Thursday, January 12, 2012

യൗവനകാന്തി




ഓരോ ഋതുവിലെ

പുതു മുളയിലും
ജന്മജന്മാന്തരങ്ങള്‍
ഇലയായും ചെടിയായും
നറുപുഷ്പമായി
നറുമണം തൂകി നീ
വിരിഞ്ഞിടുന്നു
വളര്‍ന്നുപൂത്തൊരു 
യൗവനകാന്തിയില്‍
കാലം മായ്ക്കുമോ
മറയ്ക്കുമോ ഈ-
അനുരാഗലോലമാം
കുസുമവല്ലിയേ
ബാല്യവും കൗമാരവും
നിറയൗവനം ചാര്‍ത്തും
സൗന്ദര്യസുഗന്ധം പരത്തിയ
നിന്‍ മേനിയിതളും അഴകും
പരിമളംതൂകും പൂവിതളും
നിന്‍ യൗവനകാന്തിയില്‍
മനംമയങ്ങിയും 
ഉരുകും മനസ്സുമായി
നിന്‍രൂപകാന്തിയെ
തേടിയലഞ്ഞുഞാന്‍
മുല്ലമൊട്ടുപോല്‍ 
വിരിയും നറുപുഞ്ചിരി
മറക്കാന്‍ കഴിയില്ല
ഈ രാവിലും പകലിലും
എന്റെ ആഗ്രഹസ്വപ്ന-
കൂടീരത്തില്‍ ഒരു നവ
കന്യയായി നീ വരുമോ
അനന്തമാം കാലം
അതിരില്ലാ ലോകം
തിളങ്ങും വികാരം
മൂര്‍ച്ചയാല്‍ വിളങ്ങും
ഋതുക്കള്‍ മാറിയെന്നാകിലും
മാറില്ല നിന്‍മുഖം 
എന്‍ മനോമുകുരത്തില്‍
കണികാണും നിന്നെ
എന്നും പുലര്‍വേളയില്‍
ഒരു പൊന്‍കണിയായി
പട്ടുപാവാടയും  പട്ടുറുമാലും
മുടിയഴകും മുഖവടിവും
മേനിയില്‍ വഴങ്ങും
ഉടയാടകള്‍ത്തന്‍ കാന്തിയും
നിന്‍ കൈവിരലിനാല്‍
പൊടിഞ്ഞ രക്താംശുവില്‍
കണ്ടുഞാന്‍ നിന്‍
സ്‌നേഹതിളക്കം
മിണ്ടിമണ്ടിയും 
നീ പാറിനടക്കവേ
ഓര്‍ക്കുന്നു നിന്നെ
ഞാന്‍ ഓരോ നിമിഷത്തിലും
നിന്‍വിളി ഒരുപിന്‍വിളിയായി
കാതില്‍ മുഴങ്ങവെ
തിരിഞ്ഞുനോക്കി ഞാന്‍
കണ്ടില്ല; കേട്ടില്ല
നിന്‍  പാദസര കിലുക്കവും
ഉടയാടതന്‍ കലമ്പലും
ചവിട്ടിമെതിച്ചുകളിച്ച
ശയ്യയിലെ ചൂടും ചൂരും
ഇന്നും ഞാന്‍ അറിയുന്നു
നീ എഴുതിത്തിമര്‍ത്തൊരാ
പുസ്തകത്താളില്‍ തെളിയും
വടിവൊത്തൊരാക്ഷരങ്ങള്‍
തെളിയും എന്‍കണ്‍തടത്തില്‍
വിരലോടിച്ചുഞാനാക്ഷര-
വരിയിലൂടെ; അറിയുന്നു
നിന്നാത്മഹര്‍ഷം.
പൊന്നിന്‍ ചിങ്ങമാസ-
മണഞ്ഞതും വിഷുക്കോടി
കൈനീട്ടമായി നല്‍കിയതും
പുസ്തകസഞ്ചിയും
സ്ലേറ്റും പെന്‍സിലും
എല്ലാം താങ്ങിനീ നടന്ന
കല്ലുംമുള്ളും നിറഞ്ഞയിടവഴികള്‍
തുള്ളനും തുമ്പിയും നിന്‍
ചാരെ ചാടിയും പറന്നും
നിന്റെ കണ്‍മിഴിച്ചതും
ഭയന്നെന്‍ കൈതലം
മുറുകെപിടിച്ചെന്നരികെ
നടന്നുപടിവാതിക്കല്‍ എത്തിനീ.
നിറവയറുമായി നീ 
ഭീതിയാല്‍ ആധിയാല്‍
ഉണ്ടും ഉറങ്ങിയും
കിടന്നും നടന്നും
സമയസൂചിയെ താനെ
തിരിച്ചും മറിച്ചും കുറിച്ചും
വാതാനുകൂല്‍ ഐസിയുവില്‍
നീ പച്ചപുതച്ചുകിടന്നുവിറച്ചു
അതുകാണ്‍കെ എന്‍ മനം
വിറച്ചതും ഉല്‍ക്കണ്ഠമായതും
വെട്ടിയിട്ടമരത്തടിപോല്‍
എന്നെ നിറക്കണ്ണാല്‍ നോക്കി
നീ ഒറ്റയ്ക്ക് വെള്ളപുതച്ചുമയങ്ങി
കൈകാലടിച്ചു ഒച്ചയില്‍ കരഞ്ഞു
നീ ലോകത്തെയാദ്യം കാണ്‍കെ
ഞാന്‍ നിന്‍മുഖം പകര്‍ത്തി.
അമ്മയായി മകളെ വഴികാട്ടി
നീ നടന്നുനീങ്ങവെ
നീ കാണാത്ത ഭാവത്തില്‍
ഞാന്‍ പിറകിലായി; മറയിലായി
കാണ്‍മൂ, കണ്‍നിറയെ, നിന്നെമാത്രം







No comments:

Post a Comment