Monday, October 8, 2018

പിറന്ന മണ്ണില്‍

പത്തുമാസം കിടന്നൊരായിരുളിന്‍
ഗര്‍ഭഗൃഹത്തിന്‍ ഇടനാഴിയില്‍നിന്ന്
സുശോഭിതം തിളങ്ങും ഭൂമിയില്‍
പിറന്നു വീണൊരാനിമിഷനേരം..
പൊക്കിള്‍ക്കൊടി അറുത്തുമാറ്റവേ
വിങ്ങും ഹൃദയം തുടിച്ചുവോ..
മാതൃവാത്സല്യത്തിന്‍ തണുപ്പില്‍
അമ്മതന്‍കരതലം കോരിയെടുക്കവേ
സുരക്ഷിതമായ് പ്രാണന്‍ തുളിമ്പിയോ..
ആദ്യമായ് ചുണ്ടില്‍ നുണഞ്ഞൊരാ,
അമ്മിഞ്ഞപ്പാലിന്‍ നറുതേന്‍മണം
വിസ്മരിക്കുമോ ആയുസ്സില്‍..
മുട്ടിലിഴഞ്ഞും ഇരുന്നും നടന്നും
മണ്ണില്‍ കളിച്ചും കുളിച്ചും... 
മണ്ണില്‍ കിളിര്‍ത്തൊരാ പുല്‍ച്ചെടി-
ത്തണ്ണുപ്പില്‍ നഗ്നമാം പാദങ്ങള്‍..
എത്ര നടന്നാലും തീരാദൂരത്തെ
താണ്ടിയും തീണ്ടിയും കാലത്തിനൊപ്പം
പിന്നിലും മുന്നിലായ് നിശ്വാസവേളകള്‍..
പിറന്നമണ്ണിലായ് ആറടിമണ്ണിനായ്
കുതിക്കുന്നു ജീവന്‍ കൊതിയുമായ്
എത്ര ജീവനുകള്‍ കടന്നുപോയ്
ഈവഴിത്താരയില്‍ വ്യഥയുമായ്വൃഥാ..
പിറന്നമണ്ണിലായ് ഉറച്ചകാലുമായ്
ജീവിതം തീര്‍ക്കണം കണക്കുകള്‍..
ഇണയുമൊത്തു തീര്‍ത്തസ്വപ്‌നങ്ങള്‍
കളിചിരിയുടെ ധന്യമാംമുഹൂര്‍ത്തം
കുഞ്ഞുകാലുകള്‍ പിച്ചവയ്ക്കും
ചാണകമെഴുകിയ മുറ്റമാകയായ്..
ഓണം വന്നതും പൂക്കളിറുത്തതും
ഓണപ്പാട്ടും പൂവിളിയും പിന്നെയും..
തീര്‍ത്ഥാടനം കഴിഞ്ഞു പിന്‍വിളിപോല്‍
വീണ്ടുമെത്തുന്നു പിറന്നമണ്ണിലായ്..
സ്വന്തമായ് ആരുമില്ലെങ്കിലും 
സ്വയംനിറയുന്നു വാനോളമായ്
എത്ര ജന്മങ്ങള്‍ പോയ്മറഞ്ഞാലും
വിസ്മരിച്ചീടുമോ പിറന്നമണ്ണിന്‍
സുഗന്ധവും മഹത്വവും മാനവര്‍.

No comments:

Post a Comment