Monday, September 23, 2013

നീയെന്‍ സഖീ......

ആകാശനീലിമ കാണ്‍കെ
മനതാരില്‍ മാരിവില്ലുദിക്കുന്നു
എന്നിട്ടും എന്തേ സഖീ
നീ വന്നില്ല, എന്‍മടിത്തട്ടില്‍

നിന്നോടൊരുപാട് സ്‌നേഹ-
മാണെന്നെങ്കിലും ഉരിയാടിയില്ല
ഞാന്‍ നിന്നോടൊരിക്കലും
അതെന്‍ തെറ്റുകുറ്റമോ?

എങ്കിലുമെനിക്കു സ്‌നേഹമാണൊ-
രിക്കലും തീരാത്ത സ്‌നേഹം
വരിയിലും വാക്കിലും ഒതുങ്ങാത്ത
മായാമയൂരംപോല്‍ മനോഹരം

ആദ്യമായി നിന്നെ കണ്ടതോര്‍മ്മ
മധുരമാമോര്‍മ്മ-അഞ്ചാം ക്ലാസില്‍
ജനാലയിലൂടെ നീ നടന്നകലുമാ-
നിന്‍ പാദസരമണിയാത്ത പാദങ്ങള്‍

അടുത്ത ബഞ്ചില്‍, കണ്‍മുന്നിലായ്
അരികിലായി നിന്‍ മന്ദസ്മിതം തൂകും
മുഖകാന്തിയെന്‍ മനസ്സില്‍ ഇന്നുമേ
മായാതെ മങ്ങാതെ തെളിവാര്‍ന്ന്

പിന്നെ കൂട്ടുകാരികള്‍ക്കൊപ്പം
നടന്നും ഓടിയും കിതച്ചും നീ
പോയ വഴികളിലൊക്കെയും ഞാന്‍
നിന്‍ നിഴലായി നിനക്കൊപ്പം

നീ കണ്ടതേയില്ല എന്‍ കാലടികള്‍
നിറയുമെന്‍ കണ്‍കോണുകള്‍
ഉരുകുമെന്‍ മനം; തകരുമെന്‍ ഹൃത്-
തടം, എങ്കിലും തളര്‍ന്നില്ല ഞാന്‍

കാലവും വര്‍ഷവും പെയ്‌തൊഴി-
ഞ്ഞെന്നാലും, വേനലില്‍ പുഴയും
തടാകവും വറ്റിയെന്നാലും, പാതി-
വഴിയില്‍ ഉപേക്ഷിച്ചില്ല നിന്നെ ഞാന്‍

ഇരുണ്ട നഭസ്സില്‍ തെളിയും നക്ഷത്ര
തിളക്കങ്ങളില്‍ കണ്ടു ഞാന്‍ നിന്‍
പുഞ്ചിരി പുളക മനോരഥ ചക്രം
എത്ര ഉന്മാദമാം ആകാശ കാഴ്ച

അമ്പലനടയിലായി തുളസിക്കതിര്‍
ചൂടി, വെള്ളമൂറും മുടിയലകളില്‍
സിന്ദൂരം പടരാതൊരാ നെറ്റിതട
ത്തില്‍ നീ ചാര്‍ത്തുമാ ചന്ദനക്കുറി

എത്ര മനോഹരം നിന്‍ മുഖചിത്രം
എത്ര മായിച്ചാലും തെളിവാര്‍ന്ന്
്അത്രമേല്‍ തരളിതം ലോലിതം
മറിക്കാനാവില്ലൊരിക്കലുമെനിക്ക്

നീ നടന്ന തൊടിയിലും വരമ്പിലും
മായാതെ മറയാതെ നില്‍ക്കുമാ
മന്ദസ്മിതം കലരുമാ സുഗന്ധം
എന്നില്‍ നിറയും മനം നിറയെ.

തെളിനീരുവറ്റാത്ത ഉറവപോല്‍
നിറയും, പടരും നിന്നോര്‍മകള്‍
ബസ്സിലും ട്രെയിനിലും പാത-
വഴിവക്കിലും കാണുന്നു നിന്നെ

ഒരുവേള ഭയപ്പെട്ടു ഞാന്‍ നിന്നെ
നീ അലിഞ്ഞില്ലാതാകുമോ ഈ
കാലപ്രവാഹത്തിന്‍ കുത്തൊഴിക്കില്‍
ഇല്ല, നീ വിടര്‍ന്നുപരിലസിക്കുന്നു.




















No comments:

Post a Comment