Saturday, January 14, 2012

പണ്ഡിറ്റുമാര്‍ ഉണ്ടാവുന്നത്


സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരന്‍ ഒരു സിനിമ എടുത്തതില്‍ എന്താണ് ഇത്ര പുകില്‍ എന്ന് മനസ്സിലാകുന്നില്ല. ഒരു കലാകാരന് അവന്റെ ആശയവും ഭാവനയും പ്രതിഫലിപ്പിക്കുന്നതിന് ഒരു മാധ്യമം ആവശ്യമാണ്. സന്തോഷ് പണ്ഡിറ്റ് അതിനുവേണ്ടി സിനിമ എന്ന മാധ്യമത്തെ തെരഞ്ഞെടുത്തു. സിനിമയ്ക്കുവേണ്ട സാങ്കേതികവും കലാപരവുമായ എല്ലാ മേഖലയിലും സന്തോഷ് പണ്ഡിറ്റ് തന്നെ തന്റെ എളിയ കഴിവുപയോഗിച്ച് നിര്‍വഹിക്കുകയും ചെയ്തു. അങ്ങനെ കൃഷ്ണനും രാധയും എന്ന സിനിമ തിയേറ്ററിലെത്തുകയും ചെയ്തു. അതിന് ഇത്രമാത്രം വിളറി പിടിക്കേണ്ട ആവശ്യമെന്ത്? ഇതിലും മോശമായി എത്രയോ കഥയില്ലായ്മകള്‍ വെള്ളിത്തിരയില്‍ അഴിഞ്ഞാടിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വികാരാവേശം ഇപ്പോള്‍ കൃഷ്ണനും രാധയോടും ആവശ്യമുണ്ടോ. സന്തോഷ് പണ്ഡിറ്റ് കന്നിക്കാരനാണ്. കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. എല്ലാ മേഖലകളിലും എല്ലാവര്‍ക്കും കടന്നുചെല്ലാം എന്നും, തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാം എന്നുമുള്ള ഒരു സത്യം ഈ സിനിമയിലൂടെ വെളിച്ചം കാണുകയാണ്. 

ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ എന്ത് മാനദണ്ഡമാണ്, അല്ലെങ്കില്‍ ഭരണഘടനയുടെ ഏത്് വകുപ്പാണ് ഈ സിനിമയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന് ഇല്ലാത്തത് കലാപരമായ പാരമ്പര്യമില്ലായ്മ ആകാം. അല്ലെങ്കില്‍ പരമ്പരാഗത കലാകുടുംബത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ആളെല്ലായിരിക്കാം. അതൊന്നും ഒരാളുടെ സൃഷ്ടിപരമായ കഴിവുകളെ അളക്കാനുള്ള അളവുകോലല്ല. 

