Friday, January 27, 2012

സ്വപ്‌നത്തിലെ രാജകുമാരി

എന്റെ ഉറക്കത്തിലെ
ഇരുണ്ട ഇടനാഴിയില്‍
നേര്‍ത്ത നിഴലായി
അവള്‍ മറഞ്ഞുനില്‍ക്കുന്നു
ഇടനാഴിയില്‍ നിന്നും
പുറത്തുകടന്നാല്‍
എന്റെ സ്വപ്‌നത്തിലെ
സുവര്‍ണപൂങ്കാവനം
അവളെ കാത്തിരിക്കുന്നു
സ്വര്‍ഗത്തിലെ പൂന്തോട്ടം
കാടുകള്‍ അവസാനിച്ച്
മലമേടുകള്‍ ആരംഭിക്കുന്നിടത്ത്
നീലവസ്ത്രം വിരിയിട്ടപോലെ
പരന്നുകിടക്കുന്ന ആകാശം
ആകാശം നിറയെ കൊറ്റികള്‍
പക്ഷികള്‍ കൂകിയും 
പൂമ്പാറ്റകള്‍ പാറിയും
അവള്‍ ഇടനാഴിയില്‍
തന്നെ നില്‍ക്കുകയാണ്
ഇടനാഴിയിലെ ചുമരിലെ
ചെറുസുഷിരത്തിലൂടെ
അവള്‍ പുറത്തേക്ക് നോക്കുന്നു
എന്നിട്ട് അവള്‍ അവിടെനിന്നും
ലേശംപോലും അനങ്ങുന്നില്ല
അന്ധകാരത്തിലെ ഈര്‍പ്പം
അവള്‍ക്ക് എന്തുസുഖമാണ് 
നല്‍കുന്നത്
സ്വര്‍ണപ്രഭനിറഞ്ഞ
എന്റെ പൂന്തോട്ടത്തിലെ
കാഴ്ചകള്‍ ഇടനാഴിയിലെ
കറുത്ത ഈര്‍പ്പത്തെക്കാല്‍
സമ്പന്നമാകില്ലേ
വെളിച്ചംനിറഞ്ഞ
ഇവിടുത്തെ കാഴ്ച
എത്ര സുഖപ്രദമാണ്
ഇവിടെ മുഴുവന്‍ സുഗന്ധം
പരന്നുകിടക്കുകയാണ്
കുരുവികളുടെ കുറുകലും
കൊച്ചരുവിയുടെ കിലുക്കവും
അവളുടെ കേള്‍വിയെ
ആനന്ദത്തിലാഴ്ത്തും
പരന്നുകിടക്കുന്ന പച്ചമേലാപ്പു
പുതച്ച വിശാലമായ സമതലത്തിനു
ചുറ്റും വലിയ തടിയന്‍മരങ്ങളാണ്
ആ മരങ്ങളില്‍ തേന്‍പൊഴിയുന്ന
അരിമണി ചുകന്ന പുഷ്പങ്ങളാണ്
പക്ഷികള്‍ നേന്‍നുകര്‍ന്നു
അണ്ണാരക്കണന്‍ കായകവര്‍ന്നു
ഇവിടം വിട്ടുപോകുകയേയില്ല
ഈ സമതലത്തില്‍ മഴമേഘങ്ങള്‍
കൂട്ടംകൂട്ടമായി വന്നെത്തുമ്പോള്‍
മയിലുകള്‍ പീലിവിടര്‍ത്തി
നൃത്തം വയ്ക്കുകയും
കുയിലുകള്‍ ഓരേ സ്വരത്തില്‍
പാടുകയും ചെയ്യും
ഇവിടെയുള്ള തടാകത്തില്‍
ചെറുതുംവലുതുമായ 
പലനിറത്തിലുള്ള മത്സ്യങ്ങള്‍
നീന്തിതുടിക്കുന്നു.
ഈ തടാകത്തില്‍
ചുകപ്പും വെളുപ്പും നീലയും
നിറത്തില്‍ താമര വിരിഞ്ഞിനില്പുണ്ട്.
അവള്‍ ഇവയൊന്നും ഒരിക്കലും
കാണാന്‍ ഇടയില്ല
പിന്നെയെന്താണ് അവള്‍
അവിടെ തന്നെ നില്‍ക്കുന്നത്

