Saturday, January 14, 2012

ഹെല്‍മറ്റ് : മനുഷ്യാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റം?

മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റം ശക്തമാവുന്നതിന്റെ സൂചനയാണ് ഹെല്‍മറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന അവസാനത്തെ നിര്‍ദേശങ്ങള്‍. എന്തുകൊണ്ട് ഇത്രയും കര്‍ശനമായി ഈ നിയമം നടപ്പാക്കുന്നതിന് കോടതി നിര്‍ബന്ധപ്പിടിക്കുന്നു എന്ന് വ്യക്തമാകുന്നില്ല. എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമല്ലാത്ത ഒരു കാര്യം അടിച്ചേല്‍പ്പിക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. ഹെല്‍മറ്റ് ധരിക്കുക എന്നുളളത് ഇരുചക്രവാഹനം ഓടിക്കുന്ന ആളുടെ മാത്രം വ്യക്തിപരമായ കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ സംഭവിക്കുന്ന എല്ലാ നഷ്ടകഷ്ടങ്ങള്‍ക്കും അയാല്‍ മാത്രമായിരിക്കും ഉത്തരവാദി. ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ മറ്റുള്ള വാഹനങ്ങള്‍ക്കോ വഴിയാത്രകാര്‍ക്കോ കാഴ്ചകാര്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊന്നും സംഭവിക്കുന്നില്ല. 

ഒരാള്‍ മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടാക്കുന്നത് തടയുന്നതിനാണ് നിയമവും കോടതിയും ഉണ്ടാക്കിയിരിക്കുന്നത്. അതായത് ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ സംരക്ഷിക്കുകയാണ് നിയമത്തിന്റെയും കോടതിയുടെയും പരമമായ കര്‍ത്തവ്യം. ഏത് നിയമം എടുത്തു പരിശോധിച്ചാലും മനസ്സിലാവുന്ന ഒരു കാര്യമുണ്ട്, അത് ജനങ്ങളുടെ ജീവനും സ്വത്തിനും എതിരെ മറ്റൊരാളുടെ കടന്നുകയറ്റത്തെ തടയുന്നു.

എന്നാല്‍ ഹെല്‍മറ്റ് വ്യക്തിഗതമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം മാത്രമാണ്. ഒരാളുടെ തലയില്‍ എന്ത് കെട്ടിവയ്ക്കണമെന്ന് അയാള്‍ മാത്രമാണ് ബോധവാനാകേണ്ടത്. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ബാധ്യത ആത്യദ്ധികമായി അയാള്‍ക്ക് മാത്രമാണ്. ആത്മഹത്യ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് എന്ന നിയമം പോലെ ബാലീശമാണ് ഹെല്‍മറ്റ് നിയമവും. 

ജനങ്ങള്‍ക്ക് പരിരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ കാണിക്കുന്ന നിയമലംഘനവും അലംഭാവവും കോടതിയ്ക്ക് അത്രകാര്യമായ സംഗതി അല്ലെന്ന് തോന്നുന്നു. ട്രെയിന്‍ യാത്രക്കിടെ കഴിഞ്ഞ ദിവസം ഉണ്ടായ മൃഗീയവും പൈശാച്ഛികവുംമായ സംഭവം ഇന്ത്യന്‍ റയ്യില്‍വേയുടെ നഗ്നമായ നിയമലംഘനത്തിന് ഉദാഹരണമാണ്. അതുപോലെ സര്‍ക്കാര്‍ ഇടപ്പെടുന്ന സമസ്തമേഖലയില്‍ കെടുകാര്യസ്തതയാണ് നടമാടുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുവിതരണസംവിധാനം, തൊഴില്‍ മേഖലകള്‍ തുടങ്ങി റോഡ്-ട്രാന്‍സ്‌പോര്‍ട്ട്-റയില്‍വേ എന്നീ വകുപ്പുകളിലും, വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുന്ന പൊതുജനങ്ങളെ സംബന്ധിക്കുന്ന ഫയലുകള്‍ എന്തിന് അധികം പറയുന്നു കോടതിയില്‍ തന്നെ തീര്‍പ്പാകാതെ പൊടിപിടിച്ചുകിടക്കുന്ന എത്രമാത്രം വ്യവഹാരങ്ങള്‍ പൊതുജനം വിധിയ്ക്കുവേണ്ടി കാത്തുനില്‍ക്കുന്നുണ്ട്. നീതി കിട്ടാന്‍ വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ആപ്തവാക്യം ഇവിടെ സ്മരിക്കുന്നത് നല്ലതാണ്. 

