Wednesday, December 28, 2011

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍

ചോദ്യങ്ങളൊക്കെ ആയിരം മുനയുള്ള ചോദ്യശരങ്ങളായി സ്വന്തം നെറുകയിലേക്ക് ആഞ്ഞടുക്കുന്നു. മോക്ഷമില്ലാത്ത ആത്മാവുപോലെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍. വിളക്കില്‍ ആത്മാഹുതി ചെയ്ത മഴപ്പാറ്റ, പിന്നെ ചിറകുകള്‍ മാത്രം ബാക്കിയാവുന്നു. ചിലപ്പോല്‍ തോന്നും ആത്മാവു നഷ്ടപ്പെട്ട ജഡങ്ങളെപോലെയാണ് ചോദ്യങ്ങളെന്ന്. എവിടെയാണ് ഉത്തരങ്ങളുടെ മോക്ഷാവസ്ഥ. സംതൃപ്തിയുടെ സാകല്യാവസ്ഥ.

നീ......
പുഞ്ചിരിപൊഴിയുന്ന, മധുരതേന്‍ ഒലിച്ചിറങ്ങുന്ന ചെറുചുണ്ടുകള്‍. കഥ പറയുന്ന ആകാശത്തിന്റെ അനന്തതയും ആരണ്യകത്തിന്റെ ആര്‍ദ്രതയും നിഴലിക്കുന്ന മനോഹര നയനങ്ങള്‍... ഉയര്‍ന്ന് നീണ്ട അറ്റം അല്പം വളഞ്ഞ് ഇരുണ്ട നിഗൂഢത ഒളിപ്പിച്ച നാസിക. തിരമാലയുടെ അലകള്‍ പോലെ, ഇളം തെന്നലില്‍ ആടിയുലയുന്ന പച്ചനെല്‍പ്പാടം പോലെ ആടിയുലയുന്ന കാര്‍കൂന്തല്‍. സമൃദ്ധിയുടെ വെണ്‍കുടംപോലെ, ചന്ദനകാതല്‍ നിറത്തില്‍, പട്ടുപോലെ മൃദുലമായ കനംതൂങ്ങിയ മാറിടം. വാഴയില തണ്ടില്‍ തുങ്ങിയ കൈകളില്‍ താമരയിതലുപോലെ വിടര്‍ന്നുകൂമ്പിയ വിരലുകള്‍. ആലില വയറും ആനക്കെടുപ്പതുനിതംബവും വാഴത്തടപോലെ കാലുകള്‍. ഒരു മാലാഖയുടെ രൂപസൗകുമാര്യം. ഇവള്‍ ആരാണ്? ഇന്നലകളില്‍ ജനിച്ച് ഇന്നുകളില്‍ പുനര്‍ജനിച്ച അനശ്വരമായ പ്രകൃതിയുടെ ആത്മസ്വരൂപം. ഇവളിലാണ് ആനന്ദം. അനുഭൂതിയുടെ അമൂര്‍ത്തമായ മേളനം.

നീ എന്തിനെയാണ് ഭയക്കുന്നത്? നിന്റെ വഴികളില്‍ പുഷ്പങ്ങള്‍ നിറഞ്ഞതും അവയുടെ സുഗന്ധത്താല്‍ തരളിതവുമാണ്. നിന്റെ മനസ്സ് പുലര്‍വേളയിലെ പുല്‍ക്കൊടി തുമ്പില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലവും ഇളം തെന്നലില്‍ ഇളകി പുഞ്ചിരിപൊഴിക്കുന്ന പനിനീര്‍ പുഷ്പത്തിന്റെ നിഷ്‌ക്കളങ്കതയുമാണ്.


ഉറക്കം...
എല്ലാവരും ഉറങ്ങുകയാണ് അന്തകാരത്തിന്റെ അനന്തമായ വിശാലതയില്‍. സ്വപ്‌നങ്ങളുടെ വര്‍ണ്ണത്തേരിലേറി അതിരുകളില്ലാത്ത പുര്‍ണ്ണതയുടെ , സംതൃപ്തിയുടെ സാഫല്യാവസ്ഥയിലേക്ക്. സ്വപ്‌നങ്ങളെല്ലാം മധുരതരമാണോ? അല്ലെങ്കില്‍ മധുരംപുരട്ടിയ കയ്പുനിറഞ്ഞ, ഭീതിജനകമായ, അന്ധകാരത്തിന്റെ മറ്റൊരു മുഖമാണോ?

No comments:

Post a Comment