Sunday, October 4, 2015

കവിയുടെ പുല
-------------------------------
കവി
അവന്‍റെ പ്രണയം ഉദാത്തമാണ്
അവന്‍റെ പ്രണയം ആര്‍ദ്രമാണ് 
അവന്‍റെ പ്രണയം വികാരതീവ്രമാണ്
അവന്‍റെ പ്രണയം ഭാവനാസമ്പുഷ്ടമാണ്
അവന്‍റെ പ്രണയം കൊതിപ്പിക്കുന്നതാണ്
അവനാല്‍ പ്രണയിക്കപ്പെടാന്‍
അവനാല്‍ എഴുതപ്പെടാന്‍
അവന്‍റെ അക്ഷരങ്ങളിലൂടെ തലോലിക്കപ്പെടാന്‍
അവന്‍റെ അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുവാന്‍
അവനെ പ്രണയിച്ചു പ്രണയിച്ചു അടിമപ്പെടുത്തുവാന്‍
അവനെ സ്വന്തമാക്കി എന്നഹങ്കരിക്കുവാന്‍ കഴിഞ്ഞാല്‍..
ഒടുവില്‍ ,
കാവ്യ ജീവിതം , യാഥാര്‍ത്ഥ്യങ്ങളെ നോക്കി പല്ലിളിക്കും
കാവ്യ ജീവിതം , ലോകത്തോട് പുലയാട്ടു നടത്തും
കവി , കടമകളുടെ , ബന്ധനങ്ങളുടെ കെട്ടുപൊട്ടിക്കും
കവി , വായിക്കപ്പെടാന്‍ ആരാധിക്കപ്പെടാന്‍ മാത്രമുള്ളവന്‍
കവിക്ക്‌ ജീവിതത്തോടു പുലയാണ് പോലും പുല ..

- RadhaMeera's Poem


കവി എന്താണെന്നും എന്താകണമെന്നും ഉള്ള വെളിപാടിനു ഇതില്‍പ്പരം മറ്റെന്താണ്? ഇത്രമേല്‍ ഒരു കവിയെ തിരിച്ചറിയാന്‍ ആ കവി മനസ്സിനെ ആവാഹിച്ചെടുക്കാന്‍ മറ്റൊരു കവിക്കുപോലുമാകുമെന്ന് തോന്നുന്നില്ല, ഇത് ദൈവവചനം ഉരുവിടുന്ന പ്രബോധകന്റെ വാക്കുകളാണ്. ഉദാത്തവും ആര്‍ദ്രവും വികാരഭരിതവും ഭാവനാസമ്പുഷ്ടവുമായ ഒരു പ്രണയത്തെ ആര്‍ക്കാന്‍ സങ്കല്പിക്കാന്‍ കഴിയുക. ഒരു ഉറവപോലെ പൊട്ടിയോലിക്കുന്ന സ്‌നേഹപ്രവാഹമാണ് കവിയുടെ പ്രണയം. അത് നില്‍ക്കാതെ തോരാതെ പെയ്യുന്ന മഴയുടെ താളബോധത്തിലേക്ക് നമ്മെ ഉണര്‍ത്തും. തടഞ്ഞുവച്ചാലും ഊറിയൊലിക്കുന്ന മധുരാമൃതംപോലെ രസദീപ്തമാണ് കവിയുടെ വരികളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാവപ്രപഞ്ചം. അതിനെ ഇഷ്ട്‌പെടാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. മനസ്സില്‍ പ്രണയത്തിന്റെ ഒരു നുറുങ്ങുവെട്ടമെങ്കിലും കത്തിയെരിയുന്ന മനുഷ്യമനസ്സാണെങ്കില്‍ കവിയില്‍ ജന്മകൊള്ളുന്ന അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ കൊതിവരാതിരിക്കില്ല. അതിനെ ലാളിക്കാന്‍ അതില്‍ ലയിച്ചു ഹര്‍ഷപുളകിതമാകാന്‍. പ്രണയം അടിമയുടെ വിനീത വിധേയത്വം നല്‍കുന്ന സുഖമാണ് പ്രദാനം ചെയ്യുന്നു. അടിമയുടെ സുഖം ഒരു അടിമയോടുതന്നെ ചോദിച്ചറിയേണ്ട വികാരമാണ്. യജമാനന്റെ വാക്കിലും നോക്കിലും തേന്‍ തിരയുന്ന ഒരു വണ്ടിനെപ്പോലെ, സ്വയം മറന്നുഇല്ലാതാകുന്ന സുഖം. തന്റെ പെരുവിരലില്‍ താങ്ങിനിര്‍ത്തുന്ന അഹംബോധത്തിന്റെ എരിഞ്ഞടങ്ങുന്ന ചാരസമാനമായ ഭാരമില്ലായ്മ. അതാണ് കവിയുമായുള്ള സമഭാവനയില്‍ ഉരുത്തിരിയുന്ന കാന്തികപ്രഭാവം. മസില്‍ പെരുപ്പിച്ചു ലോകത്തെ വെല്ലുന്ന വില്ലാളി വീരന്റെ ധൈര്യവും ധാര്‍ഷ്ട്യവും ഒരു കവിയില്‍ എത്രമാത്രം നിസ്സാരമായാണ് ദര്‍ശനമായി വിളങ്ങുന്നത്. മനസ്സിന്റെ നൈര്‍മല്യവും ശരീരത്തിന്റെ സ്‌നിഗ്ദ്ധതയും കവിയുടെ സാന്നിധ്യത്തെ അസ്പര്‍ശ്യമാക്കുന്നു. പൊള്ളുന്ന തീനാമ്പില്‍ വിരലോടിക്കുന്ന, ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ആയുധത്തെ തലോടുന്ന, ബന്ധനങ്ങളില്‍ ബന്ധിക്കപ്പെടാത്ത അതിലോലവും തരളിതവുമായ ആ മനസ്സിനെ എന്തിനോടാണ് ഉപമിക്കുക. ഹിമവല്‍ശിഖരത്തിന്റെ രൗദ്രനൃത്തമാടുന്ന ജടധാരിയായ ശിവനാമത്തോടെ, കലിപൂണ്ടു പ്രതികാരദാഹിയായ കാളീരൂപത്തോടോ, സര്‍വം സഹയായ ഭൂമിദേവിയോടോ.... കവിക്കു ജീവിതം പുലകുളിയടിന്തിരമാകുന്നു. അത് ഉച്ഛാടനം ചെയ്യാനല്ല, ആ ജീവിതത്തെ തന്നിലേക്ക് ആവാഹിച്ച് ശ്മശാനകാവക്കാരനെപ്പോലെ എരിയുന്ന ജീവന്റെ ആത്മാവില്‍നിന്നു ഒരിക്കലും അണയാത്ത ഊര്‍ജത്തെ സ്വായത്തമാക്കാനാണ്. മരണംപോലും ഉല്‍സവമാകുന്ന ജീവിതം, പുലകുളിഅടിയന്തിരം.

No comments:

Post a Comment