Thursday, October 10, 2013

അകംപൊരുള്‍

ആരോ ചോദിക്കുന്നു
മഹാഭാരതവും രാമായണവും
അറിയുമോയെന്ന്?

ക്രിസ്തുവിനേയും 
നബിതിരുമേനിയേയും
കണ്ടുവോയെന്ന്?

ദരിദ്രരാമനേയും
തെങ്ങില്‍ കയറിയ
ശങ്കരനേയും പരിചയമുണ്ടോയെന്ന്?

ഉടുമുണ്ടുമുറുക്കിയുടുക്കാന്‍
പഠിപ്പിച്ച രാഷ്ട്രപിതാവിനെ
മന:പാഠമാക്കിയോയെന്ന്?

നിന്റെ അച്ഛന്റെയച്ഛന്റെയച്ഛന്റെ
പിന്നെയും അച്ഛന്റെയച്ഛനെ
ഓര്‍ക്കുന്നുവോയെന്ന്?

നീ എന്താണെന്നും 
നീ ഇതല്ലെന്നും അതാണെന്നും 
അനുഭവിക്കുന്നുണ്ടോയെന്ന്?

നിന്റെ കാഴ്ചയും തോന്നലും
യഥാര്‍ത്ഥമല്ലെന്നും
അത് മായയാണെന്നും!

നീ വന്ന വഴിമറന്നെന്നാല്‍
നിന്റെ അമ്മയെ മറക്കലാണെന്നും
നിന്നെ മായ്ക്കലാണെന്നും!

കാടിനെ കണ്ടോ കടലിനെ തൊട്ടോ
കണ്ടതും കേട്ടതും പതിരല്ല
പൊരുളുണ്ട് അതിലേറെയായി!

കണ്ണെഴുതി, പൊട്ടുതൊട്ടും
കാതണിഞ്ഞും മാറിലാടയാഭരണങ്ങളില്‍
ശോഭിക്കും നീ അണഞ്ഞുപോം!

ഒരു കെടാവിളക്കിന്‍ തിരിനാളത്തെ
ഇരുകൈകളാല്‍ അണയാതെ
കാക്കുമാ നിന്‍ ഹൃത്തടം!

ഒരു ചാണ്‍നൂലിനാല്‍ കെട്ടിയപട്ടം
പോലെ, ഇരുതൂണിനാല്‍ പൂട്ടിയ
ചരടില്‍ നൃത്തമാടുന്നു നീ...








No comments:

Post a Comment