Wednesday, December 23, 2015

പെണ്‍ഉടലുകള്‍



എനിക്കത്രയൊന്നും കൗതുകം തോന്നാത്ത 
എന്നുടലിനോട് എന്താണിത്ര കൗതുകം..!
നിങ്ങള്‍ നഗ്‌നമാക്കിയെന്നുടലിനകത്ത്
നഗ്‌നമാകാത്തൊരു മനസ്സുണ്ടെന്നറിയുക..
***** നിന്റെ ഉടലഴകിന്റെ സംഗീതം
അതില്‍ ഉരുകിയൊലിക്കുന്നു
ലോകായുസിന്റെ പുസ്തകം
അത്രമേല്‍ ചൂടും ചൂരുമാണ്

നിന്റെ ഉടലളവിന്റെ ത്രിമാനചിത്രം
കാഴ്ചകളില്‍ മുങ്ങിനിവരുന്നു
കളിക്കോപ്പിനും പടക്കോപ്പിനും
എത്രമേല്‍ ചേര്‍ന്നിരിക്കുന്നു

എന്റെ ഉടലിലേക്ക് ഒലിച്ചിറങ്ങിയ
വിയര്‍പ്പുകണങ്ങള്‍ ആരുടെതാണ്?
കുളിര്‍മഴ കാത്തുനിന്ന എന്നെ
ചുടുമഴയാല്‍ കുളിപ്പിച്ചതാരാണ്?

ഉടലുരിഞ്ഞ് കമ്പിയില്‍ കോര്‍ത്ത
ബലിമൃഗത്തിന്റെ ചോരയും നീരും
അടിമച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച
ഉടലുകളില്‍ തിരയുന്ന കണ്ണുകള്‍

എത്ര ഭോഗിച്ചാലും മതിവരാത്ത
ഉടലുകള്‍, വ്രണങ്ങളാല്‍ പഴുത്തവ
അടിമയുടെ ചാരിത്ര്യത്തിന് വില-
പറയുന്ന ഉടമവര്‍ഗത്തിന്റെ കൗശലം

ആണുടലിനെക്കാള്‍ പൊള്ളുംവില
പെണ്ണുടലിന്റെ തൂക്കത്തിനു ഗുണത്തിനും
കമ്പോളത്തിലെ അവസാനിക്കാത്ത
ആരവം, ആള്‍ക്കൂട്ടം, നിലവിളി...

ഉടലുകളെ പിളര്‍ത്തിയ വാള്‍ത്തല
ഉടലുകളില്‍ ആഴ്ത്തിയ ലോഹതെണ്ട്
അലര്‍ച്ചകളില്‍ ആര്‍ത്തിരമ്പുന്ന
ആണുടലുകളുടെ സംഹാരതാണ്ഡവം

പെണ്‍ഉടലുകള്‍ വേവുന്ന രാത്രികള്‍
അഴകിന്റെ അലിവിന്റെ രതിരാത്രങ്ങള്‍
നിഴലിന്‍മറയിലായി തേങ്ങുന്ന കണ്ണുകള്‍
ഒഴുകുന്നു വിലാപം, ശപിക്കുന്നു ജന്മം

വിട്ടൊഴിയുക പെണ്‍ഉടലിന്റെ പുഴുജന്മം
ആവാഹിക്കുക പുതുജന്മം. നശിച്ച
ഉടലിന്റെ ശേഷക്രിയകള്‍ നടത്തുക
പുല്‍കുക കാളീദേവിതന്‍ രൗദ്രഭാവം...




No comments:

Post a Comment