Saturday, January 14, 2012

ഗ്രാമത്തെക്കുറിച്ചോര്‍ക്കുമ്പോള്‍

ഗ്രാമത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം കണ്‍മുമ്പില്‍ വരുന്നത് പച്ചപ്പട്ടുടുത്ത വയല്‍ നീണ്ടുക്കിടക്കുന്നതാണ്. വയലിനുകുറുകെ ആഴത്തിലുള്ള തോട്. തോടിനെ കുറുകെ വിളലുള്ള പാലം. ആ പാലത്തിലൂടെ നടക്കുമ്പോള്‍ കാലുകള്‍ വിറയ്ക്കും താഴെ നോക്കുമ്പോള്‍. തോട്ടില്‍ ഒരിക്കലും വറ്റാത്ത വെള്ളം ഒഴുകികൊണ്ടിരിക്കും. പായലും വെള്ളിമീനും കളിചിരി പറഞ്ഞ് ഉല്ലസിക്കുന്നുണ്ടാകും. വയല്‍ക്കരയില്‍ തിങ്ങി നിറഞ്ഞ തെങ്ങിന്‍ തോപ്പ്. പിന്നെ മാവും പ്ലാവും നിറഞ്ഞ കറുത്ത കാട്. പ്ലാവുനിറയെ ചക്ക, മാവ് പൂത്ത് ഉണ്ണിമാങ്ങകള്‍ തൂങ്ങിയാടും. പിന്നെ കശുമാങ്ങയും അതിന്റെ കറയും കശുവണ്ടിയും. അണ്ടി പെറുക്കി വിറ്റ് കിട്ടിയ കാശ് വേനലവധിയില്‍ പടക്കം വാങ്ങിയും ഫുട്‌ബോള്‍ കളിച്ചും ഉത്സവാഘോഷം. ചെണ്ടയും ആനയും നൃത്തനൃത്യങ്ങളും. രാത്രി ഉത്സവം കാണാന്‍ പോകുന്നത് പായും പുതപ്പുമൊക്കെയെടുത്താവും. നാടകം കഴിയാന്‍ നേരം പുലരും. പുരാണ കഥാപാത്രങ്ങള്‍ കണ്‍നിറയെ കാഴ്ചയെ മറയ്ക്കും.

പിന്നെ മഴപെയ്തു തുടങ്ങുമ്പോള്‍ നിറയുന്ന കുളവും കുളക്കടവിലെ സ്്്ത്രീകള്‍ പീഢനംമറന്ന് കുളിക്കുകയും അലക്കുകയും ചെയ്യുന്നുണ്ടാകും. ഇന്നാണെങ്കിലോ? ചിന്തിക്കാന്‍ വയ്യ! പീഢനമ്മാവന്മാരുടെ കാലം. പക്ഷെ അന്നൊന്നും കുളക്കടവിലെ സ്ത്രീകളെ നോക്കാന്‍ മറന്നുപോയതുപോലെ. കുളിസീനിനെക്കാള്‍ പ്രധാനം കുളത്തില്‍ നീന്തിതുടിക്കുന്ന ആഹ്ലാദവം. 

ഗ്രാമത്തിലേക്ക് വിരലിലെണ്ണാവുന്ന ബസു സര്‍വ്വീസ്. ടൗണിലേക്ക് യാത്ര ചെയ്യുന്നതു തന്നെ വിരളം. എല്ലാ ബസ്സിന്റെ പേരും നമ്പറും ബൈഹാര്‍ട്ട്. ഇപ്പോഴെത്തെ സ്പീഡോ അപകടമോ ഇല്ല. പിന്നെ ഗ്രാമത്തിലെ അറിയപ്പെടുന്ന ചായക്കട. ചായക്കടയാല്‍ അറിയപ്പെടുന്ന കടയുടമ. അല്ലെങ്കില്‍ കടയുടെ ഉടമയാല്‍ അറിയപ്പെടുന്ന ചായക്കട. രണ്ടായാലും എല്ലാവര്‍ക്കും അഭിമാനം. പുട്ടും കടലയും ഉണക്കവിലും പപ്പടവും, പിന്നെ കിഴങ്ങും ചെറുപയറും. പിന്നെ പൊറോട്ടയുടെ തേരോട്ടം തുടങ്ങി ബീഫിനൊപ്പം. ഗ്രാമം അന്ധാളിച്ചുണ്ടാവും ഈ ഭീകര ജന്തുവിന്റെ കടന്നുവരവില്‍. ഒരു വൈദ്യനും അയാളുടെ ആയുര്‍വേദശാലയും അതുവഴി പോകുമ്പോള്‍ കടന്നുവരുന്ന പച്ചമരുന്നിന്റെ ചുകന്ന മണം. ഇപ്പോള്‍ വാഹനങ്ങളില്‍ നിന്നും തുപ്പുന്ന കരിമ്പുകയുടെ ഗന്ധത്താല്‍ ഗ്രാമം ശ്വാസംപിടഞ്ഞുനില്‍ക്കുന്നു. അവസാനത്തെ ശ്വാസത്തിന്. 

