Saturday, January 2, 2016

അക്ഷരഖനി

എഴുതാതിരിക്കുവാനാവില്ല
എഴുതുന്നു മനസ്സിലായ്
പിറുപിറുക്കുന്നു ദേഹം
പറപറായെന്ന് മന്ത്രിക്കുന്നു
ജനിച്ചനാള്‍മുതല്‍ ചലിക്കുന്ന
നാവിനാല്‍ ഉച്ചരിക്കുന്നു വാക്കുകള്‍
വാക്കുകള്‍ പെരുകുന്നു
പാമ്പുപോല്‍ പുളയുന്നു
കണ്ടതും കേട്ടതും കൊതിച്ചതും
നേരിന്റെ നേരിനെ തിരയുന്നു മര്‍ത്ത്യന്‍
എഴുത്താണിപോല്‍ ദൃഢമായ ചിത്തം
ഓലയില്‍ വരഞ്ഞക്ഷരക്കൂട്ടങ്ങള്‍
കടലാസിലായ് വര്‍ണ്ണങ്ങളില്‍
കമ്പ്യൂട്ടറിന്‍ മായാജാലപ്രകാശത്തില്‍
നിഴലും വെളിച്ചവുമായി ചിത്രങ്ങളായ്
അക്ഷരം അക്ഷയപാത്രമായി
ജലസംഭരണിപോല്‍ യന്ത്രസമുച്ചയത്തില്‍
കുത്തിക്കുറിക്കേണ്ട, തെറ്റുതിരുത്തേണ്ട
എല്ലാം മായയില്‍ മായുന്നു, തെളിയുന്നു
എത്ര സുഭഗം ഈ അക്ഷരജാലം
എത്ര സുഭിക്ഷം അക്ഷരതേന്‍കനി
മനസ്സിന്നഗാധതയില്‍ വറ്റിവരളുന്നു
അക്ഷരദാഹം ഏറിക്കയറുന്നു
ഉറക്കത്തും ഉണര്‍വിലും തപംപോല്‍
മന്ത്രധ്വനിപോല്‍ സ്ഫുരിക്കുന്നു
അമ്പത്തിയാറക്ഷരമാലകള്‍ കോര്‍ക്കും
പുഷ്പാര്‍ച്ചനപോല്‍ അര്‍പ്പിക്കുന്നു
നേര്‍ച്ചയായ് നിവേദ്യമായ്
ഹൃദയപുളകം ഹര്‍ഷോന്മാദം
കതിരായി വിളയും പുസ്തകസഞ്ചയം
കനകംപോല്‍ വിളങ്ങും നിലവറകളില്‍
തുറക്കാതിരുന്നാല്‍ കാണാതിരുന്നാല്‍
അതിലുള്ള ലോകം കാണാതെപോകും
ജന്മാന്തരങ്ങള്‍ കൊഴിഞ്ഞെന്നാകിലും
അക്ഷരവെളിച്ചം അണയില്ലകാലേ
ശബ്ദങ്ങള്‍ വാക്കുകള്‍ പദവിന്യാസരീതികള്‍
കാലത്തെ അതിജീവിച്ചിരഞ്ജീവിയായ്
മറവികള്‍ ഓര്‍മയായ് പൂക്കുന്നതുപോല്‍
എഴുത്തുകള്‍ പുറ്റുപോല്‍ മുളയ്ക്കുന്നു
സ്വര്‍ണവും വജ്രവും എത്രയെന്നാലും
പോരില്ല അക്ഷരഖനിയാം അക്ഷയനിധി
മനുഷ്യജന്മമേ നീയെത്ര ധന്യം
ദൈവദാസന്മാര്‍ നിങ്ങള്‍ അതിശക്തരല്ലോ
അറിയാതെ പോയിടും ജന്മംവൃഥാ
പാടില്ല പാരിതില്‍ ശൂന്യമാക്കീടുവാന്‍
വെറുതെയിരുന്നാല്‍ കാലിടറീടും
സമ്യക്കായി വിളക്കിച്ചേര്‍ക്കുക പുണ്യജന്മം.

No comments:

Post a Comment