Saturday, January 14, 2012

സൗമ്യക്കുശേഷം

സൗമ്യ സംഭവത്തില്‍ പ്രതിയായ ആള്‍ ഒരു മലയാളി അല്ല എന്നുള്ള വസ്തുത പലരും മറന്നുപോയി.  സംഭവം കേരളത്തില്‍ നടന്നതു കൊണ്ട് കുറ്റവാളിയെ മലയാളിയുടെ ചെയ്തി പോലെവ്യാഖ്യാനിക്കപ്പെടുകുയം പരോക്ഷമായി കുറ്റവാളി ഒരു മലയാളിയാണെന്ന തോന്നലാണ് ഉണ്ടാക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ മലയാളിയുടെ പൊതുവേയുള്ള അടക്കിവച്ച ലൈഗീകതൃഷ്ണയുമായി കൂട്ടിവായ്ക്കപ്പെടുകയും ചെയ്യുന്നു. അതായത് തുറിച്ചുനോട്ടം മുതല്‍ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തല്‍ വരെ. മലയാളിയുടെ പൊതുവായ 'സവിശേഷത'യാണ് ഈ തുറിച്ചുനോട്ടം. അത് മലയാളി പുരുഷന്മാരുടെ മേല്‍ കെട്ടിവയ്ക്കപ്പെടുകയും ചെയ്തു. സ്ത്രീകള്‍ യാതൊരു കാര്യത്തിലും ഇങ്ങനെ തുറിച്ചുനോക്കുന്നില്ല എന്നാണോ കരുതേണ്ടത്. അതിനുപകരം ആരും കാണാതെ ഒരു ഒളിക്കണെറിയാറുണ്ട് എന്നുള്ളതാണ് പരമാര്‍ത്ഥം. തുറിച്ചുനോക്കലിന്റെ കുത്തക പുരുഷന്മാര്‍ക്കായതുകൊണ്ട് സ്ത്രീകള്‍ ആ മേഖലയില്‍ കൈ വയ്ക്കുന്നില്ല എന്നേ ഉള്ളൂ. പിന്നെ തുറിച്ചു നോക്കുകയെന്നുള്ളത് ഒരാള്‍ക്കും എവിടെ നിന്നും കിട്ടിയ പരിശീലനത്തിന്റെ യോഗ്യതയല്ല; മറിച്ച് പുരുഷന്മാര്‍ക്ക് ജന്മനാല്‍ കിട്ടിയ ഒരു സ്വഭാവം മാത്രമാണത്. സ്ത്രീകള്‍ക്ക് തുറിച്ചുനോക്കുമ്പോള്‍ കിട്ടുന്ന സുഖാനുഭവം ഉണ്ടാകണമെന്നില്ല. എന്നാല്‍ പുരുഷന് ഒരു സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടാല്‍ ഒരുക്കലും മന:പൂര്‍വം നോക്കാതിരിക്കാന്‍ സാധിക്കില്ല. അവര്‍ നോക്കുകമാത്രമേ ചെയ്യുന്നുള്ളൂ. അതിനെ തുറിച്ചു നോട്ടമായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. 

എന്തുകൊണ്ട് തുറിച്ചു നോട്ടം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കേരളസമൂഹം വച്ചുപുലര്‍ത്തുന്ന അധമമായ ലൈംഗീക അസ്പൃശ്യതയാണ്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും പോലെയാണ് ആണ്‍-പെണ്‍വര്‍ഗങ്ങളെ ചെറുപ്പം തൊട്ടേ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഒന്നാം ക്ലാസുമുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും വേറെ വേറെ ബഞ്ചുകളില്‍ ഇരുത്തി പഠിപ്പിക്കുകയും ആണ്‍-പെണ്‍ സൗഹൃദത്തെ പ്രോത്സാഹിപ്പിക്കാതെ ആണ്‍കുട്ടി ആണ്‍കുട്ടിയോടും പെണ്‍കുട്ടി പെണ്‍കുട്ടിയോടും മാത്രം സൗഹൃദം പുലര്‍ത്തുക എന്ന കീഴ്‌വഴക്കം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. 