അന്ന് ടിവിയില്ല. റേഡിയോ മാത്രം. മലയാളം വാര്‍ത്തയും ഇംഗ്ലീഷ്-ഹിന്ദി വാര്‍ത്തയും സമയം തെറ്റാതെ ഒരു മന:പാഠപോലെ പറഞ്ഞുകൊണ്ടിരിക്കും. പിന്നെ റേഡിയോ നാടകവും ചലച്ചിത്രഗാനവും ഒക്കെ മനസ്സുകുളിര്‍പ്പിച്ചു എന്തൊരു സുഖമായിരുന്നു. ഇന്ന് ടിവി തുറന്നാല്‍ ഞെട്ടലാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും അല്ലെങ്കില്‍ കൂട്ടമരണങ്ങളും അപകടങ്ങളും കൂടെ പീഢനപര്‍വ്വവും.

സിനിമാകൊട്ടകകള്‍ ആര്‍ക്കാണ് മറക്കാനാവുക. ജയനും നസീറും ആടിത്തിമര്‍ത്ത് ആവേശം പകര്‍ന്ന്. പുരാണ നാടകങ്ങള്‍ പോലെ പുരാണസിനിമകള്‍. ജയഭാരതിയും ഷീലയും ഒരു സ്‌ക്രീനില്‍ ഒതുങ്ങാതെ വിലസി നടന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷന്‍ ഇറങ്ങിയപോലെ അന്നു ചില സിനിമകള്‍ മാത്രം കളറില്‍ കാണും. കൂടുതലും ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇരുണ്ട ദൃശ്യങ്ങളില്‍ തിക്കുറിശിയും സത്യനും അഭിനയിച്ചു ഫലിപ്പിച്ച വെള്ളിത്തിരകള്‍ ഇന്നും മാറാതെ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്നു. പുല്ലിലും ഓലയിലും മേഞ്ഞ മേല്‍ക്കുരയ്ക്കുള്ളിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഒരു വിനോദയാത്രയുടെ ത്രില്ലിലായിരിക്കും ഓരോ സിനിമയ്്ക്കും പുറപ്പെടുന്നതും ആസ്വദിക്കുന്നതും. പുരുഷന്മാരെക്കാള്‍ സ്ത്രീകളാല്‍ സമൃദ്ധമായിരിക്കും കൊട്ടകകള്‍. ആരും പുറികില്‍ നിന്ന് മാന്തുകയോ പിച്ചുകയോ ചെയ്യാത്ത സുന്ദരസിനിമാകാലം. ഷക്കീലയില്ലാത്ത കാലം.

ഓണവും ഓണക്കളിയും കുട്ടിയും കോലും ഗോട്ടികളിയും ആനമയ്യില്‍ ഒട്ടകം കളിയും പിന്നെ പന്തുകളിയും അങ്ങനെയങ്ങനെ ഓര്‍മ്മകള്‍ ഓടിവരുന്നു. വേനല്‍ അവധിയില്‍ പച്ചപ്പാടം കൊയ്തുകഴിഞ്ഞ് തരിശായിട്ടുണ്ടാവും. ആ വയലിലാണ് പന്തുകളി. വരമ്പുകളിലൂടെ ഓടിയും തളര്‍ന്നും മഴക്കാലം വരുന്നതുവരെ. പിന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കലാണ് മറ്റൊരു വിനോദം. വാടയ്ക്ക് കിട്ടും. ഇന്ന് ബൈക്കും കാറിനുമാണ് മത്സരം. സൈക്കിളില്‍ ഡബിളിലും ഒറ്റയ്ക്കും ഗ്രാമത്തിന്റെ കുറുക്കുവഴികളിലൂടെ ഗ്രാമഹൃദയത്തിലേക്ക് ചവിട്ടിക്കയറും.

