Wednesday, December 28, 2011

ജീവന്റെ നിഴല്‍വഴികള്‍

സമയമാപിനിയില്‍ മരണം അത്രവിദൂരമല്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ കാണാദൂരം താണ്ടുക അത്ര എളുപ്പമല്ല.
മരണം ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പൂര്‍ണ്ണതയാണ്. ശിഷ്ടമോ ഹരണഫലമോ ഇല്ലാത്ത ഒരു അഖണ്ഡസംഖ്യപോലെ. ജീവന്‍ പ്രകൃതിയില്‍ നിന്നും ഉടലെടുക്കുന്നു. മരണം സൃഷ്ടിയല്ല. സ്ഥിതപ്രജ്ഞതയാണ്. ചില അവസരങ്ങളില്‍ മരണം സൗന്ദര്യ ലഹരിയാണ്. പൂര്‍ണ്ണതയില്‍ മാത്രമാണ് സൗന്ദര്യമുള്ളത്. മരണം പരിപൂര്‍ണ്ണതയാണ്. ജീവിതം അപൂര്‍ണ്ണമാക്കി ചിലപ്പോള്‍ ജീവന്‍ മരണത്തെ പുല്‍കും. വിരൂപമാകുന്നത് ജീവിതത്തിന്റെ ബാക്കിപത്രം. നമ്മള്‍ ജീവിതത്തില്‍ സൗന്ദര്യം ആസ്വദിക്കുന്നു. എന്നാല്‍ എല്ലാ ആസ്വാദനവും തൃപ്തികരമാകുന്നില്ല. പൂര്‍ണ്ണതൃപ്തി അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒന്നിന്റെ സമ്പൂര്‍ണ്ണനാശത്തിലാണ് പുതിയൊരു ലോകം സൗന്ദര്യസൃഷ്ടി പൂര്‍ത്തിയാകുന്നത്.

ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? ആഗ്രഹിക്കുക. നമ്മള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ പിറവി മുതല്‍ ഈ ആഗ്രഹം മനസ്സിനെ പിടികൂടിയിരിക്കുകയാണ്. ഓരോ ആഗ്രഹത്തിന്റെയും പൂര്‍ത്തീകരണത്തില്‍ പുതിയവ പൊട്ടിമുളക്കുന്നു. സ്വന്തം ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ മനുഷ്യന്‍ ഒരു തുരുത്തില്‍ ഒറ്റപ്പെടുകയാണ്. ഒറ്റപ്പെടലിന്റെ ഏകാന്തത അവനെ വീര്‍പ്പുമുട്ടിക്കുന്നു.

ഏകാന്തത ചിലപ്പോള്‍ വേദനയും ചിലനേരങ്ങളില്‍ സുഖവും പകരുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ശബ്ദായമാനമായ ലോകത്തിലാണ്. എന്നാല്‍ അതുവരെയുള്ള കുഞ്ഞിന്റെ കൂട്ട് ഏകാന്തതമാത്രമായിരുന്നു. ആ ഓര്‍മ്മയാണ് ചിലനേരങ്ങളിലെ സുഖമായിമാറുന്നത്. പിറവിയോടെ ഏകാന്തത ബഹുസ്വരതയുടെ ഭാഗമായി. ആള്‍ക്കുട്ടത്തില്‍ തനിയെ നില്‍ക്കുന്നവന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗം തന്നെയാണ്. പ്രകൃതിയുടെയും. ഒറ്റപ്പെട്ടവന്റെ ഏകാന്തത. അത് കഠിനമായിരിക്കും. ഒന്നുമല്ലാത്തവന്റെ വല്ലായ്്മപോലെ. അകന്നുപോയവരില്‍ അവശേഷിച്ചവന്‍ ഗതിയില്ലാതെ മരണമായി ചിതലരിക്കും. മനസ്സിന് ചിലപ്പോള്‍ ശരീരത്തെക്കാള്‍ വലിയ രൂപവും ഭാവവുമാണ്. അവയവങ്ങളില്ലാത്ത അനാട്ടമി.

