Sunday, February 15, 2015

വേദന

 തട്ടിയും മുട്ടിയും മുഴക്കുന്നു വേദനയെങ്ങുമേ
വേദനിച്ചും വേവറിഞ്ഞും കുരുക്കുന്നു ജീവിതം.
എന്താണുവേദനയെന്നറിയില്ലയെങ്കിലും അറിയുന്നു
ശരീരമാസകലം നിത്യേന മുറിവായി നീറ്റലായി.

മനസ്സിന്‍വേദന അതൊന്നുവേറെയാണെങ്കിലും
കരളുവിങ്ങിയും ഹൃദയം തകര്‍ന്നും ആളുന്നു
മനസ്സിന്റെ കാണാക്കയങ്ങളിലെന്നുമേ അഗ്നിയായി.
വേദനിക്കാന്‍മാത്രമോ ഉലകില്‍ വാഴുമീ ജീവിതം!

സ്‌നേഹമയി നീന്‍ വിടവാങ്ങല്‍ കൊരുക്കുന്നു,
ചൂണ്ടപോല്‍ ഹൃദയാന്തരലോലവാഹിനികളില്‍.
വേപഥു പൂണ്ടെത്രെനാള്‍ കഴിയേണം സാന്ത്വനം
ലഭിച്ചീടാന്‍, മറവിയുടെ മാറാലയില്‍ ഒളിക്കാന്‍?

ഇടിയുടെ ആഘാതമേറ്റാല്‍ വരും ബോധക്ഷയം
വേദനയുടെ അസഹ്യമാം നിമിഷങ്ങളെ എങ്ങനെ-
ഓര്‍ത്തെടുക്കും, വീണ്ടും പിളരും ഹൃദയലോല-
ഭിത്തികള്‍, നാലറകളില്‍നിന്നുമായി ചുടുചോരയായി.

കാറുംകോളുമായി പെയ്യുന്നു കര്‍ക്കടകക്കറുത്തമേഘം
ഭൂമിയില്‍, ആടുന്നു ഭീകരതാണ്ഡവം ഉരുള്‍പൊട്ടലായി.
രുദ്രതാളമായി ചടുലനൃത്തം ചവിട്ടുന്നു കലിപൂണ്ടങ്ങനെ
വിങ്ങുംമനം, തളരുംതനം, മങ്ങും കാഴ്ചയും കേള്‍വിയും.

മരണം നല്‍കും നിശ്ചലദൃശ്യസ്തൂപ പ്രജ്ഞകള്‍,
തമോഗര്‍ത്തമായി മനസ്സിന്‍ നീലവിഹായസ്സില്‍.
കേള്‍വിയോ കാഴ്ചയോ നശിക്കും, വിചിത്രം മനുഷ്യ
ജന്മത്തിന്‍ ബോധാവബോധപ്രകരണശേഷികള്‍.

മര്‍ത്ത്യനെത്രയുമുത്തുംഗശ്രേണിയില്‍ വിരാജിക്കും
ഒരര്‍ധനിമിഷമാത്രയില്‍ വീഴും വിരേചനവിലാപത്തില്‍
സഹിക്കാന്‍ സഹ്യനോ നാം വിന്ധ്യഹിമവാനോ?
അസഹ്യം ജീവിതം തീര്‍ക്കും കല്ലുമുള്ളുവേലികള്‍.

കോര്‍ത്തും ചേര്‍ത്തും ഉന്മാദപുളകങ്ങള്‍ വിരിയുമാ
വേളയില്‍ ഓര്‍ക്കില്ല കാണില്ല കേള്‍ക്കില്ല തഥ്യമാം
ജിവിതസാരാര്‍ഥ വചസ്സുകള്‍, രമിക്കും മതിവരുവോളം
വേര്‍പെടും വിയര്‍പ്പിന്‍കണങ്ങളില്‍ നീരാവിയായി

വീണ്ടും വീണ്ടും എഴുതുന്നു ആവര്‍ത്തനവിരസത...
പറഞ്ഞതും അറിഞ്ഞതും മുഴങ്ങുന്നു കര്‍ണപടങ്ങളില്‍
കണ്ടുകണ്ടങ്ങനെ ഓക്കാനം വരുമെന്നിരുന്നാലും,
അയവിറയ്ക്കണം ജീവിതം പലവട്ടം പലനേരങ്ങളില്‍.














No comments:

Post a Comment