എന്നിട്ടും ഹെല്‍മെറ്റിന്റെ കാര്യത്തില്‍ മാത്രം എന്തേ ഇത്ര നിര്‍ബന്ധബുദ്ധി. വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ സഞ്ചരിക്കുന്ന കേരളത്തിലെ റോഡിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മഴയോന്ന് ചാറിയാല്‍ പൊട്ടിപ്പൊളിഞ്ഞ് നാമവശേഷമായി പോകുന്ന, വെള്ളം കെട്ടിനില്‍ക്കുന്ന തോടുകളായി മാറുന്ന ദേശീയപാത. വീതിയില്ലാതെ ഞെരുങ്ങി നിരങ്ങി നീങ്ങുന്ന വാഹനവ്യൂഹം. ഇതിലൂടെ വാഹനത്തില്‍ ഇരുന്ന് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ. വാഹനം തള്ളികൊണ്ടു പോകുന്നത് ഇതിലും ഭേദം. എത്ര അപകടങ്ങള്‍ റോഡിന്റെ വീതിക്കുറവുമൂലവും അറ്റകുറ്റപ്പണിചെയ്യാത്തതുകൊണ്ടും സംഭവിച്ചിരിക്കുന്നു. റോഡ് ടാക്‌സ് കൃത്യമായി മുന്‍കൂര്‍ വാങ്ങി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കവരുന്ന സര്‍ക്കാര്‍ വകുപ്പായ ഗതാഗതവകുപ്പിന്റെ പ്രവര്‍ത്തനത്തെ ഒരു കോടതിയും ശരിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം നടത്തുന്നില്ല. അങ്ങനെയെങ്കില്‍ കേരളത്തിലെ മൂന്ന് കോടിയില്‍ പരം ജനങ്ങള്‍ക്ക് എത്രമേല്‍ ഉപകാരമാവും കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. അവിടെയൊന്നും കാണിക്കാത്ത ആവേശവും കാര്‍ക്കശ്യവും വാഹനങ്ങളില്‍ ഏറ്റവും കുറഞ്ഞശതമാനമാത്രം ഉപയോഗിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് നേരെയുള്ള ചട്ടലംഘന ആരോപണം എന്തുകൊണ്ടെന്ന് അറിയുന്നില്ല. നിയമം നടപ്പാക്കണം പാലിക്കപ്പെടണം ഈ തത്വം എല്ലാ രംഗത്തും ആയിക്കൂടെ. 

ഞാന്‍ ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ട് മറ്റുള്ളവര്‍ക്ക് യാതൊരു ദോഷവും സംഭവിക്കാത്ത കാലത്തോളം എനിക്ക് ഹെല്‍മറ്റ് ധരിക്കേണ്ട ബാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ഒരാള്‍ക്ക് സംഭവിക്കുന്ന അപകടമോ മരണംപോലുമോ ഹെല്‍മറ്റ് ധരിക്കുന്നതുമൂലം പാടെ ഒഴിവാക്കാന്‍ പറ്റുമെന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. ഇരുചക്രവാഹനത്തില്‍ പോകുന്നവര്‍ മാത്രമല്ല അപകടത്തില്‍പ്പെടുന്നത് മറ്റ് നിരവധി മുക്രചക്ര-നാലുചക്ര-നിരവധി ചക്രങ്ങളുള്ള തീവണ്ടി പോലും അപകടത്തില്‍പ്പെട്ട് യാത്രക്കാരുടെ ശരീരത്തിനും ജീവനും അപകടം സംഭവിച്ചുകൊണ്ടിരിക്കുന്നു. 