സിനിമാശാലകള്‍ നിറയ്ക്കുന്നത് ജനകൂട്ടമാണ്. അതായത് ചെറിയ ചെറിയ കൂട്ടങ്ങള്‍ ചേര്‍ന്ന വിഭാഗങ്ങള്‍. സുഹൃത്തുകളുടെയോ കുടുംബങ്ങളുടെയോ, സഹപ്രവര്‍ത്തകരുടെയോ സഹപാഠികളുടെയോ കൂട്ടങ്ങള്‍. ഇക്കൂട്ടര്‍ സിനിമ തിരസ്‌ക്കരിച്ചാല്‍ ആ സിനിമയുടെ ബോക്‌സ് ഓഫീസ് തകര്‍ന്നതുതന്നെ. പിന്നെ ആശ്രയം കൂട്ടങ്ങളില്ലാത്ത ഒറ്റപ്പെടവരാണ്. അവരാണ് ആര്‍ട് ഫിലിമുകള്‍ വിജയിപ്പിക്കുന്നത്. അതുപോലെ കലാമൂല്യമോ സന്തോഷ് പണ്ഡിറ്റേതുപോലെ ലളിതവത്കൃതമായ സിനിമകളുടെ അനാവശ്യപ്രചരണം തീര്‍ക്കാതെ വന്ന സിനിമകളുടെയും കാഴ്ചക്കാര്‍ ഈ ഒറ്റപ്പെട്ടവര്‍ഗമാണ്. അവരില്‍ ഒരു വിഭാഗത്തിന് ബുദ്ധിപരമായതും കലാപരതയും ഉള്ള സിനിമകളോട് മാത്രമായിരിക്കും ആഭിമുഖ്യം. മറ്റേ കൂട്ടര്‍ക്ക് എങ്ങനെയെങ്കിലും സമയം കൊല്ലാന്‍ ഒരു ഇരുട്ട് സ്ഥലം വേണം. അവിടെ വെറുതെ ഇരിക്കുന്നതിനുപകരം സ്്ക്രീനില്‍ എന്തെങ്കിലും അനക്കമോ ഒച്ചയോ വേണം. ഈക്കൂട്ടര്‍ സിനിമ കഴിയുന്നതുവരെ തന്റെ സീറ്റില്‍ ഉറങ്ങിക്കൊള്ളും. സന്തോഷ് പണ്ഡിന്റെ സിനിമയ്ക്കുണ്ടാകുമായിരുന്ന ഈ പതനമാണ് ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ പ്രചുരപ്രചാരമാക്കി ഒരു മഹത്തായ വിജയം കൃഷ്ണനും രാധയ്ക്കും നല്‍കിയത്. അത് സിനിമയുടെ വിജയമമായി കാണാനാകില്ല. സിനിമാ ആസ്വാദകവൃന്ദത്തിലെ ഒരു വിഭാഗത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചു എന്നു വേണം കരുതാന്‍. പുതിയ തലമുറയിലെ അബൗദ്ധീകമായ കൂടിചേരലുകള്‍ സമ്മാനിക്കുന്ന ഒത്തുചേരില്‍ ഉണ്ടാകുന്ന ഉന്മാദമാണ് ഈ സിനിമ കാണുന്നതിലൂടെ ഈ വിഭാഗത്തിന് ലഭിക്കുന്നത്. തിരിച്ചറിയപ്പെടാത്ത സ്വന്തം അസ്തിത്വത്തിന്റെ പ്രതിഫലനം പോലെ. അങ്ങനെയുള്ള സന്തോഷ് പണ്ഡിറ്റ് ഇറക്കിയ യാതൊരു അപ്രമാദിത്തവും ചാര്‍ത്തിയെടുക്കാനാലില്ലാത്ത, ഒറ്റ കാലില്‍ തപസിരിക്കുന്ന കൊക്കിന്റെ ധ്യാനാത്മകത മാത്രം കൈമുതലായുള്ള, നിഷ്‌ക്കളങ്ക മനസുകളുടെ ഒരു പുന:ക്രമീകരണത്തിനു ലഭിക്കുന്ന അംഗീകാരമായാണ് ഈ ചിത്രത്തിനു ലഭിക്കുന്ന സ്വീകാര്യതയെ കാണേണ്ടതുള്ളൂ. കാള ചുകപ്പു നിറം കണ്ടപോലെ വിളറിപിടിക്കേണ്ട കാര്യമില്ല ഈ സിനിമയ്ക്ക് ഒരു കൂട്ടം ജനവിഭാഗം തള്ളിക്കയറുന്നത് കാണുമ്പോള്‍. കഥയില്ലായ്മകളുടെ ആള്‍ക്കൂട്ടമായെ ഈ വിഭാഗത്തെ കാണാന്‍ സാധിക്കുകയുള്ളൂ.

മലയാളി സമൂഹത്തില്‍ ഈ വിഭാഗത്തിന് കൂടുതലായി ബഹുജന സമ്മതി കിട്ടികൊണ്ടിരിക്കുന്ന കാലം കൂടിയാണ് ഇന്ന്. ഈ വിഭാഗമാണ് ഇന്ന് രാഷ്ട്രീയത്തിലും ഉദ്ദ്യോഗസ്ഥതലത്തിലും നീതിന്യായ തലത്തിലും മറ്റ് സേവനതലത്തിലുമെല്ലാം ഒരു നീരാളി പിടുത്തമായി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തിന്റെ പ്രതികരണശേഷിയുടെ വൈകല്യാവസ്ഥ മനസിലാക്കിയ ജനസമൂഹം അവര്‍ക്കെതിരായ പ്രതികരണത്തിലും മയം വരുത്തി താന്‍താങ്കളുടെ കാര്യത്തിലേക്ക് ഉള്‍വലിഞ്ഞുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലാണ് ദേശീയപാതകള്‍ പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്താവുകയും, ഇതുവരെ ഉണ്ടായിരുന്ന കറുത്ത ദേശീയപാതയ്ക്ക് ചെമ്മണ്ണിന്റെ നിറം കൈവരുകയും ചെയ്താല്‍ അവര്‍ പ്രതികരിക്കാതിരിക്കുന്നത്. പകരം H1N1 പനി പകരുമ്പോള്‍ ചെയ്യുന്നതുമാതിരി മുഖത്ത് ഒരു തുണികെട്ടി മൂക്കിലേക്ക് പൊടിയും മത്സ്യമാസം ചീഞ്ഞ മണവും കയറുന്നതിന് സ്വയം മാര്‍ഗം കണ്ടെത്തും. അതില്‍ ഒരു അസ്വാഭാവികതയും യാത്രക്കാരും റോഡിനിരുവശത്തുള്ള കച്ചവടക്കാരും കാണുന്നില്ല. ജീവിച്ചുപോകാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുക എന്ന പഴയ വാക്യത്തെ പൊടി തട്ടിയെടുക്കുകയെ തരമുള്ളൂ.

