Friday, September 7, 2018

മാനവികതയുടെ പുതിയ മുഖങ്ങള്‍

മനുഷ്യന്‍ മരിച്ചിട്ടില്ല; മനുഷ്യത്വവും
ജരാനരകള്‍ തിങ്ങിവിങ്ങിയ മനസ്സില്‍
നുരയ്ക്കും സ്‌നേഹത്തിന്‍ ജ്വാലാഗ്നി
കാമനകളടര്‍ന്നു മാനവികതയുടെ
മഹാകാവ്യം രചിക്കും പുതുമുഖങ്ങള്‍
അപരിചിതമാം മുഖങ്ങള്‍ ഞൊടിയിട
വേളയില്‍ മിത്രമായി ബന്ധുവായി
ഹൃദയഭിത്തിയെത്തൊട്ടു ചെരുവിരലാല്‍
ദേശഭേദം, ലിംഗഭേദം മറന്നൂ പുരുഷാരം
സഹജീവികള്‍ കൂടപ്പിറപ്പിനെപ്പോല്‍ 
നെഞ്ചോടുചേര്‍ത്തും മുറുകെപ്പിടിച്ചും..
എങ്ങനെ മറക്കും കാലാന്തരത്തില്‍
മഹാമാരിപോല്‍ പെയ്തിറങ്ങിയ
ദുരന്തമേ.. ഇഹലോകം വിട്ടുപോയോര്‍
ഉറ്റവര്‍ കുടപ്പിറപ്പുകള്‍ മറക്കുമോ
ആയുസ്സൊടുങ്ങുമാ നാള്‍വരെ
വെറുപ്പില്ല, സ്‌നേഹമാണമഖിലം...
പച്ചമൂടിയ പ്രകൃതിയെ ചുരന്നൊഴുകും
ചെറുനീര്‍ത്തടപ്രവാഹം വേഗമായി
പുഴയായി നദിയായി ഞൊടിയിടനേരം
കടലായി ചുഴിയായി ചുഴറ്റിയെറിഞ്ഞു-
ആയുഷ്‌കാലം സ്വരുകൂട്ടിയ സ്വപ്‌നങ്ങള്‍.
മനുഷ്യദേഹം ചെളിയില്‍ പുരണ്ടാലും
തെളിനീര്‍പോല്‍ പരിശുദ്ധമാം ആത്മ-
സ്വരുപം കണക്കെ തെളിയുമാം മന്ദസ്മിതം
പൂവും തളിരില കായ്ക്കും ചില്ലകള്‍
ആനന്ദനൃത്തമാടും കാനനച്ഛായകള്‍
മാനും മയിലും അരുമയാം മുയലും
ഗര്‍ജിക്കും സിംഹരാജനും വിഹരിക്കുമാ
ശുദ്ധവായുനിരഞ്ഞൊരാ കൊടുങ്കാടും
പൂര്‍വികര്‍ ജനിമൃതികള്‍ തീര്‍ത്തൊരാ
സ്ഥലികള്‍, സര്‍പ്പങ്ങള്‍ കുടിപ്പാര്‍ക്കും
കാവും നെയ്വിളക്കിന്‍ ചെറുനാളവും
എത്രമേല്‍ സ്‌നിഗ്ധമാം ഓര്‍മകള്‍
അമ്മയെ മറന്നൊരുജീവിതം കാമിപ്പാന്‍
വയ്യന്നൊരു വിധിനിര്‍ണയം സത്യമായി
പ്രകൃതിയാം സത്യസ്വരൂപം തന്‍മക്കളെ
കാക്കും സ്വയംഹത്യചെയ്തന്നാകിലും
കാക്കണം നിന്നെ ഏല്പിച്ചൊരാച്ചുമതല
വരുംതലമുറയ്ക്കു കാണിക്കപോല്‍..
പോറലേക്കരുത് ഒരുമാത്രയെങ്കിലും
മറവിയായ് മനുഷ്വത്വമെന്ന ചതുരാക്ഷരം.


No comments:

Post a Comment