Wednesday, December 28, 2011

തിരുമുറിവ്‌

മെഴുകുതിരി

മെഴുകുതിരി ആത്മാവും
ശരീരം മെഴുകുതടിയും
തിരിയുടെ ജ്വലനത്തില്‍
ശരീരം കത്തിയമരും
ചുറ്റും പ്രകാശം ചൊരിയും
ആത്മാവിന്റെ ചൈതന്യത്തില്‍
ജീവിതം ശോഭയാര്‍ന്നതാകും
അറിയാതെ കത്തുന്ന മെഴുകുതിരി
വെട്ടംപോലെ ജീവിതവും
അറിയാതെ പൊലിഞ്ഞുപോകും

പാപക്കറ

ആദ്യപാപമായി നരജന്മം
ദൈവം ചെയ്‌തൊരു പാപം
മനുഷ്യനെ ദൈവം സൃഷ്ടിച്ചു
മനുഷ്യന്‍ ആ പാപം ഏറ്റെടുത്തു
മനുഷ്യന്‍ കുഞ്ഞുങ്ങളെ സൃഷ്ടിച്ചു
കുഞ്ഞുങ്ങള്‍ പലവഴിക്ക് നാനാവിധം

മുതിര്‍ന്നവര്‍ ഇളയവരോട്
ഗുരുക്കന്മാര്‍ ശിഷ്യരോട്
ഭരണാധികാരികള്‍ പ്രജകളോട്
പ്രകൃതി ഒരു വികൃതിയായി പാപക്കറയായ്

ഇരുട്ട്

ഇരുട്ടിന് വെളിച്ചത്തെ ഭയമാണ്
ഇരുട്ടിന്റെ ഭക്ഷണം പാപമാണ്
കുറ്റങ്ങളെയും കുറവുകളെയും
അപ്പാടെ വിഴുങ്ങിക്കളയും

ചതി, വഞ്ചന, അഴിമതി, പീഢനം
എല്ലാറ്റിനും കുടപിടിക്കും; മറ തീര്‍ക്കും
നഗ്നമായതിനെ കറുത്ത കുപ്പായം
അണിയിച്ചൊരുക്കും; അലങ്കരിക്കും

ജീവിതത്തിന്റെ പച്ചയെ കറുപ്പ്
ചായത്തില്‍ മുക്കിയെടുക്കും
ജീവനെ കറുപ്പുകൊണ്ട് പുതപ്പിക്കും
എന്നിട്ട് മരണത്തെ വരവേല്ക്കും

ഒഴിഞ്ഞ ഓട്ടകള്‍ എളുപ്പം അടയ്ക്കാം
കൈയിട്ടുനോക്കരുത്, കൊളുത്തിട്ടിളക്കരുത്
കണ്ണുതുറക്കുന്നതുവരെ ഒറ്റുകാരനെ
പോലെ കൂട്ടിരിക്കും ഉറക്കത്തിനൊപ്പം

രഹസ്യം

ഒന്നും പരസ്യമാക്കരുത്
രഹസ്യഅറകള്‍ തുറക്കരുത്
എല്ലാം പൊത്തിവയ്ക്കണം
സ്വന്തം നഗ്നത മുതലാണ്

ആരുടെയും മുഖത്തുനോക്കരുത്
നിങ്ങളുടെ രഹസ്യം പുറത്തുചാടും
കാലടിപാടുകള്‍ പിന്തുടരരുത്
ചില രഹസ്യങ്ങള്‍ വീണുപോകും

കള്ളന് കാവല്‍ നില്ക്കാം
കള്ളന് കഞ്ഞി വയ്ക്കരുത്
കവര്‍ച്ച ചെയ്യുന്നവന്‍ കള്ളന്‍
കവര്‍ച്ച ചെയ്യുന്നത് കണ്ടവനും

ഒളിഞ്ഞിരിക്കുന്ന മരണം രഹസ്യമാണ്
മറ്റുള്ളവന്റെ മരണം പരസ്യമാണ്
സ്വന്തം മരണം പരസ്യമായറിയില്ല
അതുവരെ എല്ലാം രഹസ്യമായിരിക്കണം

ജ്ഞാനി

ജ്ഞാനി മൗനി പൂര്‍ണ്ണന്‍
അജ്ഞന്‍ അശക്തന്‍ അപൂര്‍ണ്ണന്‍
ശബ്ദമില്ല, കാഴ്ചയില്ല, കേള്‍വിയില്ല
പരാതിയില്ല, പരിഭവമില്ല, പരിവട്ടമില്ല

ദുരാഗ്രഹമില്ല, ദുരഭിമാനമില്ല, ദൗര്‍ഭല്യമില്ല
ദൂഷ്യമില്ല, ദു:ഖമില്ല, ദുരിതമില്ല
നിശ്ചലം, നിത്യം, നിസ്സംഗം
അചഞ്ചലം, അനശ്വരം, അത്യുദീയം


അറിയേണ്ടത്

സൃഷ്ടി വൃഷ്ടിയാണ്
വൃഷ്ടി വൃദ്ധിയാണ്
വൃദ്ധി സിദ്ധിയാണ്
സിദ്ധി അനുഗ്രഹമാണ്
അനുഗ്രഹം അനുഭവമാണ്
അനുഭവം അനുഭൂതിയാണ്
അനുഭൂതി സായൂജ്യമാണ്
സായൂജ്യം സുഷുപ്തിയാണ്
സുഷുപ്തി മുക്തിയാണ്
മുക്തി അനശ്വരമാണ്

ഉണര്‍വ്വ് ഉച്ഛ്വാസമാണ്
ഉച്ഛാസം ഉന്മേഷമാണ്
ഉന്മേഷം ഉന്മാദമാണ്
ഉന്മാദം ഉയിര്‍ത്തെഴുനേല്പാണ്

ഓരോ ചുവടും ഒരനുഭവമാണ്
ഓരോ ശ്വാസത്തിലും
ഓരോ വാക്കിലും
ഓരോ നോക്കിലും
ഒരു പാഠം നിറഞ്ഞിരിക്കുന്നു
കാലാന്തരത്തില്‍
ഉരുകിയൊലിച്ചിറങ്ങിയ
അനുഭവതീക്ഷ്ണമായ മന:പാഠം

എത്രയെത്ര അനുഭവങ്ങള്‍
എത്രയെത്ര പാഠങ്ങള്‍
പറഞ്ഞു പഠിച്ചതും
എഴുതി പഠിച്ചതും
കേട്ടു പഠിച്ചതും
ഉരുവിട്ട് പഠിച്ചതും

അക്ഷരമന്ത്രങ്ങളാല്‍
കുരുത്ത ശബ്ദവീചികള്‍
വാള്‍ത്തലപ്പിന്റെ തിളക്കം
തീവ്രം ദ്രുതം അത്യുജ്ജലം

No comments:

Post a Comment