നമ്മള്‍ പരസ്പരം ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണ പ്രത്യാകര്‍ഷണം അനാദികാലം മുതല്‍ എല്ലാ ജീവികളിലും അനുവര്‍ത്തിക്കുന്ന ഒരു ശാസ്ത്രമാണ്. അതിന്റെ രുചിബാക്കിയാണ് നാം ആസ്വദിക്കുന്നു. ചവച്ചുതുപ്പിയത് വീണ്ടും അയവിറയ്ക്കുന്നതുപോലെ. ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നതുപോലെ നീ എന്നെയും ഇഷ്ടപ്പെടുന്നു. ഇഷ്ടം സ്‌നേഹം പ്രണയം, വെള്ളി സ്വര്‍ണ്ണം തങ്കം ആകര്‍ഷണതയും ഗാഢതയും വിലമതിക്കാത്തതും ദിനംപ്രതി കയറിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ ആഴവും പരപ്പും. നീലജലാശയം പോലെ. പ്രണയത്തിന്റെ ഒഴുക്ക് ഉറവിടെ എന്ന് എവിടെ വച്ചായിരുന്നു. ഇന്നലെ ഇന്നലെയ്ക്കപ്പുറം, യുഗങ്ങള്‍ക്ക് മുമ്പ്. ജീവനെക്കാള്‍ മുമ്പ് ജന്മമെടുത്തത് പ്രണയമാണ്. കാലാതിവര്‍ത്തിയായി നാഡിഞെരമ്പുകളിലൂടെ ചുകപ്പിലും കറുപ്പിലും പിന്നെ നേര്‍ത്ത വെള്ളയായി ജീവനില്‍ വീണലിഞ്ഞൊന്നായി. എന്തിനെ തേടിയോ അത് സവിധത്തില്‍ വന്നണഞ്ഞു. ഇനി എന്തു വേണം. ജീവന്‍മുക്തിയോ.

നൈമിഷികതയുടെ സുഖം. അതിനുശേഷം വിരസത. മരുഭൂമിയിലെ ഏകാന്തമായ ഊഷരത. കാലം അവസാനിച്ചപോലെ. ഒരേ സ്വരം ഒരേ നിറം ഒരേ സുഖം. ചിലപ്പോള്‍ മനസ്സിനെ വിരസമാക്കുന്നു. വരസത മടുപ്പിലേക്ക് കൂപ്പുകുത്തും. ഒരേ അനുഭവങ്ങളുടെ ആവര്‍ത്തനം. അതില്‍ അനുഭൂതിയുണ്ടാവില്ല. ജീവിതത്തില്‍ പുതുമകളുണ്ടാവണം. ആവര്‍ത്തനമായ ജീവിതത്തില്‍ എങ്ങനെ പുതുമകള്‍ സൃഷ്ടിക്കാം. അതിന് മാറ്റം ആവശ്യമാണ്. എവിടെയാണ് മാറ്റമുണ്ടാവുക. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറ്റം ഉണ്ടാക്കാത്തത് മാറ്റം എന്ന പ്രതിഭാസത്തിന് മാത്രം. മനുഷ്യന്‍ മാറുന്നുണ്ടോ. മനസ്സ്, സ്വഭാവം, ശരീരം. പ്രകൃതി, കാലം. ഇവയെല്ലാം മാറ്റത്തിന് വിധേയമാക്കണം. യാഥാസ്ഥിതികത്വം ചിലപ്പോള്‍ അരോചകമാകും. ചിലകാര്യങ്ങളില്‍ കെട്ടുറപ്പുള്ള അടിത്തറപോലെയുമാണ്. കാലാതിവര്‍ത്തയായി നിലകൊള്ളുന്നതൊക്കെ സത്യമാണ്. മാറ്റത്തിന് വിധേയമാക്കി സത്യത്തെ കണ്ടെത്തുകയാണ് വേണ്ടത്. മാറ്റമില്ലാത്ത തലമുറകളുടെ ആവര്‍ത്തനം ജഢങ്ങളുടെ ഘോഷയാത്രപോലെയാകും. മൃത്യുവിന്റെ മേലുള്ള ജീവന്റെ ആഘോഷമാണ് ജീവിതം. മാറിക്കൊണ്ടിരിക്കുന്നതാണ് ജീവന്‍. ആ ജീവനിലാണ് ആനന്ദവും പരമാനന്ദവും. സംഗീതം പോലെ നവസുഖസുന്ദരസുരഭിലമനുഭൂതിദായകമായത്.

No comments:

Post a Comment