Saturday, January 14, 2012

ഓര്‍മക്കുറിപ്പ്‌

ശബരിമലയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് സംഭവിച്ച ദുരന്തം കേരളമന:സാക്ഷിയെ ഞെട്ടിക്കുന്നതും ഒരിക്കലും മറക്കാനാവാത്തതുമായ ദു:ഖഭരിതമായ കാര്യമാണ്. ഈ ദു:ഖത്തില്‍ നമ്മുക്ക് ഒരു വേള മൗനം ഭജിക്കാം. മനുഷ്യബോധത്തെ തൊട്ടുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയാതെ പോയതായി തോന്നിപ്പോകുന്നു. 

എന്തുകൊണ്ട് ഇങ്ങനെയുള്ള അപകടങ്ങള്‍ തുടര്‍ക്കഥപോലെ നമ്മുടെ മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് വര്‍ഷന്തോറും ഭക്തജനങ്ങളുടെ പ്രവാഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അത് ഉള്‍ക്കൊള്ളേണ്ടവര്‍ക്ക് ബോധ്യപ്പെടുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോകുകയാണ്. ശതകോടികള്‍ വരുമാനമാര്‍ഗ്ഗമായി എത്തുന്ന ഒരു പുണ്യസ്ഥലം കൂടിയാണ് ശബരിമല. ഈ വരുമാനത്തില്‍ നിന്നും ഒരു ചെറിയൊരു ഭാഗമെങ്കിലം അയ്യപ്പഭക്തരുടെ സഞ്ചാരസൗകര്യത്തിനും മകരജ്യോതി ദര്‍ശനത്തിനും മറ്റുമായി നീക്കി വച്ചിരുന്നെങ്കില്‍ ഇതുപോലുള്ള ദുരന്തം തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. 

ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ചെയ്തുപോയ പാപകര്‍മ്മങ്ങള്‍ക്ക് പ്രായശ്ചിത്തവും ഒക്കെയാണ് ഒരു അയ്യപ്പഭക്തന്റെ ശബരിമലദര്‍ശനം കൊണ്ട് സാധ്യമാകുന്നത്. അത് പൂര്‍ണ്ണഅര്‍ത്ഥത്തില്‍ നിറവേറി തിരിച്ചുവരുന്നതിന് ഒരു അവസരം ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ് എന്ന സംവിധാനം തന്നെയാണ്. പരമ്പരാഗതമായ സുരക്ഷാസംവിധാനം മാത്രം ഒരു ചടങ്ങായി ചെയ്തുവരുന്ന സര്‍ക്കാര്‍ സംവിധാനം കാലം മാറുന്നതിനനുസരിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറുന്നില്ല എന്നുള്ള നമ്മള്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുന്ന സംഗതിയാണ്. ഇവിടെ സംഭവിച്ചത് ഒരു പ്രകൃതിദുരന്തമല്ല. മനുഷ്യന്റെ അവസരോചിതമായ ഒരു ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിയുമായിരുന്ന സംഭവം തന്നെയാണിത്. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഒരോ പ്രശ്‌നത്തോടുള്ള നിസ്സംഗമായ ഒരു മനോഭാവമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള കാരണം.

എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ആവശ്യമായ വെളിച്ചമോ, വാഹനസൗകര്യമോ അപകടം നടന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല എന്നുള്ളത് ഖേദകരമായ വസ്തുതയാണ്. സഞ്ചരിക്കുന്ന മൊബൈല്‍ ടവറുകള്‍ ന്യൂസുകള്‍ കവറുചെയ്യുന്നതിനും മറ്റുമായി നാടുനീളെ എത്തിക്കാന്‍ കഴിയുന്ന സൗകര്യവും ഇന്നുണ്ട്. ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തിപ്പെടുന്ന ശബരിമലയിലും അടുത്ത പ്രദേശങ്ങളിലും താത്കാലികമായ മൊബൈല്‍ ടവര്‍ സംവിധാനം ഒരുക്കാനും ബന്ധപ്പെട്ട കമ്പനികളോ സര്‍ക്കാരോ ചെയ്തില്ല എന്നുള്ള പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നുള്ളതും ഒരബദ്ധംതന്നെയാണ്. 

ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് അത് സംഭവിക്കാതിരിക്കുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക എന്നുള്ളതാണ് പ്രധാനം. അല്ലാതെ അപകടങ്ങള്‍ നടന്നതിനുശേഷം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും സന്നാഹവും അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ചെയ്യുന്നതാകയാല്‍ ഇത്രയധികം മാനസീക സംഘര്‍ഷങ്ങളോ പണച്ചിലവോ ഒക്കെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. 

ദുരന്തങ്ങളില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനസഹായവും മറ്റും മാത്രം മതി ദുരന്തങ്ങള്‍ തടയാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍. പക്ഷെ എത്രയൊക്കെ അപകടങ്ങളും ദുരന്തങ്ങളും നടന്നാലും 'കണ്ണുതുറക്കാത്ത ദൈവങ്ങളെ' പോലെയാണ് അധികാരികളും സര്‍ക്കാര്‍ സംവിധാനവും. 

കാലപഴക്കത്താല്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന പാലങ്ങളിലൂടെ അനസ്യൂതം വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. വീതിയില്ലാത്ത റോഡിലൂടെ മരണപ്പാച്ചില്‍ നടത്തുന്ന വാഹനങ്ങള്‍, കേരളത്തെ വിഴുങ്ങാനൊരുങ്ങുന്ന മുല്ലപെരിയാര്‍ അണക്കെട്ട്, പാലങ്ങളില്ലാതെ കടത്തുതോണിയില്‍ തിങ്ങിവിങ്ങി സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളും മറ്റുയാത്രക്കാരും, പണക്കൊഴുപ്പില്‍ കണ്ണും ബോധവും നഷ്ടപ്പെടുത്തുന്ന മദ്യമാഫിയകള്‍, മലിനമായികൊണ്ടിരിക്കുന്ന പുഴകളും മാലിന്യങ്ങളാല്‍ സമൃദ്ധമായി രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നഗരപ്രാന്തപ്രദേശങ്ങള്‍.....ഇന്ി ഏത് ദുരന്തചിത്രമാണ് നമ്മളെ കാത്തിരിക്കുന്നത്.

ഇനിയെങ്കിലും ഉണരുക - മരണം ബാക്കി വച്ചവര്‍ക്ക് വേണ്ടി - ഇനിയൊരു ദുരന്തത്തെ ക്ഷണിച്ചുവരുത്താതിരിക്കാന്‍.

(January 15, 2011 )

No comments:

Post a Comment