Wednesday, December 28, 2011

ചാപിള്ള

ഓടിത്തളര്‍ന്നവന്റെ കിതപ്പ്
തീവണ്ടി തുപ്പിയ കരിമ്പുക
ചക്രങ്ങള്‍ക്ക് ചോരയുടെ മണം
പാളങ്ങളില്‍, ചതഞ്ഞരഞ്ഞ
നിലവിളിയുടെ വോയ്‌സ് മെയില്‍

ഞെരമ്പുകളില്‍,
തിളച്ച ചോരയുടെ മണം
ആവിയില്‍ തണുക്കുന്നു.
ഹൃദയവേഗത്തില്‍, ചൂടുറവ
കണ്ണില്‍ പൊടിഞ്ഞു.

മനസ്സിന്്, ലാഡം തറച്ച
കുതിരയുടെ വേഗം
ടിപ്പറുകള്‍ ഓടിയ വഴിയില്‍
ചോരയുടെ ടയര്‍ചിത്രങ്ങള്‍

ഉന്നംപിഴച്ചവന്റെ ചാട്ടം;
കണങ്കാലില്‍ മുള്ളുതറഞ്ഞ്
പിന്നെ ഞൊണ്ടിയിഴഞ്ഞ്
ബാക്കിയായത്, മണ്ണില്‍
തറച്ച ഒരു ചിത്രകൂട്

തലയറുത്ത പോത്തിന്റെ കണ്ണില്‍
സഹതാപത്തിന്റെ കണ്ണീര്‍
പെന്‍സില്‍ ചെത്തുന്ന ലാഘവം
കത്തിക്കും വിരലിനുമിടയില്‍
നാവുപിഴുതെടുത്തവന്റെ
ആര്‍ത്തനാദം

സ്വപ്നം കാണുന്നവന്‍,
നഷ്ടങ്ങളുടെ കണക്കുപുസ്തകം
പൊടിതട്ടി അടുക്കുന്നു
തെരുവ് തെണ്ടിക്ക് പൊടിപിടിക്കാത്ത
ആകാശം സ്വന്തം

അക്ഷരങ്ങളുടെ മാലപടക്കം
തിരികൊളുത്തിയവന്റെ
തൊണ്ടയില്‍ ഒച്ചയില്ലാതെ
പൊട്ടിചിതറി

വിശപ്പിന് അറുതി മരണം
ജീവന്‍ കുടിക്കും വിളക്ക്
മരണത്തെ തിന്ന്
വിശപ്പടക്കി

അയ്യപ്പന്‍ ബാക്കിവച്ച
മദ്യക്കുപ്പിയില്‍
അവസാനത്തെ തുള്ളി
നുരഞ്ഞുപതഞ്ഞ്
കവിതയായൊഴുകി.

എന്‍ഡോസള്‍ഫാന്‍
കാഴ്ചയുടെ ചിത്രപ്രദര്‍ശനം
പ്രദര്‍ശനം കണ്ടവര്‍
പിന്നെയുറങ്ങിയില്ല

ജീവിതം കെടുത്തിയവരുടെ
ഉറക്കം കെട്ടുപൊട്ടിയുലഞ്ഞു
ഇപ്പോള്‍ കാഴ്ചയ്ക്ക് കണ്ണ് നാല്
കാലും കൈയും പിളര്‍ന്ന്

വടക്കോട്ട് നോക്കിയാല്‍
മനുഷ്യരെ കാണില്ല
പുതിയതരം സ്പീഷിസ്
ഉണ്ടും ഉറങ്ങിയും ഉരുണ്ടും
കേരളം കോമളം വിളങ്ങുന്നു

No comments:

Post a Comment