Thursday, January 12, 2012

മനുഷ്യക്രമം


ഒരു ആശയം അല്ലെങ്കില്‍ ഒരു തീരുമാനം നടപ്പില്‍ വരുത്തുന്നതിനുമുമ്പ് അതിനുവേണ്ട സാഹചര്യം സൃഷ്ടിക്കണം. അല്ലെങ്കില്‍ പാറയില്‍ വീണ വിത്തുപോലെ ആശയം മൃതിപ്രാപിക്കും. അതുപോലെ ആശയവും സാഹചര്യവും അനുരൂപമായിരിക്കണം. സാഹചര്യത്തിനനുസരിച്ച തീരുമാനം കൈക്കൊള്ളണം. സാഹചര്യത്തിനു പ്രതികൂലമായ ആശയം രൂപപ്പെടുത്തുന്നത് അതിന്റെ സാധ്യതയെത്തന്നെ ഇല്ലാതാക്കും. സാഹചര്യത്തെ നമുക്ക് അനുരൂപമാക്കുകയാണ് വേണ്ടത്. നമുക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക പ്രയാശമാണ്. അതുകൊണ്ട് നിലവിലുള്ള സാഹചര്യത്തെ നമുടെ ജീവനത്തിന്റെ ഉപാധിയാക്കി മാറ്റുക. സസ്യങ്ങള്‍ അവയ്ക്കുള്ള ആഹാരം അവയുടെ പരിസ്ഥിതിയില്‍ നിന്നും ചൂഷണം ചെയ്യുന്നതുപോലെ. സാഹചര്യത്തിനുകീഴടങ്ങാതെ നിലവിലുള്ള സാഹചര്യത്തെ കൂഴ്‌പ്പെടുത്തി പുതിയസാഹചര്യം സൃഷ്ടിക്കുക.
ജീവനില്‍ നിന്ന് ജീവിതത്തെ രൂപപ്പെടുത്തുക. ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. പ്രകൃതി സാമൂഹ്യക്രമത്തെ സൃഷ്ടിക്കുന്നു. സമൂഹം വ്യക്തികളെയും നിര്‍മിക്കുകയാണ്. ആ വ്യക്തി തന്നെ സമൂഹത്തിന്റെ രൂപത്തെ മാറ്റുകയും പുതിയൊരു സമൂഹത്തെയും സാമൂഹ്യക്രമത്തെയും സൃഷ്ടിക്കുന്നു.
ജീവിതത്തെ രണ്ടുവിധത്തില്‍ രൂപപ്പെടുത്താം. ഒന്നുകില്‍ നിലവിലുള്ള സാഹചര്യത്തിനനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തുക. അല്ലെങ്കില്‍ സാഹചര്യത്തിനതീതമായി ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കുക. പരിസ്ഥിതിയുമായി ഇണങ്ങിചേരുകയാണ് ജീവികളുടെ പൊതുവായ സ്വഭാവം. മനുഷ്യനും അടിസ്ഥാനപരമായി ഈ സ്വഭാവത്തിന് അടിമയാണ്. പ്രകൃതിയ്ക്കനുസൃതമായി ജീവിക്കുമ്പോള്‍ മനുഷ്യനും മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയ്ക്കടിമയായി മാറുന്നു.
മറ്റുജീവികളില്‍ നിന്നും വ്യത്യസ്തനായ മനുഷ്യന് മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയ്ക്കടിമയായി മാത്രം ജീവിക്കുകയെന്നുള്ളത് അസാധ്യമായ കാര്യമാണ്. മനുഷ്യനിലുള്ള ബുദ്ധിവൈശിഷ്ഠ്യം അവനെ അതിനനുവദിക്കില്ല. പ്രകൃതിനനുസൃതമായി ജീവിക്കുമ്പോള്‍ മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായി മാറുകയാണ്. ഒരേ മനസ്സുമായി നിരവധി കൂട്ടം ആളുകള്‍ ഒരുമിച്ച് സഹവസിക്കുക. അതാണ് സമൂഹത്തിന്റെ പ്രത്യേകത. അതേ സമയം മറ്റുജീവജാലങ്ങളെപ്പോലെ പരസ്പരം ഇണങ്ങി ജീവിക്കുകയും സന്താനപരമ്പരകള്‍ സൃഷ്ടിക്കുകയും ചെയ്യുക. വ്യതിരിക്തമായ ചിന്തയോ സാഹസമോ പുതുസൃഷ്ടിയോ അവിടെ ഉണ്ടാവുകയില്ല. പ്രകൃതിദത്തമായ സംമ്പുഷ്ടതയില്‍ മാത്രം ആസക്തമാവുകയും അതിനെ ഭോഗിച്ച് ജീവിതചക്രത്തെ ചലിപ്പിക്കുകയും ചെയ്യും.
