Saturday, January 7, 2012

നക്ഷത്രങ്ങള്‍



നക്ഷത്രങ്ങള്‍ മിന്നിനിന്ന രാത്രി

ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണിയങ്ങനെ

വീണ്ടും ഒന്നിനെ നാലായിയെണ്ണി

എണ്ണി തുടങ്ങിയില്ല; തീര്‍ത്തുമില്ല



ഉറുമ്പുകളെപ്പോലെ തണലിന്റെ 

ഓരംചേര്‍ന്ന് അലസമായി

ചൂടറിയാത്ത ആലസ്യത്തില്‍

ഒരാശ്രയത്തിന്റെ സാന്ത്വനത്തില്‍



ഓരോര്‍മയുടെ വിസ്മൃതിപോലെ

വഴിമാറിയ അപകടകാഴ്ചകള്‍

വീഴ്ചയോ വടുക്കളോ നല്‍കാത്ത

സുഭഗം കോരിച്ചൊരിഞ്ഞ പകലുകള്‍



വിശ്വാസങ്ങളൊക്കെ അവിശ്വാസമായി

നിനച്ചിരിക്കാതെ വന്നുദുരിതങ്ങള്‍

ലോകം തലകീഴായി മറിഞ്ഞു

വരാനുള്ളത് വഴിയില്‍ തങ്ങിയില്ല



ചാപ്പിള്ളയെപെറ്റതും മറചെയ്തതും

ഇടിയേറ്റുകരിഞ്ഞ തലയെടുപ്പും

മഴവെള്ളപ്പാച്ചിലില്‍ കടപുഴകിയും

കച്ചിതുരുമ്പും തേടുന്ന രക്ഷയ്ക്കായി



ഒന്നിനും അര്‍ഹരായില്ല; ഒരിടത്തും

ആഗ്രഹംപോലും നിവര്‍ത്തിയില്ല

മുളയിലേ നുള്ളിയും കരിഞ്ഞുകൊഴുഞ്ഞു

സംഭവങ്ങളൊക്കെ യുഗങ്ങളായങ്ങനെ



ഉടമയാവില്ല ഒരിക്കലുമെന്നുമേ

വാടകക്കാരനും കടക്കാരനും

വിധേയപ്പെട്ടും കടപ്പെട്ടുമങ്ങനെ

മനസ്സും ശരീരവും അന്യമാകുന്നു



എവിടെനിന്നെപ്പോള്‍ തുടങ്ങിയോ

തുടക്കം തന്നെ ഉടക്കി വഴിയൊക്കെ

കാലൊച്ചയും ഹൃദയമിടിപ്പും മുഴങ്ങി

കാതുകളില്‍ ഒരു രോദനംപോലെ



കൂട്ടുംതെറ്റിയും കൂട്ടമായും പറവകള്‍

ആകാശവീഥിയില്‍ സ്വതന്ത്രമായങ്ങനെ

കുടണയാന്‍ കൂട്ടുകൂടാന്‍ കൂട്ടമായി

താണുപറന്നുഭൂമിതന്‍ വിരിമാറിലേക്ക്



രാത്രിയില്‍ സ്വപ്‌നങ്ങള്‍ കണ്‍തുറന്നു

ഹൃദയം ഞെടുങ്ങും ഭയവിഭ്രാന്തിയില്‍

പകലിനെമറക്കാന്‍ ഉറങ്ങിയെന്നാലും

ഒളിഞ്ഞിരിക്കുന്നു മുഖംമൂടികള്‍ ഇരുട്ടിലും.











No comments:

Post a Comment