Monday, February 15, 2016

അദാലത്ത്



ബാങ്കില്‍ അദാലത്താണ് ഇന്ന്
വായ്പ എടുത്തു കയ്പായി മാറി
പോകണം രാവിലെത്തന്നെ ആദ്യമായ്
എഴുതിത്തള്ളുമോ പുറംതള്ളുമോ
മുന്‍പേ തഴയപ്പെട്ടവന്‍ തന്തയാല്‍
പോകാതെ തരമില്ല പോയിനോക്കി
വരികളായി ഉറുമ്പുപോല്‍ മനുഷ്യര്‍
പ്രാരാബ്ധം താണ്ടിയ ചുമലുകള്‍
നീളുന്നു പലിശ്ശക്കണക്കുകള്‍ 
കുട്ടൂപലിശയായി കൂട്ടിക്കിഴിച്ചവ
പേരുവിളിക്കുന്നു യമലോകംപോല്‍
ഞെട്ടുന്നു കുടല്‍, വരളുന്നു വിരലുകള്‍
തിരിയുന്നു ചക്രമായി, ഉരുളുന്നു തല
വിറയാര്‍ന്ന കാലാല്‍ വിചാരണക്കൂട്ടിലായ്
വിരിമാരുകാട്ടിയിരിക്കുന്ന ശകുനിമാര്‍
മുന്നിലായി എന്തൊരാഹഌദചിന്തം മനം
ഇരയെ കിട്ടിയ മൃഗംപോല്‍ വിജൃംഭിതം
ചോദ്യങ്ങള്‍ പലരായി പലതായി വരുന്നു
കാഴ്ചവസ്തുവായി പണയപ്പണ്ഡം...
ഉത്തരങ്ങള്‍ വായിലായി അലിയുന്നു
കേള്‍ക്കുവാന്‍ കൗതുകം ഏതുമില്ലാതെ
വറ്റിയ ഞെരമ്പുകള്‍ പിന്നെയും പിഴിയുന്നു
അവസാനചോരനിറവും കവരുവാന്‍
പണമായി വരേണം പിണമായി വന്നാലും
ഭീഷണി ഏഷണി സ്മാര്‍ത്തവിചാരംപോല്‍
ഭ്രഷ്ട് കല്പിക്കാനൊരുങ്ങുന്നു ഞൊടിയില്‍
കാലുപിടിച്ചും കെഞ്ചിയും ഇരന്നും കരഞ്ഞും
ചില്ലുമേടയിലിരിക്കും വിധികര്‍ത്താക്കള്‍
വട്ടിപ്പലിശക്കാര്‍ ഇതിലും ഭേദമാം, ഭേദ്യമില്ല
പാപിയാം ജന്മംപോല്‍ കടംവാങ്ങിയോന്‍
കോപമേതുമില്ലാതെ കേള്‍ക്കാതെ കേട്ടിരുന്നു
കോടതി, ജപ്തി, ജയിലറകള്‍, തൂക്കുമരം...
അവധിയോ ഉപാധിയോ ഏതുമില്ലാതെ
വിധിക്കുന്നു കാര്‍ക്കശ്യം ദയയേതുമില്ലാതെ
നീളുന്നു വരി പുറത്തായി ഊഴവും കാത്ത്
ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുമായി
അമ്മയും അച്ഛനപ്പൂപ്പനും, കൈക്കുഞ്ഞുമായി
പെങ്ങളും, ഇരിപ്പുറക്കാതെ ആണൊരുത്തന്‍
വീണ്ടും വാങ്ങണം കടം, വായ്പ തിരിച്ചടയ്ക്കാന്‍
കടക്കെണി, മരണക്കെണിപോല്‍ കുഴയ്ക്കുന്നു.




No comments:

Post a Comment