പ്രകൃതിയുമായി മല്ലിടുന്ന മനുഷ്യന്‍ ആദ്യതന്നെ പ്രകൃതിയുമായും സമൂഹവുമായും അന്യവല്‍കൃതമാകുന്നു. പ്രകൃതിയില്‍ നിന്നും സാമൂഹ്യക്രമത്തില്‍ നിന്നും ഒറ്റപ്പെടുന്ന മനുഷ്യന്‍ അവന്റെ മനസ്സില്‍ പ്രകൃതി അല്ലെങ്കില്‍ പരിസ്ഥിതിക്കുപരിയായ ഒരു സാമൂഹ്യസാഹചര്യത്തെ മനസ്സില്‍ കാണുകയും ആ സാഹചര്യത്തില്‍ ജീവിക്കുന്നതിന് നിലവിലെ സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യനില്‍ നിന്നും നവമനുഷ്യനിലേക്കുള്ള ദൂരത്തെ കുറക്കുകയും അതിലേക്കുള്ള പുതിയൊരു പാത വെട്ടിത്തുറക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ള ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റി നിര്‍ത്തുന്നതും ഈ സ്വാഭാവവിശേഷത ഒന്നുമാത്രമാണ്.
ഓരോരാളും സ്വന്തം നിലയില്‍ വ്യക്തിപരമായി മനുഷ്യനാണ്. അത് സ്ത്രീയായാലും പുരുഷനായാലും. ആരും സ്വന്തം ശരീരത്തെ സ്ത്രീശരീരമായോ പുരുഷശരീരമായോ കണക്കാക്കുന്നില്ല. പുരുഷന്റെ സാമിപ്യത്തിലോ സ്ത്രീയുടെ സാമിപ്യത്തിലോ ആണ് ഈ വ്യതിരിക്തത വെളിപ്പെടുന്നുള്ളൂ. ഓരേ ലംഗസമൂഹത്തില്‍ ലിംഗവിവേചനം എന്നത് അര്‍ത്ഥശൂന്യമാണ്. അതുപോലെ നഗ്നതയും. നഗ്നതയുടെ ഉരക്കല്ല് എതിര്‍ലിംഗത്തിന്റെ സാന്നിദ്ധ്യമാണ്. എതിര്‍ലിംഗമില്ലാതിടത്ത് നഗ്നത, നഗ്നമായ ഒരു വിഷയമാകുന്നില്ല. അവിടെ നഗ്നതയുടെ പരിപോഷണമാണ് നടക്കുന്നത്. ലിംഗങ്ങളുടെ വലുപ്പചെറുപ്പവും സൗകുമാര്യതയും മാറ്റുരക്കപ്പെടും. അതേ സമയം നഗ്നത എന്നത് ഒരേ സമയം സ്വയം പരസ്യവും മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ രഹസ്യവുമാണ്. അനാവരണപ്പെട്ടതാണ് നഗ്നത.
സ്വന്തം വ്യക്തിത്വവും സ്വത്വവും തന്നിലേക്ക് ആകര്‍ഷിച്ച് ഒരു ആറ്റത്തിന്റെ പരിവേഷം കണക്കെ സ്വയം ചുറ്റിത്തിരിയുന്ന അവസ്ഥയാണ് ഒരു വ്യക്തിയെന്നത്. സ്വന്തമായ ഒരു മാനസീക പ്രപഞ്ചം തന്നെ അതില്‍ കുടികൊള്ളുന്നു. മറ്റുള്ളവരിലേക്ക് തുറക്കാത്ത വാതിലുമായി. ഒരു വശത്തേക്ക് മാത്രം തിരിയുന്ന ഇരുമ്പുഗേറ്റുപോലെ. സ്വന്തം രഹസ്യത്തില്‍ അഭിമാനം കൊള്ളുകയും മറ്റുള്ളവരുടെ പരസ്യത്തില്‍ പരസ്യമാക്കപ്പെട്ടവയില്‍ അപമാനിക്കുകയും ചെയ്യുന്നു. ഉള്ളതില്‍ അഭിമാനിക്കുകയും ഇല്ലാത്തതില്‍ അപഹസിക്കുകയും ചെയ്യുക. ഉള്ളവനാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഇല്ലാത്തവന്‍ അടിമയാണ്. ഒന്നുമില്ലാത്തവന്‍. നാണവും മാനവും പണവും പ്രശസ്തിയും. ഒന്നുമില്ലാത്തവന്റെ വല്ലായ്മയെ ചൂഷണം ചെയ്യുക. ഉള്ളവനും ഇല്ലാത്തവനും. ആ അനന്തരത്തെ അതുപോലെ നിലനിര്‍ത്തുകയാണ് സമൂഹം ചെയ്യുന്നത്. സമൂഹം എന്ന ഘടനയുടെ ആണിക്കല്ല്/അസ്ഥിവാരം തന്നെ ഈ വൈരുദ്ധ്യത്തില്‍ അടിസ്ഥിതമാണ്.

No comments:

Post a Comment