Friday, January 6, 2012

പ്രതീക്ഷയുടെ തിരിവെട്ടം



ഭൂമിയ്ക്ക് ഏല്ക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന 
ആഘാതം/ക്ഷതം അചിന്തിതമാണ്. അതുപോലെ ഒരാളുടെ മനസ്സില്‍ ഉണ്ടാക്കുന്ന അഗാധമായ മുറിവുകള്‍ ആ വ്യക്തിയെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യും. ഇത് ഒരു അരക്ഷിതാവസ്ഥയുടെ തടംകെട്ടിയ ഇടമായി മാറ്റപ്പെടും. ദുരന്തങ്ങളും ആഘാതങ്ങളും മനുഷ്യന്റെ നൈരന്തര്യത്തെ അല്ലെങ്കില്‍ അവന്റെ ഓര്‍ഡറിനെ നശിപ്പിക്കുന്നു. അങ്ങനെ സമൂഹം ശവപറമ്പും
വ്യക്തി ജീവച്ഛവവുമായി പരിണമിക്കുന്നു. 


ഭൂമിയ്ക്ക് വരുന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിനെ കീഴ്‌മേല്‍ മറിക്കുകയും സമൂഹത്തിന്റെ അതുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാവാന്‍ പോകുന്നതുമായ ജീവിതത്തെ സ്തംഭിപ്പിക്കുകയും ചെയ്യും. അതുപോലെയാണ് മനുഷ്യമനസ്സില്‍ രൂപപ്പെടുന്ന വൈകല്യങ്ങള്‍ വ്യക്തിയുടെ ജീവിതത്തെ കാര്‍ന്ന് തിന്നുകയും അവനെ നാശത്തിന്റെ ഇരുട്ടറയിലേക്ക് തള്ളിയിടുകയും ചെയ്യും. പരിസ്ഥിതിയുടെ നാശം സമൂഹത്തിന്റെ മരണവും മാനസീകവൈകല്യം വ്യക്തിയുടെ മരണത്തിലും കലാശിക്കുന്നു. 


മനുഷ്യന്‍ ജീവനുള്ള ജഡങ്ങളായി തീരും എന്ന സാരം. സമൂഹം അതിന്റെ പരിസ്ഥിതിയെയും വ്യക്തി അവന്റെ മനസ്സിനെയും ആശ്രയിച്ചാണ് ജീവനം നടത്തുന്നത്. ആശ്രയം നഷ്ടപ്പെടുമ്പോള്‍ സുരക്ഷിതത്വം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. സ്വാതന്ത്ര്യവും സുരക്ഷയും ജീവികള്‍ക്ക് അത്യാവശ്യമാണ്. നാശത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പ് അതാണ് ആവശ്യം. പൂര്‍ണ്ണമായി ഒരിക്കലും 
നശിക്കുന്നില്ല. പ്രതീക്ഷയുടെ ഒരു തിരിവെട്ടം എപ്പോഴും ബാക്കിയുണ്ടാകും. നാശം ഒരിക്കലും പൂര്‍ണമല്ല. അത് എപ്പോഴും അവശേഷിച്ചുകൊണ്ടിരിക്കും. ആ അവശേഷിച്ചതില്‍ നിന്ന് പുന:നിര്‍മിക്കുക. അങ്ങനെ നാശത്തില്‍ നിന്ന് പുതുകോശത്തിന്റെ പുതുജന്മങ്ങള്‍ ഉണ്ടാവട്ടെ! പുതിയ വ്യക്തിയും പുതിയ സമൂഹവും. 
നാശോന്മുഖത്തുനിന്ന് പുരോന്മുഖത്തേക്ക്............

No comments:

Post a Comment