Thursday, December 31, 2015

വര്‍ഷാവസാനക്കവിത


അമ്മതന്‍ വാല്‍സല്യവും
അച്ഛന്റെ സാമിപ്യവും
അടുത്തിരിക്കുവോളം
അത്രമേല്‍ വേറെന്തുവേണം

ആനയ്ക്കറിയില്ല വലിപ്പമെങ്കിലും
ആളുകളറിയുന്നു ആകാരം
ആദിയും അന്ത്യവും അന്ധകാരം
ആരറിയുന്നു ജഗത്തിന്‍രഹസ്യം

ഇന്നും ഇന്നലെയും നാളെയും
ഇഴചേര്‍ന്നു നെയ്യുന്നു ജീവിതം
ഇണപിരിയാതെ കഴിയേണം
ഇമയടയുന്നതുവരെയെങ്കിലും

ഈശ്വരനെ തേടിയലയുന്നു
ഈച്ചപോല്‍ പാറിപ്പറക്കുന്നു
ഈര്‍ച്ചവാളിന്റെ മൂര്‍ച്ചപോല്‍
ഈശ്വരന്റെ വിധിന്യായങ്ങള്‍

ഉണര്‍ന്നിരിക്കുന്നു മരണം
ഉറങ്ങുന്ന ജീവന്റെയരികില്‍
ഉച്ഛ്വാസനിശ്വാസങ്ങളില്‍
ഉറവപോല്‍ ഒഴുകുന്നു ജീവിതം

ഊഞ്ഞാലിലാടുന്ന പൈതല്‍
ഊറിയൂറിച്ചിരിക്കുന്നു വൃഥാ
ഊതീയരിക്കുന്നു കനലുകള്‍
ഊറിച്ചിരിക്കുന്നു കനവുകള്‍

ഋതുക്കള്‍ മാറീമറയുന്നു
ഋതുമതിപോല്‍ സുന്ദരം
ഋഷിവര്യനെപ്പോല്‍ വശ്യം
ഋഷഭംപോല്‍ സൗമ്യമീ ഭൂമി

എത്ര കരഞ്ഞാലും ചിരിച്ചാലും
എത്തുമോ ജീവന്റെ മറുകരയില്‍
എത്രനാള്‍ കൊതിച്ചിരുന്നാലും
എത്തുമോ ജീവിതലക്ഷ്യത്തിലായ്

ഏഴുസ്വരങ്ങളും മീട്ടിപ്പാടുന്നു പൈങ്കിളി
ഏഴുവര്‍ണ്ണങ്ങളും ചാലിച്ചെഴുതുന്നു വാനം
ഏണിയും പാമ്പും കളിക്കുന്നു ജീവിതം
ഏറിയാല്‍ പാമ്പിന്റെ വായിലായ് ജീവിതം

ഒന്നുചിരിക്കുവാന്‍ ഒന്നിച്ചിരിക്കുവാന്‍
ഒന്നായിത്തീരുവാന്‍ കൊതിക്കുന്നു
ഒടുങ്ങാത്ത ദാഹമായ് മോഹമായ്
ഒരുമാത്രയെങ്കിലും ജന്മസാഫല്യമായ്

ഓര്‍ക്കുവാനാവില്ലയെങ്കിലും
ഓര്‍ത്തെടുക്കുന്നു ഓര്‍മകള്‍
ഓമനിക്കുന്നു ഹൃദയത്തിലായ്
ഓരോ രാവിലും നിദ്രാവിഹീനമായ്

കവിതയായിത്തിരുന്നു ജീവന്‍
ഖരമായുള്ളത് ജലമായിമാറുന്നു
ഗതിയറിയാതെ ഗഗനചാരിയായ്
ഘടികാരപോല്‍ മിടിക്കുന്നു ഹൃദയം

ചരിത്രമാകുന്ന മനുഷ്യജന്മങ്ങള്‍
ഛിദ്രമാക്കുന്നു ചരിത്രശേഷിപ്പുകള്‍
ജീവിക്കുവാനായി നെട്ടോട്ടമോടുന്നു
ഝടുതിയില്‍ ആടുന്നു വേഷങ്ങള്‍

ടവറുകള്‍ പൊങ്ങുന്നു ആകാശത്തിലായ്
ഠേഠേ പൊട്ടുന്നു വെടി അതിര്‍ത്തിയില്‍
ഡ്രാക്കുള ചിരിക്കുന്നു മൊബൈലിലായ്
പ്രൗഢമായ് പറക്കുന്നു വാനില്‍ പതാക

തമസ്സില്‍ വിളങ്ങുന്നു പ്രത്യാശാകിരണം
കഥാകഥനംപോല്‍ ജീവിതഗാഥകള്‍
ദാനമായി കിട്ടിയ ജന്മം, നല്‍കണം
ധനമായും സ്‌നേഹമായും ജീവിതത്തില്‍

പാതിവെന്ത അരിപോല്‍ കഠിനം 
ഫലമില്ലാതെയീ ജീവിതചര്യകള്‍
ബോധമില്ലാതെ ബോധിയായിത്തീരുമോ
ഭംഗം വരുത്താതെ ഭോഗം ശമിക്കണം.








No comments:

Post a Comment