Monday, June 27, 2016

ബാക്കിയായത്

എത്ര ശ്രമിച്ചിട്ടും എന്നെ വിടാന്‍ 
എനിക്കാവുന്നില്ല
ഞാന്‍ ഒരു സംഭവംതന്നെ!
സെല്‍ഫിയിലും മുഖപുസ്തകത്തിലും
ഇരിപ്പിലും നടപ്പിലും
എന്നെക്കാള്‍ വലിയവരില്ല?
ഒറ്റയ്ക്കാവുമ്പോള്‍ ഞാനൊരു ഹീറോ
ഇരട്ടയ്ക്ക് ഒരു സഹനടന്‍
അണ്ണാന്‍ കുഞ്ഞും തന്നാലായത്
അങ്ങനെ ഇങ്ങനെ ഒരു ജീവിതം
ക്ഷണിച്ചും ക്ഷീണിച്ചും ദിനചര്യ
സ്വപ്‌നങ്ങള്‍ - ഒരിക്കലും റിലീസാവാത്ത
പടംപോലെ, പൊടിപിടിച്ചും മങ്ങിയും
കട്ടപിടിച്ച ഇരുട്ടിനുമുന്നില്‍ പതറി
മഞ്ഞവെളിച്ചത്തില്‍ കുതറി
ഓളങ്ങളില്ലാത്ത ജലാശയം
പാളംപോലെ നീണ്ടുമെലിഞ്ഞ്
ശ്വാസം നില്‍ക്കുന്നതിനുമുമ്പുള്ള ദീര്‍ഘശ്വാസം
നിന്നെ കാണാന്‍ എന്നെക്കാള്‍ സുന്ദരം
നീളത്തിലും വണ്ണത്തിലും 
കണ്ണഴകിലും നെറ്റിത്തടത്തിലും
നുണക്കുഴിക്കവിളും പൂമുല്ലപ്പല്ലിലും
ചിന്തയിലും ചന്തയിലും നിന്നെ കാണും
ദൂരങ്ങളൊക്കെ റബര്‍ബാന്‍ഡ് പോലെ
ചിലപ്പോള്‍ വലിഞ്ഞും കുറുകിയും
ജീവിതംപോലെത്തന്നെ വലിഞ്ഞുപൊട്ടുന്നത്
കഥ എഴുതണോ കവിത എഴുതണോ
വൃത്തവും അലങ്കാരവും ആവോളം
ഭൂമിപോലെ ഉരുണ്ടത്
കൂട്ടിമുട്ടാത്ത ജീവിതം
ഒന്നില്‍ തുടങ്ങിയാല്‍ കുന്നോളം വളരും
എന്നോളംപോരുമോ നീ, നിന്നോളം ഞാനും
എന്നെക്കാള്‍ നീയും നിന്നെക്കാള്‍ ഞാനും
ബഹുമാനിക്കാതെ വയ്യ, പരസ്പരം
ആരാണ് ആദ്യം, ഇന്ന് ഞാനോ നീയോ
അവയവങ്ങളെ വഹിച്ചുള്ള യാത്ര
യന്ത്രമോ തന്ത്രമോ മന്ത്രമോ
ഞാന്‍ അതല്ലെന്ന് ഇതല്ലെന്ന്
പിന്നെ ഏതാണെന്ന്, ചോദ്യം-ഉത്തരം
സൂര്യനെ കൈകൊണ്ട് തൊടരുതെന്ന്
കൈ പോയാലും കാല്‍ പോയാലും
മുടിയും നഖവും കളഞ്ഞാലും
ബാക്കിയാവുന്നത് ശിഷ്ടമാകുന്നത്
തലപോയാല്‍ ബാക്കിയാവാത്തത്
തലപോയാലും ബാക്കിയാവുന്നത്
ഉത്തരമില്ലാത്ത ചോദ്യമായി
ചോദിക്കരുതാത്ത ചോദ്യം
സൃഷ്ടിയുടെ മൊത്തക്കച്ചവടം
ചില്ലറയായി കിട്ടിയത്, കളയരുത് 
ഉണരാന്‍വേണ്ടിത്തന്നെ ഉറങ്ങും
ഉറങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കും
നിമിഷങ്ങളൊപ്പം വളര്‍ന്നും
ദിവസങ്ങളൊപ്പം വിളഞ്ഞും
വര്‍ഷങ്ങളൊപ്പം തളര്‍ന്നും
മതിവരാതെ മനമറിയാതെ
വിരിഞ്ഞും കൊഴിഞ്ഞും
വിതച്ചും കൊയ്തും
അനുഭവങ്ങളുടെ അരങ്ങില്‍
തിമര്‍ത്താടിയ നടനം നാടകം
മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി
അരങ്ങൊഴിഞ്ഞ നാടകശാല
കൊടിയിറങ്ങിയ അമ്പലമുറ്റം
ആളൊഴിഞ്ഞ ഉല്‍സവപ്പറമ്പ്
തലയോട്ടിയില്‍ തലച്ചോര്‍ വിളമ്പി
കണ്‍കുഴിയില്‍ കൃഷ്ണമണിയും
മൂക്കും ചെവിയും വെവ്വേറെ
കയ്യും കാലും രണ്ടുവീതം
വിരലുകള്‍ വലുതുംചെറുതുമായി
ഉടല്‍, കുടലും നെഞ്ചകവുമായി
ലിംഗവും മുലയും ഛേദിച്ച്
മുടിയും നഖങ്ങളും പിഴുതെടുത്ത്
ബാക്കിയായ ആത്മാവിനെ
ആവാഹിച്ച് കുപ്പിയിലാക്കി
ആണിയടിച്ച് മരത്തില്‍ തറച്ച്
എന്നിട്ടും എന്തോ ബാക്കിയായതുപോലെ!!

No comments:

Post a Comment