Friday, July 27, 2012

Seven Poem


നിസ്സംഗം ജീവിതം

ഉറക്കിലും ഉണര്‍വ്വിലും
പരിഭ്രമവും പരാതിയും
ഭയവും ഉത്ക്കണ്ഠയും
ദു:ഖവും വേദനയും
ഇവയൊന്നുമില്ലാത്ത
നിസ്സംഗജീവിതം.
അവിടെ ജനിക്കും
സുഖവും സന്തോഷവും
പിന്നെ ആനന്ദവും.
വൈരുപ്യമില്ല; സൗന്ദര്യമതേ..
അവാച്യം ഈയനുഭൂതി
നിസ്സംഗം സ്ഥിതപ്രജ്ഞം
മനസ്സും ശരീരവും.
ഈരണ്ടെന്ന ഭാവമേതുമില്ല
ശൂന്യമാം അനന്തപ്രപഞ്ചം.
ലയിക്കും ഭാരമന്യേന
കണ്ണിനുഭാരമാം കാഴ്ച.
ആത്മാവിനാനന്ദം അറിവ്
പരസ്പരപൂരകം സമാന്തരം
അംശവും ഭാഗവും ഛേദവു-
മില്ല പൂര്‍ണ്ണമാം പൂര്‍ണദര്‍ശനം
പനിനീര്‍പ്പൂദളങ്ങള്‍ ചേര്‍ന്നൊ
രാപുഷ്പസൗഭഗം, എത്രമേല്‍
മൃദുലം സുഗന്ധം തരളം!
സൂക്ഷ്മമാം അണുവിലും
വിളങ്ങും കണ്ണിനുകാണാതൊ
രാസ്ഥൂല സൗന്ദര്യമീജഗത്തില്‍.
----------


ഇടനാഴി

ഉറക്കംക്കഴിഞ്ഞിടനാഴിയിലൂടെ
കടന്നീടുകയാലെളുപ്പം 
ചേരുംമരണമാം വിസ്തൃത
തമോഗര്‍ത്തമാഴക്കടലില്‍.

ഉറക്കംനടിക്കും പരോക്ഷമാം
പകര്‍പ്പായ മരണനിഴലിന്റെ 
ആട്ടവുംപാട്ടും കൊട്ടിക്കലാശവും
പിന്നെ കരച്ചിലും നിലവിളിയൊച്ചയും.

ഉറക്കിലും മരണത്തിലു- 
മില്ലയനക്കവും ഞെരക്കവും
അറിയില്ല ശ്വാസവും ഹൃദയമിടിപ്പും
സ്വയമോ-അപരനോ ഒരുമാത്ര.

ഉറക്കം ബോധത്തെ ഹനിക്കും
മരണം ബോധത്തെയുണര്‍ത്തും
ആദ്യപാപംപോലുറക്കം
അന്ത്യനിദ്രയാം മരണം 

ഉറക്കം ചിലപ്പോള്‍ ഒടുക്കത്തെ-
ഉറക്കത്തിന്റെ ആദ്യപടിപോല്‍
സാന്ദ്രം, ദീര്‍ഘം, ആഴമേറിയും
ജീവന്റെ കുരുക്കുമായി.

ബോധമായി ജീവന്‍
അബോധമായി മരണം
ചലിക്കും ജീവന്‍
നിശ്ചലം ജഡം. 

പ്രവഞ്ചം ചലിക്കും
ചലനം സ്തംഭനം ശൂന്യം.
ശൂന്യമാം അന്ധകാരം
കാര്‍ന്നുതിന്നുന്ന ജീവിതം.

ഉറക്കം നിശ്ചലം 
ഇരുട്ട് അജ്ഞതയും
അജ്ഞത മരണവും
മരണം ശൂന്യതയും.

സൂക്ഷ്മത്തില്‍ നിന്നും
സ്ഥൂലത്തിലൂടൊഴുകി
പരന്നിറങ്ങും ജീവവഴിയിലൂടെ
യെത്തും പിന്നെയും ആദിയില്‍.

ആത്മാവ് ഉറങ്ങാതെ
സദാജ്ജ്വലിക്കും സൂര്യനായ്.
തളരും ശരീരം, കിതയ്ക്കും 
ശ്വാസം മരണശയ്യയില്‍.

തിളങ്ങും വിളങ്ങും
തളരില്ല, വാടില്ല
നിത്യചൈതന്യമാം
ആത്മാവിന്‍ പ്രഭാവം!

