Thursday, January 9, 2014

ഓര്‍ക്കാപ്പുറത്ത്‌

അവളെ കാണുമെന്നൊരിക്കലും കരുതിയില്ല
എങ്കിലുംമെന്തേ അവള്‍ക്കരികിലായി
ആഗ്രഹങ്ങളുടെ അമിതാവേഗത്തില്‍.
കാലുകളാല്‍ ചലിപ്പിക്കുന്നത്
കാരണവും നിമിത്തവും 
ഭൂമിയും സൂര്യനുപോലെ

വൃത്തവും ഭാവവും സംഗതിയും 
മതിലുകള്‍ പൊളിയുതും ഇടിഞ്ഞുവീഴുതും
ഒരിക്കലും മാറാത്ത മാറ്റത്തിന്റെ തിയറിയാണ്
എങ്ങനെ ഉറങ്ങണം എന്ന് ആര്‍ക്കാണ് 
വാശിപ്പിടിക്കാനാവുക. 56 അക്ഷരങ്ങളില്‍
ചുരുണ്ടും നീട്ടിയും കുറുകിയും പുലരുവോളം.

ഒരു ഹിമാലയം തരൂ ചുമക്കട്ടെ; 
ഉത്തുംഗത്തിലേക്കു കയറെട്ട!
കയറി കയറി പോയവര്‍ തിരികെ ഇറങ്ങാത്തവര്‍
മഞ്ഞുപാളികളില്‍ മമ്മിയായതും
കുണ്ഡലിയെ ഉണര്‍ത്തി ഉന്മാദംകൊണ്ടതും

മുന്‍പേ പറയാന്‍ തള്ളിയ വാക്കുകളുടെ
സൂനാമി തൊണ്ടയില്‍ കിതക്കുന്നു
പറയാന്‍ ഒരു കടലോളം
കടലമണിയോളം മിണ്ടിയാല്‍ നന്ന്
പൊട്ടിച്ചിരിച്ചു നിശബ്ദയാവുന്നത്
ചിന്നിച്ചിതറുന്ന വെള്ളിത്തിരമാലപോല്‍

മുഖകാന്തിയെക്കാള്‍ ഞാന്‍
ഇഷ്ടപ്പെടുന്നത് സ്ഫടികസമാനമായ
തുടര്‍ചലനങ്ങള്‍ നല്‍കുന്ന പൊട്ടിച്ചിരിയാണ്
കര്‍ണാമൃതം, മാസ്മരികം ചിരി തരംഗം.

ഒരുവേള ചൈനീസ് പടക്കം അസൂയപ്പെടും

പിന്നീടുള്ള നിശ്ശബ്ദതയില്‍; വീണ്ടും 
ചിരിയുടെ വരവിനായി വിങ്ങി വിങ്ങി
പറഞ്ഞുതുളിമ്പിയ വാക്പ്രവാഹത്തില്‍
എത്ര വട്ടം പൊട്ടിച്ചിരിച്ചു
ഓര്‍ത്തെടുക്കുന്നു, മനസ്സില്‍ മാലപ്പടക്കമായി

രക്തതിളപ്പും പ്രവാഹവും നിലയ്ക്കാറായി
എല്ലാം വേഗം വേണം: ശണ്ഠയും ശുണ്ഠിയും
ചെയ്തുതീര്‍ക്കാന്‍ ഒത്തിരി; ഒരുപാടുപോലെ
കിതയ്ക്കുന്നു കിതയ്ക്കാതെ
ചാകാതിരിക്കാന്‍ ആവില്ലെന്ന ആവലാതി
ക്യൂവില്‍ നിന്നു തള്ളുകയ്ല്ല; 
ക്യൂവിലേക്കു തള്ളുകയാണ്
മാരണംപോലെ മരണമണി; കാത്തിരിപ്പ്!

കാണാന്‍ കൊതിച്ചവരൊക്കയും മുന്നിലൂടെ; 
അവര്‍ക്കു പിന്നിലൂടെ എന്നിലേക്ക്.
മറവി ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കില്ല
ഓര്‍മയായി തിരിച്ചുവരും, പെരുവഴിയില്‍!
അവസാനശ്വാസത്തോടൊപ്പം
ആശ്വാസത്തിന്റെ നിശ്വാസപെരുമയില്‍
അന്ത്യകുദാശയും അന്ത്യത്താഴവും.

പിന്നെയും പിന്നെയും ഓര്‍ത്തുപോവുന്നു
ഓര്‍ക്കാപ്പുറത്തെ തുറക്കാത്ത വാതില്‍
ഒരു ചൂണ്ടക്കുരുക്കുപോലെ
ചൂണ്ടയിലേക്ക് ആകര്‍ഷിക്കുതും
അണ്ണാക്കിനെ കൊളുത്തിപ്പിളര്‍ക്കുന്നതും
വേദനയാല്‍ പിടഞ്ഞു പൊട്ടിക്കരയുന്നതും.





No comments:

Post a Comment