Saturday, January 14, 2012

മലയാളത്തെ അവഗണിക്കണമോ?

മലയാള ഭാഷയില്‍ ഇപ്പോള്‍ നിരവധി വെബ് സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യം ഇല്ലാത്ത മലയാളികള്‍ക്ക് ഇതൊരു അനുഗ്രഹവുമാണ്. മുമ്പ് മലയാളഭാഷയ്ക്ക് ഇന്റര്‍നെറ്റില്‍ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണവും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് കുറവുമായിരുന്നു. എന്നാല്‍ ഇന്ന് മലയാള ഭാഷയുടെ ഉത്സവകാലമാണ്. മലയാളത്തില്‍ വെബ്‌സൈറ്റ് എന്നുമാത്രമല്ല, മലയാളഭാഷയില്‍ തന്നെ ആര്‍ക്കും എഴുതുവാനും ടൈപ്പ് ചെയ്യുവാനും സാധിക്കുന്നു. ഇംഗ്ലീഷില്‍ എഴുതി മലയാളത്തിലേക്ക് അക്ഷരങ്ങള്‍ രൂപപരിണാമം സംഭവിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഇന്ന് സുലഭം. 

ബ്ലോഗുകളുടെ സുവര്‍ണ്ണകാലമാണിത്. ആര്‍ക്കും 'എന്തും' എഴുതാം; പ്രസിദ്ധീകരിക്കാം. ഒരു തുറന്ന വാതില്‍ ആകാശത്തിലേക്ക്, അറിവിന്റെ-അക്ഷരങ്ങളുടെ-ഭാവനയുടെ ഒരു പുത്തന്‍ വിഹായസ് തന്നെ തുറന്നിട്ടിരിക്കുന്നു. മനസ്സില്‍ അണകെട്ടി നിര്‍ത്തിയിരിക്കുന്ന വാക്കുകളെ അല്ലെങ്കില്‍ ആശയങ്ങളുടെ പ്രവാഹത്തിന് വേഗം കൂട്ടാന്‍ ഈ സാധ്യതകള്‍ അത്രമേല്‍ ഉപകാരപ്രദമാണ്. മുമ്പ് എഴുതി തുടങ്ങുന്ന ഒരു ഭാഷാസ്‌നേഹിക്ക്, എഴുത്തുകാരന് തന്റെ രചനകള്‍ സഹൃദയരില്‍ എത്തിക്കുന്നതിന് പ്രസാദ്ധകരുടെയും ചീഫ് എഡിറ്ററുടെയും കനിവും സമ്മതവും കിട്ടിയിട്ടുവേണം ഒരു പുതിയ സൃഷ്ടി വെളിച്ചം കാണുന്നതിന്. എന്നാല്‍ ഇന്ന് അതിരുകളില്ലാത്ത ബ്ലോഗുകളുടെ ലോകത്തില്‍ പിറന്നപടി തന്നെ ആസ്വാദക ലോകത്തെ തന്റെ സൃഷ്ടിയെ അവതരിപ്പിക്കാന്‍ എഴുത്തുകാരന് സാധിക്കുന്നു. അതുകൊണ്ട് കൂടുതല്‍ പേര്‍ തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വാസനകളെ ആവിഷ്‌ക്കരിക്കാന്‍ ഇന്റര്‍നെറ്റെന്ന മാധ്യമത്തെ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്നു. അത് ഭാഷകളുടെ പുനരുജ്ജീവനത്തിന് പുതിയൊരു മാര്‍ഗ്ഗമാണ് കാട്ടികൊടുത്തിരിക്കുന്നത്. 

സിംഹവാലന്‍ കുരങ്ങുകളെ പോലെ അന്യംനിന്നുപോകുമായിരുന്ന മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളാണ് പുതുജീവന്‍ ഉള്‍ക്കൊണ്ട് ബ്ലോഗുകളിലൂടെ ഇന്റര്‍നെറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത്. അന്യവല്‍കരിക്കപ്പെടുകയും പടിയടച്ച് പിണ്ഡം വയ്ക്കുകയും ചെയ്ത മാതൃഭാഷയ്ക്ക് ഈയൊരു ഭാവപകര്‍ച്ച എന്തുകൊണ്ടും കാലം സമ്മാനിച്ച ഒരനുഗ്രഹം തന്നെയാണ്. 

എന്നിരുന്നാലും മലയാളഭാഷ ഇന്റര്‍നെറ്റില്‍ കൈകാര്യം ചെയ്യുന്നതിന് ഇപ്പോഴും ആശവഹമായ ഒരു പുരോഗതി ഉണ്ടായിട്ടില്ല. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളീകരിക്കുന്ന അവസ്ഥയില്‍ യഥാര്‍ത്ഥ വാക്കുകള്‍ ലഭിക്കുന്നതിനുള്ള ഒരു പോരായ്മ നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ എഴുതാന്‍ തുനിയുന്നവര്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ മിനക്കെടുന്നില്ല. കിട്ടിയ വാക്കുകളില്‍ അര്‍ത്ഥം കണ്ടെത്തി ഒരു മുടന്തി വായന ശീലമാക്കുകയാണ്. ഇത് മലയാള ഭാഷയോടു ചെയ്യുന്ന ക്രൂരതയാണ്. ഇംഗ്ലീഷിലോ മറ്റ് ഇതര ഭാഷകളിലോ ഇതുപോലെ അക്ഷരങ്ങള്‍ തെറ്റിച്ച് എഴുതിയാലുള്ള പുകില്‍ പറയാനുണ്ടോ! അല്ലെങ്കില്‍ തന്നെ ഇംഗ്ലീഷ് പറയുമ്പോഴോ സംസാരിക്കുമ്പോഴോ വാക്കുകളുടെ ഉച്ഛാരണം തെറ്റിയാല്‍ സംഭവിക്കുന്ന മാനഹാനി എത്രവലുതാണ്. ഇംഗ്ലീഷ് ഭാഷയോട് സാധാരണ മലയാളിക്ക് ഭയവും പിന്നെ ഒരുതരം പരിഹാസവുമാണ് പൊതുവേയുള്ള മനോഭാവം. മിക്ക മലയാള സിനിമകളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത കഥാപാത്രങ്ങള്‍ക്ക് ഒരു കോമാളി പരിവേഷം ചാര്‍ത്തികൊടുക്കാന്‍ തിരഞ്ഞെടുക്കുന്ന എളുപ്പവഴിയാണിത്. 

മലയാളത്തെ സ്‌നേഹിക്കുന്നതോടൊപ്പം മലയാളം എഴുതാനും ടൈപ്പു ചെയ്യാനും സാധിക്കുന്ന ഒരു സംസ്‌ക്കാരം കൂടി നമ്മള്‍ ബ്ലോഗുകളുടെ ഈ സുവര്‍ണ്ണകാലത്തില്‍ സ്വായത്തമാക്കേണ്ടതാണ്. ഇംഗ്ലീഷില്‍ മലയാളം എഴുതാതെ മലയാളത്തില്‍ തന്നെ നല്ല മലയാളത്തില്‍ എഴുതാന്‍ ശ്രമിച്ച് മലയാളത്തിന്റെ ഉയിര്‍ത്തേഴുന്നേല്പിനെ നമ്മള്‍ ആഘോഷിക്കേണ്ടതാണ്. മാതൃഭാഷയെ അവഗണിക്കുന്നത് സ്വന്തം അമ്മയെ നിഗ്രഹിക്കുന്നതിന് തുല്യമാണ്.

നന്ദി. നമസ്‌ക്കാരം.
January 21, 2011

No comments:

Post a Comment