------


അപൂര്‍ണ്ണം

അപൂര്‍ണ്ണം മനുഷ്യജന്മം
അരോചകം; അശ്ലീലം
കഴുകും പിന്നെ അഴുകും.
ഇത്രമേല്‍ വൈരൂപ്യം
അത്രമേല്‍ സ്വരൂപവും.
ചേരും രണ്ടപൂര്‍ണ്ണമാം
ആത്മാക്കള്‍ വീണ്ടുമൊ
രു പൂര്‍ണമാം ജീവനായ്
തുടിക്കും ഏകമായ്
തടിക്കും അരൂപമായി
പൂര്‍ണ്ണമാം രുപത്തില്‍
പിന്നെയെന്തിന് വീണ്ടു
മൊരു പൂര്‍ണസൃഷ്ടി?
യത്‌നിക്കും സമ്പൂര്‍ണ്ണമാം
തൃപ്തി, സുഖം, മോക്ഷം.
അപൂര്‍ണ്ണമാം ജീവിതം
പൂര്‍ണമാകും മരണത്തില്‍.
ആത്മാവിന്‍ പൂര്‍ണ്ണത
പരമാത്മൈക്യത്തിലാം.
------

ശൂന്യത

പിന്നെയും ഏതോ ശൂന്യമാം
നിഴലിന്റെ മറപറ്റി ജീവിതം.
വാക്കുകളുടെ അര്‍ത്ഥവും
നാനാര്‍ത്ഥവും തേടി
അനര്‍ത്ഥവഴികളില്‍.
വാക്കുകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കും നിര്‍ത്ഥകം.
നിര്‍വികാരമായി മറുവാക്കുകള്‍.
ഓടുന്തോറും അകലം
അകലുന്തോറും ഓടും
അടയാളങ്ങളില്ലാത്ത യാത്ര
ഇന്നിന്റെ അര്‍ത്ഥങ്ങള്‍
നാളെയില്‍ നിര്‍ത്ഥകം
ഇന്നത്തെ നിര്‍ത്ഥകം
നാളെയില്‍ അര്‍ത്ഥമായി.
ഓര്‍മയുടെ പഴുതില്‍ തിരുകിയും,
മറവിയുടെ നിഴലില്‍ തിരഞ്ഞും.
കയ്പും മധുരമാം ഓര്‍മകള്‍
കയ്പിനെ മറയ്ക്കും മറവിയാല്‍.
മധുരമാം സ്മരണകള്‍ പിറക്കാന്‍
വേണം മനസ്സിന് സുഖമാം ജീവിതം.

----------#

ഉദയവും അസ്തമയവും

ദിനരാത്രങ്ങള്‍ ഭാരമേന്തിയ
കഴുതയെപോല്‍. 
ഉദയവും അസ്തമയവും
ജീവനില്‍ ഇണപിരിയുന്നു.
പ്രസവവേദനയും
മരണവെപ്രാളവും
ഒരമ്മപെറ്റ ഇരട്ടമക്കള്‍.
ചിരി പൊട്ടിച്ചിരിയായി 
ഉയര്‍ന്നുപൊങ്ങി,
തിരമാലപോല്‍ പൊട്ടിച്ചിതറും.
ദു:ഖം അലറിവരുന്ന 
കടലുപോലെ ആഞ്ഞിടിക്കും.
ഇരുട്ടും വെളിച്ചവും
മിന്നാമിന്നുങ്ങിനെപോല്‍.
പകല്‍ രാത്രിയുമായി
സന്ധ്യയില്‍ വ്യഭിചരിക്കും.
അസ്തമയസൂര്യന്‍ 
ആത്മാഹുതി നടത്തും.
ആത്മഹത്യ പാപമാണ്
ചുകപ്പാണ് കറുപ്പാണ്
രാത്രി പകലുമായി ഇണ
ചേര്‍ന്ന് ഉദയം ജനിക്കും.
ജീവിതം പുലര്‍വേളയില്‍
പുറപ്പെട്ട് ഉച്ഛിയില്‍ ചൂടുമായി
വാര്‍ദ്ധക്യബാധയാല്‍
സായാഹ്നവേളയില്‍
ചൂടാറിയ കടലില്‍ 
ചുകന്ന രക്തവര്‍ണമായി.
ജീവന്റെ മനോഹരമുഖം
പരുക്കനാം വടുക്കളാല്‍
വിണ്ടുകീറി, ഉടഞ്ഞുതൂങ്ങുന്നു.
വഴിവിളക്കുകള്‍ അണഞ്ഞു
നിലാവ് കരിമേഘങ്ങളാല്‍മൂടി
നക്ഷത്രങ്ങള്‍ ഓടിയൊളിച്ചി-
രുട്ടിന്റെ നിഴലുമാത്രമായി.