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കാന്‍ ആഗ്രഹിച്ചത് ഒരു സ്ത്രീകള്‍ മാത്രമാണെന്ന് തോന്നും പോലെയാണ് സ്ത്രീകള്‍ എഴുതുന്ന ലേഖനങ്ങള്‍ ആരംഭിക്കുന്നത് തന്നെ. ഈ സംഭവം അറിഞ്ഞതുമുതല്‍ രക്തം തിളച്ചവരില്‍ പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളും പുരുഷന്മാരുമായിരിക്കും. ഒരു വേള ഈ സംഭവത്തെ കുറിച്ചുള്ള അറിവ് മൊത്തത്തില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് തന്നെയായിരിക്കും. എന്തുകൊണ്ടെന്നാല്‍ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാംശീകരണത്തില്‍ സ്്ത്രീകള്‍ എത്രയോ പിറകിലാണ്. വീട്ടില്‍ തന്നെ പത്രവായനയോ ടിവി വാര്‍ത്ത ശ്രവിക്കുന്നതിലോ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ തന്നെയായിരിക്കും മുമ്പന്തിയില്‍. 

സാമൂഹ്യനീതിപരമായ കാര്യങ്ങളോട് സ്ത്രീകള്‍ എന്നും പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. അക്കാര്യങ്ങളൊക്കെ പുരുഷന്മാര്‍ക്ക് തീറെഴുതി കൊടുത്തതുപോലെയാണ്. സമൂത്തിലെ രാഷ്ട്രീയമായ കാര്യത്തില്‍ പോലും സ്ത്രീകള്‍ പ്രത്യേകിച്ച് അഭിപ്രായപ്രകടനം നടത്താറില്ല. ഈയിടെ ഇടതുപക്ഷ രാഷ്ട്രീയ നേതാവായ എം.വി. ജയരാജന്‍ പൊതുനിരത്തുകള്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ശബ്ദിച്ചതിന് ജയില്‍ ശിക്ഷ വിധിക്കുകയും 9 ദിവസത്തോളം അപ്പീലിനുള്ള സാവകാശംപോലും നല്‍കാതെ ശിക്ഷിക്കുന്നതിനുള്ള വ്യഗ്രത കോടതി കാണിക്കുകയാണുണ്ടായത്. ഈ വിധിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ജയരാജന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പത്ര-ടിവി മാധ്യമങ്ങളില്‍ പ്രൈം ടൈമില്‍ വാര്‍ത്തയും ചര്‍ച്ചകളും വന്നപ്പോള്‍ ഒരൊറ്റ സ്ത്രീപോലും പ്രതികരിക്കുകയോ അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടില്ല. ജയരാജന്‍ ഉയര്‍ത്തിയത് കേവലം പുരുഷന്മാരുടെ മാത്രം പ്രശ്‌നമായിരുന്നില്ല. ഒരു പൗരന്റെ മൗലീകാവശ്യത്തിനുമേലാണ് കോടതി കൈകടത്തിയത്. 

സ്ത്രീകള്‍ പൊതുവേ സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്ന ഒരു സമീപനമാണ് കൈക്കൊള്ളുന്നത്. സൗമ്യയുടെ ദുര്‍ഗതി ഒരു പുരുഷന് ആണ് സംഭവിച്ചിരുന്നെങ്കില്‍ എത്ര സ്ത്രീകള്‍ പ്രതിഷേധവുമായി വരുമായിരുന്നു. ലൈംഗീകാക്രമണം പോലെ പുരുഷന്മാര്‍ക്കും സമൂഹത്തിലെ ക്ഷുദ്രശക്തികളില്‍ നിന്ന് ശാരീരികമായ മറ്റു ആഘാതങ്ങള്‍ ഏല്ക്കുന്നുണ്ട്. അത് മരണത്തിലേക്കും കലാശിച്ച എത്രയോ സംഭവങ്ങള്‍ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിലൊന്നും പ്രതികരിക്കാനോ പുരുഷന്മാരുടെ കൂടെ നിന്നെങ്കിലും പ്രതിഷേധിക്കാനോ ഭൂരിഭാഗം സ്ത്രീകളോ സ്ത്രീ സംഘടനകളോ മുതിരാറില്ല. അതുകൊണ്ടുതന്നെ ഇവിടെ ആവശ്യം സ്ത്രീ സംരക്ഷണമോ സ്ത്രീകള്‍ക്കെതിരായിട്ടുള്ള അക്രമണത്തിനെതിരെ പ്രതിഷേധിക്കുകയോ അല്ല. മറിച്ച് മൊത്തത്തില്‍ സ്ത്രീ-പുരുഷഭേദമന്യേ ഉണ്ടാകുന്ന തിന്മകള്‍ക്കും ആക്രമണത്തിനുമെതിരെ സ്ത്രീ-പുരുഷഭേദമില്ലാതെ പ്രതികരിക്കുന്ന ഒരു സമുഹത്തിനേയാണ് വാര്‍ത്തെടുക്കേണ്ടത്. 

