്‍
നിന്നും രക്ഷപ്പെടുന്നതുപോലെ. എപ്പോഴും ഈ മടക്കയാത്ര ഉണ്ടാവണമെന്നില്ല.
അത് ഉറക്കിന്റെ ഉണര്‍വില്ലാത്ത അനുഭവമായി മാറും. അന്ധകാരത്തിന്റെ
അഗാധമായ തമോഗര്‍ത്തത്തിലേക്കുള്ള പതനമാണത്. ഇരുണ്ടുഇടുങ്ങിയ
ഇടനാഴിയിലുടെ ഇഴച്ചും വലിച്ചും ഇല്ലാതാവുക. അവിടെ നിന്നും വീണ്ടും
ഇരുട്ടിന്റെ മറ്റൊരു അഗാധതയുടെ ആഴങ്ങളില്‍ ആണ്ടുപോവുക. അവസാനം
വെള്ളിവെളിച്ചം നിറഞ്ഞ അതിരുകളില്ലാത്ത ആകാശമാണ്. നക്ഷത്രങ്ങള്‍ക്കിടയിലൂടെ
സൂര്യപ്രകാശത്തില്‍ തെളിഞ്ഞ്, നിലാവില്‍ നിറഞ്ഞങ്ങനെയങ്ങനെ............!


No comments:

Post a Comment