പുലര്‍വേളയില്‍ അമ്പലത്തിലെ കോളാമ്പി മൈക്കിലൂടെ ഒഴുകിയെത്തുന്ന മൂകാംമ്പികാ സുപ്രഭാതവും കാലത്തിന്റെ ആദിയിലേക്ക് നമ്മെ എത്തിക്കും. 5 മണിക്ക് പള്ളിയില്‍ നിന്ന് അലറിവരുന്ന ബാങ്ക് വിളിയും ഇന്ന് ഓര്‍മ്മയില്‍ എവിടെയോ തട്ടി പ്രതിദ്ധ്വനിക്കുന്നു. മകരമാസത്തിലെ മഞ്ഞുകാലത്തില്‍ പുലര്‍ച്ച എണീറ്റ് പൈപ്പില്ലാത്ത കിണറ്റില്‍ നിന്നെടുത്ത വെള്ളത്തില്‍ മുഖം കഴുകി അന്നത്തെ പാഠങ്ങള്‍ മന:പാഠമാക്കുന്ന തണുത്ത സുഖം. പിന്നെ സ്‌ക്കൂളില്‍ ടീച്ചര്‍ ചൂരലും വിറപ്പിച്ചു ചോദ്യമുയര്‍ത്തുമ്പോള്‍ തത്ത പറയുമ്പോലെ മണിമണിയായി ഉത്തരം പറഞ്ഞതും കേട്ടെഴുത്തില്‍ പത്തില്‍ പത്ത് വാങ്ങുമ്പോഴുള്ള കറുത്ത സ്ലെയിറ്റിലെ വെള്ള ചോക്ക് ശരികളും ഒക്കെ ഓര്‍മ്മകളില്‍ മിന്നി നില്‍ക്കുന്നു.

ഗ്രാമത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഗ്രാമം മുഴുന്‍ കുറെ ദിവസത്തേക്ക് നിശ്ചലമാകും. നാട്ടുവഴിയിലൂടെ മുളന്തണ്ടില്‍ ചുകപ്പ് ശവക്കച്ച പുതച്ചു നാലാള്‍ താങ്ങി പറമ്പിറങ്ങി വയലിലൂടെ മലക്കയറി കണ്ണില്‍ നിന്ന് മറയുന്നതുവരെ നോക്കി നിന്നതും. പിന്നെ രാത്രി ഇരുട്ടിന്റെ മറവില്‍ മരിച്ചയാള്‍ ഒരു നിഴലായി വിളിക്കുന്നതും പുതപ്പിനുള്ളില്‍ ഒന്നുകൂടി മൂടിപുതച്ച് നേരം വെളുപ്പിച്ചതും ഓര്‍മ്മയില്‍........അതിനുശേഷം എത്രമരണങ്ങള്‍ ഒറ്റയിലും കൂട്ടമായും........

തിരഞ്ഞെടുപ്പും ജാഥവിളിയും കോളാമ്പി മൈക്ക് മുന്നിലും പിന്നിലും നടുക്ക് സൈക്കില്‍ ഉരുട്ടി ഒരാള്‍ വലിയ ഒച്ചയില്‍ മുദ്രാവാക്യം വിളിച്ച് അത് ഏറ്റുപറഞ്ഞ് വയല്‍ വരമ്പിലൂടെ ചൂട്ട വെളിച്ചത്തില്‍. പിറ്റെ ദിവസം പത്രങ്ങളില്‍ വെട്ടയ്ക്കയില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവിന്റെ നെടുങ്കന്‍ പടവും. അടിക്കുറിപ്പും. അയല്‍ പക്കത്തുള്ള പഞ്ചായത്ത് പ്രസിഡന്റ് ഏത് പാര്‍ട്ടിയെന്നറിയാതെ സ്‌നേഹിച്ചുപോയി. അഭിമാനിച്ചതും. ഇന്ന് വൈര്യവും കൊലയും കൊലവിളിയും. 

കാക്കക്കൂട്ടില്‍ മുട്ടയിടുന്ന കുയിലിന്റെ ചൂളം വിളിച്ചുള്ള പാട്ടും. കതിര്‍മണികള്‍ കൊത്തിപ്പറക്കുന്ന പൈങ്കിളിതത്തയും വിളയിറക്കാന്‍ കളപ്പറിയിക്കാന്‍ പോകുന്ന സ്ത്രീകളും, കലപ്പയും കാളയുമായി വയല്‍ഉഴുതുമറിക്കാനുള്ള യാത്രയും, എണ്ണയാട്ടുന്ന മൂരിയും ചക്കും..പിന്നെ പൊള്ളിവിറയ്ക്കുന്ന ഗ്രാമവീഥിയിലൂടെ വണ്ടിനിറയെ ചരക്കുമായെത്തുന്ന വണ്ടിക്കാളയുടെ ലാഡത്തിന്റെ താളവും ആര്‍ക്കാണ് മറക്കാന്‍ കഴിയുക...........!

No comments:

Post a Comment