Wednesday, December 23, 2015

ചെറ്റകളുടെ ലോകം


നാളെയവന് പുതുവര്‍ഷമാണ് -
ഇന്നലെ ക്രൂരമായി വേട്ടയാടിയ
നിര്‍ഭയയാം ജ്യോതിര്‍സിംഗിന്റെ
കൊലയാളിയാം പേപ്പട്ടിയുടെ
ത്യാഗത്തിന്റെ സ്മരണപോലെ
നീതിദേവതയുടെ കണ്ണുകെട്ടിയതാരാണ്?
നീതി തേടിയവന്റെ കണ്ണുകെട്ടാനോ
എരിഞ്ഞമര്‍ന്ന ഞരമ്പുകളുടെ വേദന
നീതിപീഠത്തിന്റെ കാവലാളുകള്‍ മറന്നുവോ
എന്തിനീ നിയമാവലി, ഹൃദസ്ഥ്യം, മന:പാഠം
എന്നിട്ടും എന്തിനീ വിവേചനം.
വയസ്സറിയിക്കുന്നതിന് സമയമോ കാലമോ
ലിംഗോദ്ദാരണം ശുകഌവിസര്‍ജനം
പ്രായപൂര്‍ത്തിയും കാമപൂര്‍ത്തിയും
കുത്തഴിച്ചു തിമര്‍ത്താടിയവര്‍
നിയമത്തിന്റെ കാണാച്ചരടില്‍
കച്ചിത്തുരുമ്പിന്റെ മോക്ഷപ്രാപ്തിയില്‍
കുത്തിക്കെട്ടുക പുറംചട്ടകള്‍
നിയമാവലിയുടെ നൂലാമാലകള്‍
ജീവനുവേണ്ടി കേണവള്‍
ജീവിക്കാന്‍ ഒരുമ്പെട്ടവള്‍
വിധിയുടെ കണക്കുകൂട്ടലില്‍
ജീവിതത്തില്‍ പുറംതള്ളിയവള്‍
പേരില്ലാതെ പേരെടുത്തവള്‍
പെരുമയുള്ള നാട്ടിന്റെ പൊന്നോമന
എന്നിട്ടും ചതിയുടെ ലീലാവിലാസം
നീതിപീഠത്തിന്റെ വിശ്വാസ്യത
വിശ്വാസം അതല്ലേ എല്ലാമെന്ന്
നൂറുവട്ടം ഓതിപ്പഠിക്കുക!
മാറ്റണം ചട്ടങ്ങള്‍, മാറണം മനുഷ്യനും
ശിക്ഷകള്‍ രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍
നിയമത്തിനെന്തുവിലയാണുള്ളത്
എഴുതിയ നിയമത്തിന്‍ മഷിയുണങ്ങും-
മുമ്പേ ഒലിക്കുന്നു രക്തപ്രവാഹം
മായുന്നു നിയമത്തിന്‍ നീതിബോധം
ബലഹീനരാവുന്നു അബലകള്‍
തെരുവിലായ്, പീഡനവഴികളില്‍
പുല്‍ക്കൊടി കണക്കെ പിഴുതെടുക്കുന്നു
ശ്വാസം നിലയ്ക്കുന്നു, കണ്ഠം ഇടറുന്നു
ലോകം കീഴ്‌മേല്‍ മറിയുന്നു
പടികള്‍ തെറ്റുന്നു പിടികള്‍ അയയുന്നു
ചുടുരക്തം ഒഴുകുന്ന ഞെരമ്പുകള്‍
പിടയുന്നു, മുഷ്ടികള്‍ ചുരുട്ടുന്നു
ആകാശം ഇരുളുന്നു, കൊടുങ്കാറ്റടിക്കുന്നു
ക്രോധംകൊണ്ടലറി വിളിക്കുന്നു
പുലമ്പുന്നു, പെരുമ്പറ കൊട്ടുന്നു
ശോകമൂകമാം കറുത്തനിഴലാട്ടങ്ങള്‍
നിരാലംബരീ മനുഷ്യജന്മങ്ങള്‍
വീണടിയുന്നു ആറടിഭാരമായി
ഭൂമിമാതാവിന്‍ നെഞ്ചകത്തില്‍
നിര്‍ഭയരല്ലവര്‍ ഭയചകിതരാണിവര്‍
തെല്ലൊരഭയത്തിനായി യാചിക്കുന്നവര്‍.

No comments:

Post a Comment