ഞാന്‍ അവളെ ഒരിക്കലും
വിളിക്കുകയോ നിര്‍ബന്ധിക്കുകയോ
കൂട്ടികൊണ്ടുവന്ന് കാണിക്കുകയോ ഇല്ല
അത് അവളില്‍ എന്നെക്കുറിച്ച്
നിരാസം ഉണ്ടാക്കും.
പിന്നെ ഈ പൂന്തോട്ടം കാണാനുള്ള
അവളുടെ ആഗ്രഹം ഇല്ലാതാകും
അവളെ എനിക്ക് ശരിക്കും
കാണാന്‍ സാധിക്കുന്നില്ല
അവളുടെ നേര്‍ത്ത വസ്ത്രതുമ്പിന്റെ
ഇളക്കം പാല്‍നിലാവില്‍ ഒഴുകുന്നത്
ഇവിടെനിന്നും കാണാം

ചെറിയ സുഷിരത്തിലൂടെ 
നിലാവെളിച്ചത്തില്‍
അവള്‍ അനങ്ങുന്നപോലെ
ആ സമയത്ത് അവളുടെ മുഖം
അല്പാല്പമായി എനിക്ക് കാണാം
അവള്‍ പൊട്ട് തൊടുകയോ 
കണ്ണെഴുതുകയോ ചെയ്തിട്ടില്ല
ചമയങ്ങളില്ലാത്ത അവളുടെ മുഖം
നിലാവുപോലെ വിളറിയിരുന്നു

പക്ഷെ അവള്‍ ഇനിയും അവിടെ
നില്‍ക്കുകയാണെങ്കില്‍
അവള്‍ക്കൊരിക്കലും എന്റെ 
സ്വപ്‌നതീരം കാണാന്‍ സാധിക്കില്ല
ഉറക്കത്തിന്റെ അഗാധമായ
പതനത്തില്‍ ഞാന്‍ ഞെട്ടിയുണരാം

ഈ വിറങ്ങലിച്ച നിശ്ശബ്ദതയില്‍
സമതലത്തിനപ്പുറത്തെ കാട്ടില്‍ 
പുലിയും സിംഹവും മുരളുന്നത്
ഒരു വിറയലായി ഇവിടെ കേള്‍ക്കാം
അതുകൊണ്ടാകുമോ അവള്‍
അവിടെതന്നെ നിന്നുകളഞ്ഞത്
ഇല്ല; അവള്‍ ഒരിക്കലും 
ഒരു മൂളലിലോ മുരള്‍ച്ചയിലോ
ഭയപ്പെടുകയില്ല.
അവള്‍ക്ക് പേടിയാണെങ്കില്‍
ഇരുണ്ട ഇടനാഴിയില്‍
ഇത്രമേല്‍നേരം നില്ക്കുകില്ല
ഈ നിമിഷമെങ്കിലും
ശുദ്ധവായുവും സുഗന്ധവും
നിറഞ്ഞ ഈ തീരത്തേക്ക്
വന്നിരുന്നെങ്കില്‍ എത്രമേല്‍ 
നന്നായിരുന്നു.
എന്താണ് അവളെ തടയുന്നത്
ഒരു വിളിപ്പാടകലെ പൂങ്കാവനം.
എന്റെ കൈകള്‍ വളരുമായിരുന്നെങ്കില്‍
അവളറിയാതെ, 
അവളുടെയടുത്തേക്ക് നീണ്ട്
ഒരു സ്പര്‍ശംപോലുംമേല്‍ക്കാതെ
അടര്‍ത്തിനീക്കാമായിരുന്നു
ഇടനാഴിയുടെ മൂന്നാംതിരിവുകഴിഞ്ഞാല്‍
എന്റെ പൂന്തോട്ടത്തെ അവള്‍ക്ക്
വ്യക്തമായി കാണുകയും 
ആസ്വദിക്കുകയും ചെയ്യാം
വെള്ളത്തിലൂടെ ഒഴുകുന്ന
നറുപുഷ്പത്തെ ഉടക്കിയ
കല്ലോ മുള്‍ച്ചെടിയോ പോലെ
അവളുടെ ഉടയാടയോ
പാദമോ ഉടക്കിയിരിക്കുമോ
ഇടനാഴിയിലേക്ക് ശക്തമായ
ഒരു വെള്ളച്ചാട്ടമോ
കൊടുങ്കാറ്റോ വന്നിരുന്നെങ്കില്‍
അവളെ അവിടുന്ന്
പറിച്ചുനീക്കാമായിരുന്നു
എന്റെ ഉറക്കം ഈ നിമിഷം
ഉണര്‍വിന്റെ തീരത്ത്
നങ്കൂരമിടുകയാണെങ്കില്‍
സുന്ദരമായ പൂങ്കാവനത്തെ
അവള്‍ക്കോ അതിനെക്കാള്‍
അതിസുന്ദരമായ അവളെയോ
എനിക്ക് കാണാന്‍ കഴിയില്ല
ഒരു മഞ്ഞായി ഒരു പുകയായി
അവള്‍ ഉരുകി ഉയര്‍ന്നുപോകും
എന്റെ ഉത്കണ്ഠ പിരമീഡുപോലെ
ഉയര്‍ന്നുവരികയാണ്
ആ മുനയില്‍ എനിക്കവളെ
കാണാന്‍ കഴിയുമോ
അവളുടെ സിന്ദൂരം തൊടാത്ത
വിടര്‍ന്ന നെറ്റിത്തടം
വെളുത്തനീണ്ട കൈകള്‍
നിശ്ശബ്ദമായ വളകിലുക്കം
നിരപരാധമായ വിരലുകള്‍
ധവളവസ്ത്രകൊണ്ടലങ്കരിച്ച
വളുടെ മാറിടവും
കൈകുടന്നയില്‍ ഒതുങ്ങുന്ന
ആലിലവയറും
പാദസരനാദമില്ലാത്ത
അവളുടെ പാദങ്ങളും
റോസാമൊട്ടുപോലെ
വരിയിട്ട കാല്‍വിരലുകളും