സ്ത്രീകള്‍ ജനസംഖ്യാനുപാതികമായി 50:50 തോ അല്ലെങ്കില്‍ പുരുഷനേക്കാള്‍ കൂടുതലോ ആയാണ് കാണുന്നത്. എന്നാല്‍ സാമൂഹ്യക്രമത്തില്‍ അത് രാഷ്ട്രീയമോ സാംസ്‌ക്കാരികമോ ആയ പ്രതികരണങ്ങളിലും പങ്കാളിത്തത്തിലും സ്ത്രീകളുടെ പങ്ക് തുലോ കുറവാണ്. സാമൂഹിക പ്രക്രിയയകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ 50:50 ആനുപാതത്തില്‍ പങ്കെടുക്കുന്നില്ല. ഈ ചോദ്യത്തിന് സ്ത്രീകളാണ് ഉത്തരം പറയേണ്ടത്. ഒരു വേള ഈ ചോദ്യത്തിന് ഉത്തരം പറയുന്നതുപോലും പുരുഷനായിരിക്കും. പൊതുവായി സ്ത്രീകള്‍ ബൗദ്ധീകമായും ഭൗതീകമായുമുള്ള പ്രതികരണങ്ങളില്‍ ഒരു അധ:കൃതസമീപനമാണ് പുലര്‍ത്തുന്നത്. അവര്‍ കുടുംബം, കുടുംബിനി എന്നതിലും വംശപരമ്പര നിലനിര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും മാത്രമായി തങ്ങളുടെ കഴിവുകളെ സ്വയം ചുരുക്കിക്കളയുകയും ചെയ്യുന്നു. 

തങ്ങളെ തുറിച്ചുനോക്കുന്നു, പീഡിപ്പിക്കുന്നു...എന്നുള്ള പരാതികള്‍ ഉന്നയിക്കാതെ പൊതുധാരയിലേക്ക് ഏതുമേഖലയായാലും കടന്നുവരാനും പുരുഷനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സംവദിക്കാനും സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുവാനുമുള്ള ചങ്കൂറ്റം സ്ത്രീ-പുരുഷന്‍ എന്ന വേര്‍തിരിവില്ലാതെ കാണിക്കുകയാണ് വേണ്ടത്. സ്ത്രീ ആദ്യം ചെയ്യേണ്ടത്. സ്ത്രീ സ്ത്രീയാണ് എന്നുള്ള ധാരണയെ മാറ്റി ഒരു മനുഷ്യനാണ് എന്നുള്ള ബോധം ഉണ്ടാക്കുകയാണ് വേണ്ടത്. സാധാരണയായി മനുഷ്യന്‍ എന്ന നാമം കേള്‍ക്കുമ്പോള്‍ തന്നെ ഒരു പുരുഷന്‍ എന്ന രുപത്തെയാണ് നമ്മുടെ മനസ്സില്‍ രുപമെടുക്കുന്നത്. മനുഷ്യസ്ത്രീ എന്നുകേള്‍ക്കുമ്പോള്‍ മാത്രമാണ് സ്ത്രീരുപത്തെ കാണുന്നുള്ളൂ. മനുഷ്യരിലെ രണ്ടുവര്‍ഗം മാത്രമാണ് സ്ത്രീയും പുരുഷനും. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക.


November 22, 2011

No comments:

Post a Comment