Monday, January 2, 2012

നീ











നീ എന്റെ മനസ്സില്‍
പുതുകൂടുകള്‍ കൂട്ടി
സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തായി.
നിന്നെക്കുറിച്ചുള്ള ചിന്തയാല്‍
മനസ്സ് നിറഞ്ഞൊഴുകി.
ശൂന്യമാം എന്‍മനസിനെ
നീ കവിതയാല്‍ നിറച്ചു.
കാതുകള്‍ക്ക് സ്വരമായി
കണ്ണുകള്‍ക്ക് സൗന്ദര്യമായി.
നീ അകന്നകന്നുപോകുമ്പോഴും
ഞാന്‍ നിന്നെ തേടുകയാണ്.
പ്രകൃതിപോലെ സുന്ദരിയാണുനീ.
ആത്മാവുപോലെ നിര്‍മലവും
ബ്രഹ്മംപോല്‍ സത്യവും.
നിന്റെ വാക്കുകള്‍
എനിക്ക് കവചമായി.
നിന്റെ ദര്‍ശനത്തില്‍
ഞാന്‍ കര്‍മനിരതാനാകുന്നു.
നിന്റെ വിരല്‍ സ്പര്‍ശം
വിദ്യുത് തരംഗമായി മൂര്‍ത്താവില്‍,
അഗ്നിനാളം കൊളുത്തുന്നു.
ജീവിതത്തിന് ഇതുവരെ
കാണാത്ത അര്‍ത്ഥവും വ്യാപ്തിയും.
നിന്റെ വാക്കുകളിലെ ലേപനം,
എന്റെ സങ്കീര്‍ണമാം മനസ്സിനെ,
ലോലലോലമായി തഴുകുന്നു.
പ്രകൃതിയുടെ സംഗീതം പോലെ
ഭൂമിയുടെ ഭ്രമണമായി നീ.
നിന്റെ രൂപം ദേവതയുടെതാണ്.
നിനക്ക് മുന്നില്‍ ഞാന്‍ അലിഞ്ഞലിഞ്ഞ്
നേര്‍ത്ത് വിളര്‍ത്ത് ഒരശരീരിയായി.
നിന്റെ വഴികള്‍ ശുദ്ധവും തെളിഞ്ഞും
സുര്യതേജസ്സാര്‍ന്ന ലക്ഷ്യവും.
നീ പ്രപഞ്ചത്തിനതീതയാം
നിന്‍ ജന്മം ധന്യമായി....!

No comments:

Post a Comment