ഇപ്പോള്‍ നിലാവ്മാറി
വെള്ളിക്കീറിതുടങ്ങും
ഉറക്കം ആയുസ്സൊടുങ്ങി
ഉണര്‍ന്നെണീക്കും
അവസാനനിമിഷമെങ്കിലും
ഞാന്‍ എന്താണ് ചെയ്യുക
അവളവിടുന്ന് എന്തുകൊണ്ടാണ്
പുറത്തുവരാത്തതെന്ന ചോദ്യം
ഒരു അഗ്നിപര്‍വ്വതമായി
മനസ്സില്‍ വിതുമ്പിനില്‍ക്കുന്നു
അവളുടെ അലസമായ നിസ്സംഗത
എന്നെ വീര്‍പ്പുമുട്ടിക്കും
ഈ സുന്ദരതീരത്തെക്കുറിച്ച്
അവള്‍ക്ക് ഉത്സാഹമോ 
സന്തോഷമോ കാണുകില്ലേ
അവള്‍ ചിത്രശലഭങ്ങളെ 
കണ്ടിരിക്കാം; എന്നാല്‍
ഇത്രമേല്‍ വലിയ കൊമ്പും മീശയും
വര്‍ണങ്ങളും നിറഞ്ഞ ശലഭത്തെ
അവള്‍ കണ്ടിരിക്കില്ല
ഇവിടുത്ത സുന്ദരഭംഗി
എത്ര വര്‍ണിച്ചാലാണ് 
അവള്‍ക്ക് ബോധ്യമാവുക
എന്റെ ഉറക്കത്തിലെ 
ഏതുയാമത്തിലാണ്
അവള്‍ ഇടനാഴിയില്‍ 
പ്രത്യക്ഷമായത്
സുഖനിദ്രയുടെ ഏതോ
ഉന്മാദാവസ്ഥയിലാണല്ലോ
സ്വപ്‌നതീരം പിറവിയെടുത്തത്
ഇന്നലെ അവള്‍ ഉണങ്ങാതിരുന്നോ
അവളുടെ കണ്ണിലെ ഉറക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
അവളെ എനിക്ക് ഉണര്‍ത്താനാവില്ലേ
എല്ലാം വേഗം വേണം 
ഇപ്പോള്‍ നേരം പുലരാറായി


No comments:

Post a Comment