അതുതന്നെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനും ചെയ്തിട്ടുള്ളൂ. തന്റെ കലാവാസനയെ സിനിമ എന്ന മാധ്യമത്തിലൂടെ പ്രകാശമാനമാക്കാന്‍ സ്വയം തന്നെ ഇറങ്ങിപുറപ്പെട്ടു. പരമ്പരാഗത സിനിമാക്കാരുടെ വീട്ടിനുമുമ്പില്‍ കാവലുകിടക്കാനോ, സൗന്ദര്യമാനദണ്ഡപ്രകാരം പാസ്മാര്‍ക്കുപോലും ഒരുവേള കിട്ടാന്‍ സാധ്യതയില്ലാത്ത തന്റെ മുഖത്തിന്റെ പകര്‍പ്പും, ഇതുവരെ പൊതുവേദികളില്‍ പ്രകമ്പനം കൊള്ളിച്ച തന്റെ കലാനടന വൈഭവത്തിന്റെ സാക്ഷ്യപത്രങ്ങളോ ഇല്ലാത്ത ഒരു അപേക്ഷ പരമ്പരാഗത സിനിമാസൃഷ്ടാക്കള്‍ക്ക് അയച്ചു കാത്തിരിക്കാന്‍ മനസ്സില്ല എന്ന് ഉച്ഛസ്ഥരം പ്രഖ്യാപിക്കാന്‍ തയ്യാറായതാണ് സന്തോഷ് പണ്ഡിറ്റ് ചെയ്ത കുറ്റം. 

മിമിക്രിക്കാര്‍ മിനിസ്‌ക്രീനിലൂടെയും മിനിസ്‌ക്രീനില്‍ നിന്ന് സിനിമാസ്‌ക്രീനില്‍ എത്തി കാട്ടി കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട് കൈയടിക്കുന്നതിന് പ്രേക്ഷക ലക്ഷങ്ങള്‍ക്ക് വലിയ വിഷമം തോന്നുന്നില്ല. എന്തുകൊണ്ടെന്നാല്‍ ടിവിയും സിനിമയും ഇന്ന് വിലമതിക്കാനാകാത്തത്രയും ഉയരത്തില്‍ വിഹരിക്കുന്ന ഒരു പ്രസ്ഥാനമാണ്. അത്യുന്നതിയില്‍ വിഹരിക്കുന്ന ഈ പ്രസ്ഥാന പാലകരുടെ അനുമതിയോടെയാണ് ഈ മിമിക്രിക്കാര്‍ തങ്ങളുടെ കലാവൈഭവം പ്രകടമാക്കുന്നത്. അങ്ങനെയൊരു അംഗീകാരം ഇതുവരെ സന്തോഷ് പണ്ഡിറ്റിന് അവകാശപ്പെടാനില്ല. ഇന്നലെ പെയ്ത മഴയ്്ക്കു കിളിര്‍ത്ത കുമിളിനെ ആര് ഗൗനിക്കും. അതിനെ എളുപ്പം ചവിട്ടി മെതിയ്ക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ചട്ടം. അതുകൊണ്ടാണ് എല്ലാവരുടെയും കാലുകള്‍ സന്തോഷ് പണ്ഡിറ്റിന് മേലെ ഉയരുന്നത്. 

സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനുള്ളത് മലയാളിക്ക് പൊതുവേയും ചിലര്‍ക്ക് വിശേഷാലും കാണപ്പെടുന്ന തൊലിക്കട്ടിയുടെ സവിശേഷമായ ഒരു പ്രത്യേകതയാണ്. എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് വട്ടം ആലോചിക്കണമെന്നുള്ള പഴമൊഴിക്ക് വിരുദ്ധമായി സന്തോഷ് പണ്ഡിറ്റ് ഈ സിനിമാപിടുത്തത്തിന് മുമ്പ് ഒരു വട്ടം പോലും ആലോചിക്കാനിടയില്ല. ആലോചിച്ചാല്‍ ഒരു അന്തവുമുണ്ടാവില്ല, ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന ലളിതവത്സകരണമാകാം പണ്ഡിറ്റിനെ ഇത്രവേഗത്തില്‍ ക്യാമറയെടുക്കാനും ആടിപാടാനുമുള്ള അഭിനിവേശം ഉണ്ടാക്കിയത്. 

സന്തോഷ് പണ്ഡിറ്റിന് കലയോടുള്ള ഈ ആവേശവും ആത്മാര്‍ത്ഥതയും തുടര്‍ന്നും കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവുകയാണെങ്കില്‍ മലയാളസിനിമാലോകത്ത് അദ്ദേഹത്തിനുമുണ്ടായിരിക്കും ഒരിടം. ആ ഇടം തുറക്കുന്ന വാതിലിലേക്ക് തള്ളിക്കയറാന്‍ ഒരു വിഭാഗം ജനക്കൂട്ടം എപ്പോഴും കാണുകയും ചെയ്യും. എല്ലാം ചരിത്രം വെളിച്ചം കാട്ടും. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. കലാകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നും പറഞ്ഞുകൊള്ളട്ടേ!
October 24, 2011

No comments:

Post a Comment