Saturday, December 31, 2011

വീണ്ടുമൊരു പുതുവര്‍ഷം

വീണ്ടുമൊരു വര്‍ഷം
ആയുസിന്‍ പുസ്തകത്തില്‍
ചുകപ്പക്ഷരങ്ങളില്‍
പതിയാതെ നനയാതെ
നരകേറിയിറങ്ങിയ
മുടിയിഴകളില്‍
കൈവിരലുകള്‍
കോതിയടുക്കവേ
ആരോ മന്ത്രിക്കുന്നതുപോലെ
ആരെയാണ് ഓര്‍ക്കേണ്ടത്
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവരുടെ ഓര്‍മകള്‍
ഉന്തിയും തള്ളിയും തികട്ടിയും
അവരുടെ ഓര്‍മകള്‍ക്ക്
മരണമില്ലാത്ത ആയുസ്സാണ്
ജീവിക്കുന്നവരൊക്കെ
മനസ്സിന്റെ അടിത്തട്ടിലേക്ക്
കാണാക്കയത്തിന്റെ
ആഴങ്ങളില്‍ ഒരു നിഴലായി.
ആകാശത്തില്‍ വര്‍ണരാചികള്‍
ചിത്രമെഴുതുമ്പോള്‍ മനസ്സില്‍
വിങ്ങിയും മങ്ങിയും
ഓര്‍മയുടെ ഓളങ്ങള്‍,
വെള്ളിയലപോലെ.
ഇന്നത്തെ രാത്രി
അവസാന രാത്രി
ഇനിയൊരിക്കലും
തിരിച്ചുവരാത്ത
ഓര്‍മകളില്‍ മാത്രം
കണ്ടുമുട്ടുന്നത്.
കരുതിവയ്ക്കാന്‍
ഒഴിഞ്ഞ കൂടുംകുടുക്കയും.
നിറഞ്ഞ പുഞ്ചിരിക്ക്
പകരം നല്‍കാന്‍
രക്തയോട്ടം നിലച്ച
ഹൃദയഅറയുടെ തേങ്ങല്‍.
കരക്കാറ്റും കടല്‍ക്കാറ്റും
കൈമാറിയ വികാരവിചാര
വിക്ഷോഭങ്ങളുടെ വേലിയേറ്റം,
ഉപ്പുമണങ്ങുന്ന നേര്‍ത്ത
രുചിയായി നാവിലും ചുണ്ടിലും.
പിച്ചവയ്ക്കുന്ന കുഞ്ഞിളം
കാലില്‍ പതിഞ്ഞ പൂഴിമണലില്‍
എഴുതാതെയെഴുതിയ സ്‌നേഹമണം.
പുതുവര്‍ഷത്തില്‍ നീക്കിയിരിപ്പായി
ചോരയൊഴുകുന്ന പച്ചമാംസത്തടി.
ശൂന്യമായ കരുത്തവരകളോടിയ
വിയര്‍പ്പുകണം വറ്റിയ കൈവെള്ള.
കണ്ണുകളില്‍ ഉറങ്ങാതെയുറങ്ങിയ
രാത്രികളുടെ നിശ്ശബ്ദരോദനം.
സുപ്രഭാതത്തില്‍ സുഹൃതമായി
പൊന്‍ഒളിചിതറുന്ന സൂര്യതേജസ്സിനായി
ഈ രാത്രി കണ്ണിമയടക്കാതെ
മൗനത്തിന്റെ മഹാസാഗരത്തിനരികില്‍
സ്മൃതികളുടെ അലയൊലിയില്‍
ചെവിയോര്‍ത്ത്, മനമുരുകി മണ്ണോടുചേര്‍ന്ന്....

No comments:

Post a Comment