-----

കാലൊച്ച

മരണത്തിന്റെ കാലൊച്ച
പതിഞ്ഞ ശബ്ദത്തില്‍
ധൃതിയില്‍ ഓടിയടുക്കവേ
വാടിക്കരിഞ്ഞ ജമന്തിയിതളു-
കള്‍ വിതറിയ വഴിയില്‍
ശ്വാസഗതിയുടെ 
നിശ്ശബ്ദവേഗത
ശോകരോദനവീചികള്‍
സാഗരതിരയിലലിഞ്ഞ്.
എരിഞ്ഞമര്‍ന്ന പുകവളളി
ആകാശനിഗൂഢതയില്‍
ചുരുള്‍വിരിച്ചുയര്‍ന്നു.
സ്‌നേഹം വറ്റിയുറഞ്ഞ
മനസ്സുകള്‍ തെളിനീറുവകള്‍
തേടിയലഞ്ഞുവലഞ്ഞു.
വെട്ടിപ്പിളര്‍ന്ന തലച്ചോറില്‍
ചോരച്ചാലുകള്‍ ഉറവയെടുത്തു.
കാല്‍പ്പാടുകള്‍ക്കുമീതെ
മുറിപ്പാടുകള്‍ പരതിനടന്നു.
വെയിലില്‍ തീപ്പടര്‍ന്ന് 
മുടിനാരുകള്‍ കരിഞ്ഞു.
മഴത്തുള്ളി വാള്‍മുനപോല്‍
മൂര്‍ദ്ധാവില്‍ ആഴ്ന്നിറങ്ങി.
ആശ്വാസത്തിന്റെ കരതലം
ശരീരത്തില്‍ നിന്നും വേറിട്ടു.
---------#

വാക്ക്

വാക്ക് അനശ്ചിതം 
പര്യവസാനം.
ഇരുണ്ടകടലിലെ 
അലയൊലിപോലെ
വാക്കുകളാല്‍ 
തീര്‍ത്ത നൂലിഴയില്‍
ജീവിതം തൂങ്ങിയാടും.
ഓരോ വാക്കും
പിറന്ന ഗര്‍ഭഗൃഹംതേടും.
വാക്കുകളുടെ പ്രതിധ്വനി
ഇടിമിന്നലിന്റെ ഘനത്തില്‍
കര്‍ണപടം ഭേദിച്ച്
തലച്ചോറില്‍ ആഴ്ന്നിറങ്ങും.
ആശ്വാസം കുളില്‍കാറ്റ്
തിളക്കുന്ന കനല്‍ക്കാറ്റ്.
മധുരംപുരണ്ടവാക്കുകള്‍
തൊണ്ടയില്‍ തികട്ടിവരും
ഉത്തരം തേടുമ്പോഴും
ചോദ്യങ്ങളുടെ കയറുപിരി
ഗളനാളം ഞെക്കിപ്പിഴിയും
ഒരിറ്റു ചോരയ്ക്കായി.
നാവു ഉറുമിയായി
വാക്കിനെ ചുഴറ്റിയെറിയും.
ഓരോ വാക്കിലും അന്തരീക്ഷം
ഭീതിയാല്‍ കോട്ട തീര്‍ക്കും
വാക്കുകളില്‍ കുരുങ്ങി
കുതിരയെപോലെ അമറും.
വിശ്വാസത്തിന്റെ കണ്ണുകള്‍,
മുടികെട്ടിയ കപടതയുടെ 
മൂടുപടമായി വാക്കുകള്‍.
പൊള്ളവാക്കുകളും,
കുത്തുവാക്കുകളും,
വക്കുകള്‍ തേഞ്ഞ വടുക്കളായി.
വാക്കുകള്‍, ഒച്ചയടര്‍പ്പുകള്‍
എവിടെ സത്യവചനം?
എവിടെ ശാന്തിമന്ത്രണം?
എവിടെ മോക്ഷത്തിന്റെ ത്രിതാക്ഷരം!