Friday, January 20, 2012

ജാഗ്രത

ഓരോ നിമിഷത്തിലും ജാഗ്രത വേണം
ആളിക്കത്തുന്ന തീജ്വാലയാണ് ചുറ്റിലും
മുന്നില്‍ അഗാധമായ കാണാക്കയം
മദമിളകിക്കുതിച്ചുവരുന്ന തിരമാല
ആര്‍ത്തിരമ്പുന്ന മണല്‍ക്കാറ്റ്
വാപിളര്‍ക്കുന്ന മിന്നല്‍പ്പിണര്‍

പറവകള്‍ കൂട്ടമായി പറക്കുന്നു
ഭൂമിയുടെ സ്പര്‍ശത്തില്‍ നിന്നും
കാഴ്ചയില്‍ നിന്നുമങ്ങകലെ, 
ഉയരങ്ങളില്‍ അനന്തമായ ആകാശത്തില്‍
എവിടെയേക്കാണ് അവ പറന്നുയരുന്നത്
സൂര്യഗോളം ചുംബിക്കാനെന്നോണം?
മനുഷ്യനും പറവകളെപ്പോലെ 
പറക്കാന്‍ കഴിയുമായിരുന്നെങ്കില്‍!
വെന്തെരിയുന്ന അഗ്നിയില്‍ നിന്നും
അനന്തവിഹായസിലേക്ക് 
പറന്നകലാമായിരുന്നു
മനുഷ്യന്റെ കാലുകളില്‍ 
ഭൂമിയെ ബന്ധിച്ചതാരാണ്?
അവന്റ ചിറകുകളെ അറിഞ്ഞ്
കൈകളാക്കിമാറ്റിയതാരാണ്?
തൂവലുകള്‍ കൊഴിഞ്ഞ
ചിറകെല്ലുമാത്രമായി ഇക്കൈകള്‍!

മൗനത്തിലും സംസാരസാഗരം ഇരമ്പുന്നു
നിശ്്ശബ്ദതയില്‍ ശബ്ദഘോഷങ്ങളുടെ
ആര്‍പ്പുവിളി മുഴങ്ങുന്നു.
വെളിച്ചത്തിലും അന്ധകാരത്തിന്റെ
നിഴലുകള്‍ നൃത്തം വയ്ക്കുന്നു
ഏകാന്തതയില്‍ ബഹുസ്വരതയുടെ
കേളികൊട്ട് ആടിത്തിമര്‍ക്കുന്നു

നാളെ എല്ലാം മാഞ്ഞുപോകും
വാക്കുകള്‍ അര്‍ത്ഥമില്ലാത്ത
ശബ്ദമായിപ്പിരിയും
ചിന്തകള്‍ പുകയായി എരിഞ്ഞമരും
പുരാതനമായ അവശിഷ്ടങ്ങളുടെ
തിരുശേഷിപ്പുമാത്രമായി മാറും
സത്യവും യാഥാര്‍ത്ഥ്യവും
ബന്ധമില്ലാതെ പെട്ടുപോകും
ശരീരം നിഴല്‍ രൂപം പുല്‍കി
പുകകളായി വായുവില്‍ അലിയും
ഓര്‍മകള്‍ ജ്വലിക്കുന്ന അഗ്നിയിലെ
എരിയുന്ന ചാരമായി 
ഭൂതകാലത്തില്‍ അലിഞ്ഞുചേരും
വാക്കുകള്‍ വള്ളിയും പുള്ളിയും
നഷ്ടമായി വെറും അക്ഷരങ്ങളുടെ
കൂട്ടമായി മാറും
അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്ന് 
അര്‍ത്ഥമില്ലാത്ത ശബ്ദമായി 
ചെവിക്കുള്ളില്‍ പ്രകമ്പനംകൊള്ളും
പ്രവൃത്തിയുമായി ബന്ധമില്ലാത്ത
ചിന്തകള്‍ കബന്ധങ്ങളായി തൂങ്ങിയാടും
അവസാനം ലോകം 
കീഴ്‌മേല്‍ മറിഞ്ഞിരിക്കും

വിശ്വാസം അവിശ്വാസമായി മാറും
അവിശ്വാസം പ്രേതങ്ങളുടെ നിഴലുപറ്റി
കാലുകളെ പിന്തുടരും
മനുഷ്യന്‍ അവിശ്വാസത്തിന്റെ 
അന്ധകാരത്തില്‍ മൂടപ്പെടും
ആര്‍ക്കും ആരെയും തിരിച്ചറിയില്ല
അറിവുകള്‍ മറവിയുടെ മൂടുപടമണിയും
ചെവിടിന് കേള്‍വിയിലും
കണ്ണിന് കാഴ്ചയിലും
ബുദ്ധിക്ക് അറിവിലും
വിരലുകള്‍ക്ക് സ്പര്‍ശത്തിലും
വിശ്വാസം നഷ്ടമാകും
ശരീരത്തിന് ഇന്ദ്രിയങ്ങളിലും
ആത്മാവിന് ശരീരത്തിലും
അവിശ്വാസത്തിന്റെ ചങ്ങല മുറുകും
ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും
ശ്വാസകോശത്തെ വലിച്ചുഞെരുക്കും



No comments:

Post a Comment