യന്ത്രങ്ങള്‍ കണ്ടുപിടിച്ചതുമുതല്‍ അതുമൂലമുള്ള അപകടങ്ങളും നിത്യസംഭവമാണ്. ആ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗരേഖയും നിര്‍ദ്ദേശങ്ങളും ആ മെഷിനുകല്‍ കണ്ടുപിടിക്കുന്നതോടൊപ്പം ഉപഭോഗ്താവിനെ അറിയ്ക്കുകയും ചെയ്യുന്നുണ്ട്. മാര്‍ഗരേഖും നിര്‍ദ്ദേശങ്ങളും അനുസരിക്കേണ്ടത് യന്ത്രം ഉപയോഗിക്കുന്ന ആളുടെ വ്യക്തിപരമായ കാര്യമാണ്. മാര്‍ഗരേഖയും നിര്‍ദ്ദേശങ്ങളും എവിടെയും അടിച്ചേല്‍പ്പിക്കുന്നില്ല. ഫാക്ടറികളിലും മറ്റും സ്വമേധയാ ശരീരത്തെ സംരംക്ഷിക്കുന്നതിനുള്ള കവചങ്ങള്‍ സ്വാഭാവികമായി സന്ദര്‍ഭത്തിനനുസരിച്ച് അണിയുകയാണ് പതിവ്. 

പുകവലി, മദ്യം, മയക്കുമരുന്ന് ഇവ മൂന്നും നിയമം മൂലം നിരോധിച്ചിട്ടും നിര്‍ബാധം വിലപ്പനയും ഉപയോഗവും നടക്കുന്നു. ഈ മൂന്നിന്റെയും ഉപയോഗം പ്രത്യക്ഷത്തില്‍ സ്വന്തമായും മറ്റുള്ളവര്‍ക്കും ഹാനിയുണ്ടാക്കുന്നതാണ്. പുകവലി-മദ്യം-മയക്കുമരുന്ന് ഇവ മൂന്നും ഉപയോഗിക്കുന്ന ആള്‍ക്ക് അസ്വസ്തതയുണ്ടാക്കുന്നില്ല. മറിച്ച് ഇവ ഉപയോഗിക്കുന്ന ആള്‍ മുഖാന്തിരം പൊതുജനങ്ങള്‍ക്കും വീട്ടുകാര്‍ക്കും മാനഹാനിയും മാനസിക-ശാരീരിക-ധനനഷ്ടങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കുന്നതുമൂലം അത് ധരിക്കുന്ന ആള്‍ക്കാണ് മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നത്. 

യഥാര്‍ത്ഥത്തില്‍ മികച്ച ഗുണമേന്മയുള്ള ഹെല്‍മറ്റുകള്‍ ലഭിക്കാനില്ലെന്നുള്ളതാണ് സത്യം. ഗുണമേന്‍മയുള്ള ഹെല്‍മറ്റിന് സാധാരണകാരന് താങ്ങാനാകാത്ത വിലയുമാണ്. രണ്ടാമത് നല്ല റോഡും ദീര്‍ഘദൂരയാത്രയുമാണെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്ന ആള്‍ ഹെല്‍മറ്റ് ധരിക്കുമെന്നുള്ളിന്് ആരുടെയും ഔദാര്യമോ പിടിവാശിയോ നിര്‍ബന്ധമോ ആവശ്യമില്ല. വേഗമാര്‍ന്ന യാത്രയില്‍ വീതികൂടിയ എക്‌സ്പ്രസ് ഹൈവേകളില്‍ ഹെല്‍മറ്റ് ധരിക്കുന്നതിന് ആരും ശുപാര്‍ശ ചെയ്യേണ്ടതില്ല. അത് സ്വയമേവ ചെയ്യുന്ന കാര്യമാണ്. 

കര്‍ശനമായ റോഡ് നിയമങ്ങളും നിബന്ധനകളും നടപ്പാക്കേണ്ടത് ബസ്സ്, ലോറി, ടിപ്പര്‍ തുടങ്ങിയ റോഡിന്റെ മൃഗീയഭാഗവും കയ്യേറി, അലക്ഷ്യമായി കുതിക്കുന്ന വാഹനഡ്രൈവര്‍ക്കെതിരെയാണ്. സ്വന്തം ശരീരം കാത്തുസൂക്ഷിക്കാന്‍ അറിയാത്ത മന്ദബുദ്ധികളല്ല ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍.
February 9, 2011

No comments:

Post a Comment