Saturday, June 13, 2015

ആയുസ്സിന്റെ പുസ്തകം

മഴയ്ക്കും വെയിലിനുമിടയില്‍
കത്തിത്തീരുന്ന സമയനേരം
രാവിലെ ഉച്ച വൈകുന്നേരം
നേരങ്ങളെ മൂന്നായി ഭാഗിച്ച്
രാത്രി ഉറങ്ങിത്തീര്‍ക്കാന്‍
അതിനിടയിലെ സമയങ്ങല്‍
തിരക്കും ആലസ്യവുമാര്‍ന്ന്
ചിലരുടെ തിരക്കുകള്‍
ജനിച്ചനാള്‍ തൊട്ടുമരിക്കുവോളം
ചിലര്‍ക്ക് സമയരഥം ഉരുളാതെ
കറപിടിച്ച് കരിപിടിച്ച് പൊടിപിടിച്ച്
ബസ് സ്റ്റോപ്പിലും പീടികത്തിണ്ണയിലും
വായനശാലയിലെ ഒഴിഞ്ഞമൂലയില്‍
ശൂന്യമായ കടല്‍ത്തീരത്ത്
ആള്‍പ്പാര്‍പ്പില്ലാത്ത പൂരാഗൃഹത്തില്‍
ശ്മശാനത്തിനരികിലെ ഇരിപ്പിടങ്ങളില്‍
അമ്പലമുറ്റങ്ങളിലെ ആല്‍മരച്ചോട്ടില്‍
ട്രെയിനില്ലാനേരത്തെ പ്ലാറ്റ്‌ഫോമില്‍
സമയനേരങ്ങള്‍ വലിഞ്ഞും വലച്ചും
വിശപ്പ് മുറവിളിയായി കുടല്‍മാലകള്‍
ഉറക്കം കനംതൂക്കി തല ചുമടാക്കി
ഉറങ്ങണം ഉണണം ആയുസ്സടുക്കാന്‍
എണ്ണിയാലൊടുങ്ങാത്ത മുഖങ്ങള്‍
അറിയാതെ വളര്‍ന്നവര്‍ സ്വയമറിഞ്ഞ്
ആയുസ്സിന്റെ പുസ്തകം സ്വന്തമാക്കി
അനുഭവങ്ങളുടെ ചോരപതിഞ്ഞ പുറംചട്ട
എഴുതാപ്പുറങ്ങളില്‍ ജീവന്റെ നിഴലാട്ടം
ഇന്നലെ മരിച്ചവര്‍ക്കു പിന്നാലെ
ഇന്ന് മരിച്ചവരുടെ നീണ്ടനിരകള്‍
നാളെ മരിക്കാനിരിക്കുന്നവര്‍ വരിയായി
ജീവിച്ചിരിക്കുന്നവരെക്കാള്‍ ജാഗ്രരുകം
മരിച്ചവര്‍ ഉറ്റുനോക്കുന്നു അടുത്തതാര്?

No comments:

Post a Comment