Monday, February 15, 2016

മോഹം

കണ്ടുകണ്ടു കൊതി തീരാനൊരു മുഖം വേണം
പറഞ്ഞുപറഞ്ഞു തീര്‍ക്കാനൊരു കാതുവേണം
കുത്തിക്കുത്തി ചോദ്യശ്ശരങ്ങളെയ്യാനൊരു ശിരസ്സും
നഖങ്ങളാല്‍ പിച്ചാനും മാന്തിയും ശരീരവും

എത്രനോക്കിയാല്‍ തീരും അഗാധമാം ആഴിപോല്‍
നിന്‍മുഖതലം, തിരകളാല്‍ അലതല്ലും മാറിടം
പ്രകൃതിപോല്‍ വിളങ്ങുന്നു, മുഖകാന്തി സ്വപ്‌നമായ്
നമിക്കുന്നു, പൊന്‍കണിപോല്‍ നിന്‍ കാഴ്ചമേളം

വാക്കുകള്‍ പെരുമഴയായി പെയ്യുന്നു, നാവിലായ്
എത്രനേരമായി, കനമായി നിറയുന്നു ശബ്ധധാരയായ്
പെയ്‌തൊഴിഞ്ഞാലും പിന്നെയും പെയ്യുന്നു മരംപോല്‍
നിന്നെ കേള്‍ക്കാന്‍, നിന്നില്‍ നിറയാന്‍ ജലമായ് 

ചോദ്യങ്ങളായിരം ഇരവിലും പകലിലും കാതിലായ്
മുണ്ഡനം ചെയ്യുന്നു ചോദ്യമൂര്‍ച്ചയാല്‍ ചോരയില്‍
ക്രുദ്ധം രോഷം അമര്‍ഷം വികാരങ്ങളേതുമില്ലാതെ
ഉത്തരങ്ങള്‍ ശരങ്ങളായി പെയ്യുക ആഴങ്ങളില്‍

നഖക്ഷതപ്പാടുകള്‍ കരിമേഘശകലം നിറങ്ങളില്‍
അടയാളമായി അടരുന്നു ഓര്‍മകള്‍ കല്ലറയില്‍
ബാക്കിയാക്കുക ജീവിതശേഷിപ്പിന്‍ മുദ്രകള്‍ 
ലാവണം കാക്കുവാന്‍ കാവലായ് കരുത്തായി

ഭൂമിയോ തിരിയുന്നു ലോകമോ ചലിക്കുന്നു
തോരണം തൂക്കിയപോല്‍ ജീവിതം ആടുന്നു
പാടുന്നു പൈങ്കിളി, ഏറ്റുപാടുന്നു മര്‍ത്ത്യരും
പോവാതിരിക്കാനാവില്ല വിളി കേള്‍ക്കമാത്രേ...

നികത്തുവാനാവില്ല വിടവുകള്‍ ചിലര്‍ ഒഴിയവേ
നികത്തപ്പെടും ഒഴിവുകള്‍ ചിലര്‍ വലിയവേ
തീര്‍ക്കണം ഒരിക്കലും നികത്താത്ത ഇടങ്ങള്‍
ജന്മദേഹമായി ആറടിയെങ്കിലും ഹൃത്തടത്തില്‍!





No comments:

Post a Comment