Friday, November 2, 2012

ദു:ഖച്ചുടല

നിന്റെ ദു:ഖം എന്റേതുകൂടിയാണ്
നിന്റെ ഹൃദയറകളില്‍
ഉരുകിയൊലിക്കുന്ന ലാവ
എന്റെ കണ്ണിലൂടെ തിളച്ചൊഴുകും.
നിഷ്‌ക്കളങ്കമായ നിന്റെ പുഞ്ചിരിയില്‍
ഞാന്‍ ഈ ലോകത്തെ മറന്നുറങ്ങും.
നിന്റെ വിരലുകളുടെ നിരപരാധിത്വം
എന്റെ ഹൃദയഭിത്തികളെ കോറിയിടും.
നിന്റെ മനസ്സ് കണ്ണാടിചില്ലിലൂടെ
കാണുന്ന നീലാകാശംപോലെയാണ്.
എനിക്ക് നിന്നോട് പറയാന്‍ വാക്കുകളില്ല
എന്റെ വാക്കുകള്‍ക്ക് സത്യത്തിന്റെ,
പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ,
കൂര്‍ത്തമുനകളാണ്.
നിന്റെ മനസ്സിനെ അത് കൊളുത്തിവലിക്കും.
ചുട്ടുപൊള്ളുന്ന തീക്കട്ടപോലെ,
ആര്‍ദ്രമായ നിന്റെ മനസ്സിനെ
ആ വാക്കുകള്‍ കരിയിച്ചുകളയും,
കല്ലില്‍ കൊത്തിവച്ച ചിരിയാണ് എന്റേത്
അതിന് ഭാവഭേദങ്ങളില്ല-
മരിച്ച മനുഷ്യന്റെ പുഞ്ചിരിപോലെ.
ചിരിച്ചുകൊണ്ടു ആളുകള്‍ തിക്കിതിരക്കും,
ആ മന്ദസ്മിതം ഒരുനോക്കുകാണാന്‍.
മരിച്ചവന്റെ രൂപം എന്റെ മനസ്സിലാണ്
അതുകൊണ്ട് അവന്റെ ജീവനുള്ള
പുഞ്ചിരിയെ ഞാന്‍ താലോലിക്കും
നിന്റെ കണ്ണുകളില്‍ ലോകം 
സൗമ്യവും ദീപ്തവുമായിരിക്കും.
നീ അറിയരുത്: ലോകം കത്തിയെരിയുന്ന 
ദു:ഖചുടലയാണെന്ന്!

No comments:

Post a Comment