Tuesday, February 21, 2012

അഭിപ്രായം ഇരുമ്പൊലക്കയല്ല...

മനുഷ്യരെയും സമൂഹത്തെയും ബാധിക്കുന്ന/ബന്ധപ്പെടുന്ന ഏത് കാര്യത്തിലും ആര്‍ക്കും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യാവുന്നതാണ്. അഭിപ്രായം ഇരുമ്പൊലക്കയല്ല...മതത്തിലും രാഷ്ട്രീയത്തിലും ഇടപെടാന്‍ ആധികാരികതയുടെ ആവശ്യമില്ല. വിശ്വാസത്തെ വ്രണപ്പെടുത്തരുത്; അന്ധവിശ്വാസത്തെ വ്രണപ്പെടുത്തുകയും വേണം. അഭിപ്രായത്തിലൂടെയും വിമര്‍മശനത്തിലൂടെയുമാണ് പുനര്‍നിര്‍മാണം നടക്കുന്നത്. വിശ്വാസവത്തിനും സാമ്പ്രദായികതയ്ക്കും കാലത്തിനും പരിഷ്‌ക്കാരത്തിനുമനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം. പൗരോഹിത്യകാലഘട്ടത്തിലെ ഇരുണ്ട തടവറകള്‍ പൊളിച്ചുമാറ്റുക തന്നെ വേണം. സത്യസന്ധമായ അന്ധവിശ്വാസജഡിലമല്ലാത്ത ആത്മീയതയേയും ദൈവവിശ്വാസത്തെയും ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. ആത്മീയതയും ദൈവവിശ്വാസവും ഒരാളുടെ ആത്മാവും ജീവനുമായി ബന്ധപ്പെട്ടതാണ്. അത് വേറൊരാളുടെ അഭിപ്രായത്തില്‍ ഇല്ലാതാവുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യില്ല. വിശ്വാസം ജന്മനാലോ സാമൂഹ്യമായോ കുടുംബപരമായോ അടിച്ചേല്‍പ്പിക്കേണ്ടതല്ല. അങ്ങനെ ചെയ്താലും സ്വയം ആര്‍ജിക്കുന്ന വിശ്വാസത്തിന്റെ ഗാഢത അതിനുണ്ടാകണമെന്നില്ല. അനുഭവത്തിലൂടെയും അറിവിലൂടെയും ആര്‍ജിക്കുന്ന വിശ്വാസപ്രമാണങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. അത് കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിക്കുകമാത്രമാണ് ചെയ്യുക. രാഷ്ട്രീയക്കാരന്‍ മതത്തില്‍ ഇടപ്പെട്ടാലും മതപുരോഹിതന്‍ രാഷ്ട്രീയത്തില്‍ ഇടപ്പെട്ടാലും യാതൊരു അപകടവും ഉണ്ടാവുന്നില്ല. രാഷ്ട്രീയക്കാരനെയോ മതപുരോഹിതനെയോ ശാശ്വതമായി (നിയമപരമായി)ഒന്നും ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഒക്കെ താത്ക്കാലികമായ ഒരു സ്ഥാനലബ്ധി മാത്രമാണ്. എല്ലാത്തിന്റെയും അധികാരി ജനമാണ്. ജനങ്ങളുടെ അംഗീകാരമാണ് പ്രധാനം. ജനങ്ങളുടെ അഭിപ്രായത്തെ പ്രായോഗികതലത്തിലൂടെ മാറ്റാന്‍ സാധിക്കുന്ന പ്രത്യയശാസ്ത്രപരവും ആത്മീയവുമായ തത്വശാസ്ത്രങ്ങളും വചനങ്ങളുമാണ് ഉണ്ടാവേണ്ടത്. അങ്ങനെയുള്ള ചിന്താവിചാരപ്രവാഹങ്ങളെ ജനം അംഗീകരിക്കും. അല്ലാതെ പറയാന്‍ പാടില്ല; ഇടപെടാന്‍ പാടില്ല തുടങ്ങിയ തിട്ടൂരങ്ങള്‍ സംസ്‌കൃതമായ പുരോഗമന സമൂഹത്തിന് ഭൂഷണമായ ഒന്നല്ല. എല്ലാവരും പറയട്ടെ; പ്രതികരിക്കാനുള്ള അവസരത്തെയം ശേഷിയേയും ഇല്ലാതാക്കരുത്. പ്രത്യേക