Wednesday, December 28, 2011

നിഴല്‍രൂപങ്ങള്‍


കത്തിയെരിഞ്ഞ പകലിന്റെ
ചിതയില്‍ നിന്നര്‍ത്ഥശൂന്യമാം
വിങ്ങുന്ന വേദന പുകഞ്ഞുയര്‍ന്നു
കുതിച്ചുപായും തീവണ്ടിചക്രവേഗം


തുടര്‍ച്ചയ്ക്കിടര്‍ച്ചയില്ലാത്ത ജീവിതം
കുതിക്കുന്നു, വിറയ്ക്കുന്നു, പതറുന്നു
കാലത്തിന്‍ കുതിപ്പില്‍ ഉടയുന്ന ജീവന്‍
മൃതമായ ഇന്നിന്റെ ചിതയായി നാളെ


സ്വപ്‌നമായി, ഭാവമായി, സങ്കല്പമായി
ജീവിതം. അല്ലയതല്ല, മജ്ജയും മാംസവും
ജീവനും കോര്‍ത്ത ആള്‍രൂപമാണത്.
ജീവിതപാതയില്‍ നിഴല്‍രൂപമായി
ഒഴുകി നടക്കും മനുഷ്യജന്മങ്ങള്‍

ഏകാഗ്രചിത്തം, പിണ്ഡമായിച്ചുരുങ്ങണം
ജ്വലിക്കും ശരീരം സൂര്യതേജസ്സായി
ബോധം തളര്‍ത്തിയ കര്‍മ്മപഥങ്ങളില്‍
അജ്ഞാതകൈകള്‍ തീര്‍ക്കും സൃഷ്ടികള്‍

മൂക്ക് പാമ്പായി ഇഴഞ്ഞു ഘ്രാണമറിഞ്ഞും
നാക്ക് നായയായി നക്കി നുണഞ്ഞും
കണ്ണുപൊട്ടന്റെ കാഴ്ചയെ തേടിയും
കേള്‍വിയുടെ വിസ്‌ഫോടനം നടത്തിയും

ആശയം ആമാശയത്തില്‍ പിറക്കും
പാറയില്‍ വീണത് ജീവിതം പടുക്കും
വിതയ്ക്കണം വിത്ത് നനഞ്ഞയിടം.
കൊയ്യണം ഫലം കൈകുമ്പിള്‍നിറയെ

കുത്തിയൊലിച്ച് പായും ജലം
താഴ്ചയെ ലക്ഷ്യമാക്കി കുതിക്കും
ഒരേ മുഖവും ഒരേ ഭാവവും പക്ഷികള്‍
വിവിധമാംഭാവം നിറഞ്ഞ് വിവിധ
മുഖങ്ങളില്‍ വിചിത്രം മനുഷ്യജന്മം

തെറ്റുചെയ്ത് ചെറ്റയായി വളര്‍ന്ന്
വളഞ്ഞ വഴിയില്‍ കിടന്നുപുളഞ്ഞ്
കൊലക്കയര്‍ വരിഞ്ഞുമുറുകി കഴുത്തില്‍
എളുപ്പ വഴിയില്ല ജീവിതം താങ്ങുവാന്‍

വഴിതെറ്റി ജീവിതം സങ്കീര്‍ണ്ണമാകും
അന്തവും ആദിയുമില്ലാതെയുഴലും
വളഞ്ഞവഴികള്‍ എളുപ്പവഴിയല്ല
ചതിക്കുഴികള്‍ നിറഞ്ഞ മാരണമാണത്.

ബുദ്ധി ഉണര്‍ന്നവന്‍ മനുഷ്യനായിത്തീരും
വികാരത്തിനടിമയായവന്‍ മൃഗമായിത്തീരും
മനസ്സ് ശൂന്യമാം മരുഭൂമിപോലെത്തരിശായി
കണ്ണ് വരണ്ടകിണറുപോലെന്ധകാരമായി

സ്വപ്‌നങ്ങളുടെ പൂക്കാലം പോയ്മറഞ്ഞു
ഭാവനയുടെ ശൈത്യകാലവുമസ്തമിച്ചു
അച്ചുതണ്ടിന്റെ നേര്‍രേഖ മാഞ്ഞുപോയി
ചുറ്റിത്തിരിയുന്നു ആകര്‍ഷണബലത്താല്‍
ആരെന്നോ എന്തെന്നോ ആരോട് ചോദിക്കും
നിശ്ശബ്ദമായി പൊട്ടിത്തെറിക്കും ഒടുക്കത്തില്‍

ഇരുണ്ടുവരണ്ട് അടര്‍ന്ന പുറന്തൊലി
ഉണങ്ങിക്കരിഞ്ഞ രോമരാചികള്‍
കാഴ്ചവറ്റി പാതിയടഞ്ഞ കണ്‍കുഴികളില്‍
ശ്വാസം നിലച്ച നാസാരന്ധ്രങ്ങളില്‍

കറുത്തുമഞ്ഞളിച്ച് ഉന്തിയ പല്ലെല്ലുകള്‍
വിടര്‍ന്നുപിളര്‍ന്ന് ചുണ്ടുകള്‍ രണ്ടുമേ
ചൂണ്ടുവിരല്‍ നീട്ടി വടിപോലെ കൈയ്യുകള്‍
മുറിച്ചിട്ട മരത്തടിപോലെയക്കാലുകള്‍

കൊത്തിയടര്‍ത്തിയും മാന്തിപ്പൊളിച്ചും
കൂടിക്കിടക്കുന്ന ആന്തരാവയവങ്ങള്‍
ഹൃദയവും കരളും കവര്‍ന്നുപോയി
വന്‍കുടല്‍-ചെറുകുടല്‍ കൂടിക്കുഴഞ്ഞങ്ങനെ

എല്ലാം വികൃതം ഭയാനകം ബീഭല്‍സം
ഈഞെരമ്പിലൊഴുകിയ ചുടുരക്തധാരകള്‍
കരുതി വച്ചൊരാസ്വപ്‌നക്കൂടുകള്‍ പൊന്‍താരകള്‍
അനുകമ്പയേതുമില്ലാ, ആര്‍ക്കുമേ ചേതം

കിടക്കുന്നു മനുഷ്യനായി വളര്‍ന്നവന്‍ വാണവന്‍
എത്ര വയസ്സെന്നോ എന്തു പേരെന്നോ
ആര് വിളിക്കും ആരെ വിളിക്കും
പൊട്ടിക്കരഞ്ഞുകൊണ്ടൊരിക്കല്‍
അമ്മതന്‍ ഉദരത്തില്‍നിന്നും പിറന്നവന്‍

അവനെക്കണ്ടമ്മതന്‍ ഹൃദയം തുളിമ്പി
നുണഞ്ഞമ്മതന്‍ അമ്മിഞ്ഞ പാലിന്റെ മാധുര്യം
എന്തഭിമാനം ഈ ജന്മം സഫലമീ യാത്രപോല്‍
ഓമനിച്ചവനുനല്‍കിയൊപേരും വഹിച്ചവന്‍
എത്രമേല്‍ നാടുനീളെക്കുറുകെ ഓടിനടന്നു.
കിടക്കുന്നവസാനം മരവിച്ച് മൃതമായി മണ്ണായി.


No comments:

Post a Comment