Monday, June 27, 2016

മഴ



ഇരച്ചുപാഞ്ഞുവരുന്ന തീവണ്ടിപോലെ മഴ
ചറപറാന്ന് പെയ്ത് ഒച്ചയും ബഹളവുമായി
പിന്നെ, വിയര്‍ത്തുകുളിച്ച് തളര്‍ന്നുറങ്ങി
കോട്ടുവായിട്ടു ചുരുണ്ടുറങ്ങുന്ന പൂച്ചയായ്
ഇരുണ്ടമഴയില്‍ നനഞ്ഞുകുളിച്ചു വാഴയിലയുമായ്
വയല്‍വരമ്പിലൂടെ കുനിഞ്ഞൊടിഞ്ഞ് നിഴലായ് ഒരാള്‍
തോടും വരമ്പും ചെളിവെള്ളത്താല്‍ നിറഞ്ഞൊഴുകി
കാറ്റിരമ്പത്തില്‍ കാടിളകി, പേയിളകിയ നായപോലെ
തെങ്ങോലയിലും പ്ലാവിന്‍കൊമ്പിലും വിറങ്ങലിച്ച് കാക്കകള്‍
റോഡുകള്‍ തോടുകള്‍, തോടുകള്‍ പുഴകളായി
പുഴകള്‍ കടലുതേടി കൊമ്പുകോര്‍ത്തു ഇരച്ചുപാഞ്ഞു
കടല്‍ തിരയിളക്കി പതഞ്ഞുപൊങ്ങി ആകാശംമുട്ടെയായ്
കരയിലും കടലിലും കാട്ടിലും മേട്ടിലും മഴ മദംമിളക്കി
കൊമ്പനും സിംഹവും രാജാധിരാജന്മാര്‍ ഭൃത്യരായി
തലയും കുമ്പിട്ടു വാലും ചുരുട്ടി നമ്രശിരസ്‌കരായി
കുടിലിലും കൊട്ടാരത്തിലും ആശ്വാസനിശ്വാസം
ആവേഗംപൂണ്ടു ഭക്തിപാരവശ്യം, പിറുപിറുക്കല്‍
ഇടിവെട്ടി മിന്നല്‍ വാപിളര്‍ന്ന് കാറ്റ് ജീവനെത്തേടി
തവളകള്‍ മീനുകള്‍ ഉല്‍സാഹത്തിമര്‍പ്പില്‍ ആര്‍ത്തലച്ചു
മണ്ണാക്കട്ടയും കരിയിലയും വീണ്ടുമൊന്നായി യാത്രയായ്
കുഞ്ഞുങ്ങള്‍ വാവിട്ടുനിലവിളിച്ചു ചൂടിനായ് മുട്ടിയുരുമ്മി
അമ്മമാര്‍ അന്ധിച്ചുവാപിളര്‍ന്നു കണ്ണുമിഴിച്ചു പ്രതിമപോല്‍
മുത്തശ്ശി നാമജപം തുടങ്ങി, മുത്തച്ഛന്‍ കസേര വിട്ടൊഴിഞ്ഞു
അടുപ്പുകള്‍ നനഞ്ഞുപുകഞ്ഞു, കലത്തില്‍ അരിയായിഅന്നം
എത്രവര്‍ഷങ്ങള്‍ പോയിമറഞ്ഞെന്നാലും മറക്കുമോ 
പോയ വര്‍ഷകാലം, വര്‍ഷമായി പെയ്യും മനസ്സുനിറയെ
ഭൂമിയും വാനവും കുളിച്ചുപുഷ്പിണിയായി വിളങ്ങിടുന്നു
കുളിച്ചുകുറിയിട്ട അംഗനപോല്‍ അഴിച്ചിട്ടമുടിയുമായ്
മിഴിതുറക്കുന്നു ജീവന്‍, മുളപൊട്ടിടുന്നു സസ്യജാലം
വളരുന്നു തളിര്‍ക്കുന്നു ജീവിതം പുതുജന്മമായ്....

No comments:

Post a Comment