മതവിഭാഗങ്ങള്‍ പ്രത്യേകമായ സ്ഥലത്ത് താമസിക്കുന്നവരല്ല. വിവിധമതസ്തരായ ആളുകള്‍ തമ്മില്‍ പരസ്പരം വിവാഹജീവിതപോലും സാധാരണമായിരിക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒറ്റപ്പെട്ട തുരുത്തുകളിലല്ല മനുഷ്യന്‍ ജീവിക്കുന്നത് എന്ന കാര്യം ഓര്‍ക്കുക. ക്ഷേത്രമായാലും പള്ളികളായാലും എല്ലാം വിശ്വാസകേന്ദ്രങ്ങളും വിവിധ സമുദായത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കുനടുവിലാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ തന്റെ കണ്‍മുമ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടുന്നത് സ്വാഭാവികം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അമൂല്യരത്‌നശേഖരത്തെക്കുറിച്ച് കേരളത്തില്‍ ജീവിക്കുന്ന ഏത് മതസ്ഥര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ആ അഭിപ്രായത്തെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിനുള്ള അവകാശവും ഉണ്ടുതാനും. ഏത് മതം സ്വീകരിക്കാനും ഏത് ദൈവത്തില്‍ വിശ്വാസിക്കാനും ഉള്ള അവകാശം പോലെ തന്നെയാണ് നിലവിലുള്ള മതസംഹിതകളെക്കുറിച്ച് അഭിപ്രായം പറയുന്നത്. ഒരു പുതിയ മതത്തില്‍ ചേരുന്നതിനോ ആ മതവിശ്വാസത്തില്‍ നിലവിലുള്ള ദൈവത്തെ ആരാധിക്കുന്നതിനോ ആ മതത്തെക്കുറിച്ച് പ്രാമാണികമായോ ആധികാരികമായോ അറിവുണ്ടാകമെന്നില്ല. മാനസികപരവും വികാരപരവുമായ ഒരു ഘടനയാണ് വിശ്വാസമെന്നത്. അതുപോലെ തന്നെയാണ് വിവിധ മതങ്ങളെക്കുറിച്ച് ഒരാള്‍ക്കുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങളും. ഒരു മതത്തെക്കുറിച്ച് പഠിക്കുക എന്നാല്‍ അതിനെ ആദ്യം വിമര്‍ശിക്കുകയും പിന്നീട് അതിലെ സത്യത്തെ തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് അതിനോട് വിമര്‍ശിക്കുന്ന വ്യക്തിക്ക് സ്വാധീനം ഉണ്ടാകുന്നത്. അല്ലാതെ ഏതെങ്കിലും മതത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താനോ വിമര്‍ശിക്കാനോ അവസരമില്ലാത്ത സാഹചര്യത്തില്‍ ആ മതത്തെക്കുറിച്ച് മറ്റു മതവിഭാഗകാര്‍ക്ക് അജ്ഞതമാത്രമാണ് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മതവും എല്ലാ തത്വശാസ്ത്രങ്ങളും തുറന്ന പുസ്തകങ്ങളാകണം. അതിന്റെ ഉളളറകളിലേക്ക് കടന്നുകയറാനും പുറത്തുകടക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. ശുദ്ധവായുവിനെ ഉച്ഛ്വസിക്കുകയും അശുദ്ധവായുവിനെ നിശ്ശ്വസിക്കുകയും ചെയ്യുന്നതുപോലെ. ഇരുമ്പുമറകള്‍ തകര്‍ക്കപ്പെടേണ്ടതുതന്നെയാണ്.

No comments:

Post a Comment