Tuesday, February 2, 2016

അഗ്നി


പെണ്‍ശരീരമേ നിന്നിലൊഴുകുന്നു
മണ്ണെണ്ണരുചികള്‍, നിന്നെ അയവിറക്കാന്‍
നക്കിയെടുത്ത അഗ്നിച്ചിറകുകളില്‍ 
പറന്നുപോയത് നിന്റെ ആത്മാവിന്റെ 
നിലച്ച മൗനവും നിലയ്ക്കാത്ത രോദനവും

പുരുഷാരവം പേറിവന്നു നിന്‍ഉടല്‍ 
ചുടലയില്‍ കത്തുന്നു ശവശരീരം 
പ്രേതമായിത്തീരുന്നു പിന്നെയായ്
നിന്നെ തനിച്ചാക്കി മടങ്ങുന്നു പാതിയില്‍ 
ചാരമായി ശൂന്യമായ് ഓര്‍മ്മയായ്

ടാങ്കറുകളില്‍ കടത്തി തീവെള്ളമായി ഗ്യാസ്
പൊട്ടിച്ചിതറി ജനവാസകേന്ദ്രത്തില്‍
പടരുന്നു അഗ്നിജ്വാല ആകാശവേഗത്തില്‍
എരിയുന്നു വീടുകള്‍ കാടുകള്‍ വീഥികള്‍
അപഹരിക്കുന്നു ജീവന്‍ നിര്‍ദയയാല്‍

അഗ്നിയില്‍ സ്ഫുടംചെയ്തു മന്ദ്രധ്വനികല്‍
വേവുന്നു ആത്മാവിന്‍ ജീവന്‍മുക്തി
തമസ്സിനെ കരിക്കുവാന്‍ കൊളുത്തുന്നു തീ
കത്തുന്നു, സ്ഫുരിക്കുന്നു പ്രകാശധാര
വെളിച്ചമായി തെളിച്ചമായ് സൂര്യപ്രഭ

ഒരിക്കലും അണയാത്ത തീയായ് സൂര്യന്‍
അടുക്കുവാനാകില്ല, അറിയുവാനാകില്ല
അടുക്കരുത് അറിയരുത് അണയാത്ത സത്യം
സ്വയം ജ്വലിച്ച് സുര്യനായ് തീരുക
മറ്റൊരു സൂര്യനെ കെടുത്തുവാനാകില്ല.

വേവുന്നു വിശക്കുന്ന വയറിനായ് അടുപ്പില്‍
തിളയ്ക്കുന്നു ചോറിന്‍മണം ആവിയില്‍
ഉറ്റുനോക്കുന്നു കണ്ണുകള്‍ ആര്‍ദ്രമായ്
വരണ്ട ചുണ്ടുകള്‍ നനയ്ക്കുന്നു നാവിനാല്‍
കൈക്കുമ്പിളില്‍ മോന്തുന്നു പാനപാത്രം.

ശത്രുവായ് മിത്രമായ് അഗ്നിയും ജലവും
കെടുത്തില്ല, കൊളുത്തില്ല അഗ്നിയെ
സൂര്യാതപം ഏല്‍ക്കിലും തോല്‍ക്കില്ല
നീരാവിയായി പോയിടും മഴയായി പെയ്തിടും
ജീവനെ കാക്കും സൃഷ്ടിസ്ഥിതികാരവര്‍






No comments:

Post a Comment