Wednesday, December 28, 2011

എന്താണ് പറയേണ്ടത്

എന്താണ് പറയേണ്ടത്...നാവിറങ്ങിയത് പോലെ. ശബ്ദം പുറത്തുവന്നില്ല. അല്ലെങ്കില്‍ എന്തെങ്കിലും പറയാനുണ്ടോ? എന്തൊക്കെയോ പറയണമെന്ന് തോന്നിയതുമാത്രമാണ് സത്യം. ഒന്ന് തോന്നിയപ്പോള്‍ തന്നെ നാവ് ഇറങ്ങിപുറപ്പെട്ടതാണ് എല്ലാത്തിനും കാരണം. നാവിനിരിക്കട്ടെ കുറ്റം. ഇതൊക്കെ പറയാന്‍ ഇവിടെ എന്താണ് സംഭവിച്ചത്. ഒന്നും സംഭവിക്കാത്തതാണോ വലിയ കാര്യമായത്. നാവനക്കുമ്പോല്‍ ശബ്ദം പുറത്തേക്കു വരുന്നത് സാധാരണമല്ലേ. അതിനെന്തെങ്കിലും പുതുമയുണ്ടോ. അപ്പോള്‍ അതാണ് കാര്യം. പറയുന്ന ശബ്ദത്തെക്കാള്‍ വലുത് പറയുന്ന കാര്യത്തിനാണ്. ഇപ്പറയുന്ന കാര്യത്തെക്കാള്‍ വലുത് പറയുന്ന ആള്‍ക്കാണ്. അപ്പോള്‍ ആ വ്യക്തിയിലാണ് സംഭവം ഇരിക്കുന്നത്. ആ വ്യക്തി നീയാണോ അതോ ഞാനാണോ എന്നതേ അറിയേണ്ടതുള്ളൂ. ഇതുവരെ പറഞ്ഞതൊക്കെ വെറുതെയായി. ഇനിയിപ്പോള്‍ ആ വ്യക്തിയെ കണ്ടുപിടിക്കണം. അയാള്‍ നമ്മുടെ ഇടയിലൊക്കെ ഉണ്ട്. ചിലപ്പോള്‍ അത് ഞാന്‍ തന്നെ ആയിരിക്കാം. അല്ലെങ്കില്‍ ഉറപ്പായും നീ ആയിരിക്കും. അല്ലെങ്കില്‍ നിങ്ങളില്‍ ആരെങ്കിലുമായിരിക്കും.


ആദ്യം വ്യക്തിയാണ് രൂപമെടുക്കേണ്ടത്. അതിനുശേഷം വാക്കും. ഒരാളുടെ സ്വത്വം എന്നത് അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്. സ്വന്തമായ വ്യക്തിത്വം അതാണ് ആവശ്യം. വ്യക്തമല്ലാത്തത് ആയിരിക്കരുത് അത്. ആഴക്കടലില്‍ മാത്രമാണ് ചിപ്പികള്‍ കാണുക. ചിപ്പിക്കുള്ളിലാണ് മുത്തുകള്‍ പിറവിയെടുക്കുന്നത്. സമുദ്രപോലെ ആഴമുള്ളതും പരപ്പേറിയതുമായിരിക്കണം ഒരാളുടെ വ്യക്തിത്വം. അതുപോലെ സംസാരം ഉറപ്പുള്ളതും ദൃഢവുമായിരിക്കണം. പറയുന്നകാര്യം മുത്തുപോലെ തിളക്കമുള്ളതും മൂല്യവത്തുമായിരിക്കണം.

No comments:

Post a Comment