Sunday, November 4, 2018

വിശക്കുന്നവന്റെ വേദാന്തം

വിശക്കുന്നവനുമുമ്പില്‍
വേദാന്തം പറയരുത്
എന്തുകൊണ്ടെന്നാല്‍
അവന്റെ അന്തമില്ലാത്ത
വേദാന്തം മുഴുവനും വിശപ്പാണ്..
പ്രകൃതിയുടെ ഉള്‍വിളിയായി
നിലവിളിപോലെ വിശപ്പ്...!

വേദാന്തം അരച്ചുകലക്കിയ
വേദാന്തിയെക്കാള്‍
വേദത്തിന്റെ പൊരുള്‍
ഉരുക്കഴിക്കാന്‍ യോഗ്യന്‍...
വിശപ്പിന്റെ ഒരിക്കലും
അടങ്ങാത്ത കാളലറിഞ്ഞവന്‍..!

വിശന്നുമരിച്ചവന്റെ അസ്ഥികുടം
ഒരിക്കലും നിങ്ങളോട് ചിരിക്കില്ല
ദൈന്യം വിതയ്ക്കുന്ന 
കളകള്‍നിറഞ്ഞ കൊയ്ത്തുപാടം 
പോലെ വിളറ്‌യതാവും മുഖപടം..
ഒറ്റക്കാലില്‍ നില്‍ക്കുന്ന
വെള്ളക്കൊറ്റികളോ
ചുണ്ടുചോപ്പിച്ച പഞ്ചവര്‍ണ്ണകിളികളോ
അവിടെ ദേശാടനത്തിനു വരില്ല..!
മൃത്യുവിന്റെ കരങ്ങളില്‍ 
അഭയം പ്രാപിച്ചവന്റെ ആത്മാവാണത്.
ദൈവം പിഴച്ചുപെറ്റവന് 
അന്ത്യ അത്താഴം വിശപ്പിന്റെ ബലിച്ചോറാണ്...!

കൊടികളുടെ നിറങ്ങള്‍ 
എത്രമേല്‍ വാനില്‍പ്പാറിപ്പറന്നാലും
കൊടിയടയാളം പതിച്ച ശവക്കച്ച
അവന്റെ നെഞ്ചിനുമേല്‍ വിരിക്കില്ല.
ആദരാഞ്ജലിയുടെ നിറമന്ത്രം 
ആരും ഉരുവിടില്ല...
സ്വപ്‌നങ്ങളില്‍ വര്‍ണ്ണം നിറച്ചവന്
മരണത്തിന്റെ തിരശീലയില്‍ മടക്കം.

ഭരണഘടനയുടെ എഴുതപ്പെടാതെപോയ
പേജുകളാണ് അവന് ആശ്രയമാവുക....
പട്ടാളബൂട്ടുകളും തോക്കിന്‍പാത്തിയും
അവന്റെ വിശന്ന വയറിനുമേല്‍
അമൂര്‍ത്ത ചിത്രങ്ങള്‍ വരഞ്ഞിരിക്കും...!

വിശന്നുമരിച്ചവനെ ചരമക്കോളത്തില്‍
എങ്ങനെയാവും അടയാളപ്പെടുത്തുക?
വെളിപാടുപുസ്തകംപോലെ
വെളിപ്പെട്ട വാരിയെല്ലില്‍ ക്രൂശിതനായവന്‍...!
ഭ്രാന്തിയുടെ വിശന്നവയറിലെ
ഗര്‍ഭപാത്രത്തില്‍ ഇനിയൊരു ജന്മവും 
ഉരുപൊട്ടി, പാപിയുടെ ജന്മവുമായി
ഭൂമിയുടെ മടിത്തട്ടില്‍ പിറവികൊള്ളരുതേ...!!





No comments:

Post a Comment