Thursday, January 26, 2012

മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം

പരസ്പരമുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നത് പരസ്പരം 
തുറന്നുകാട്ടപ്പെടുമ്പോഴാണ്. ബന്ധത്തിന്റെ അടിസ്ഥാനം തന്നെ 
അതിന്റെ മറനീക്കലിലാണ്. ഒളിച്ചുവച്ച ബന്ധങ്ങള്‍ കൂടുതല്‍ വാഴുകയില്ല. 
പരസ്യമായ രഹസ്യമാണ് ബന്ധനത്തിന് ആവശ്യം. സ്വകാര്യത 
പരസ്പരമുള്ള ബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തും. 
മുറിഞ്ഞവാക്കുകളുടെ സമാഹാരമാണ് സ്വകാര്യതയില്‍ തീര്‍ത്ത 
ബന്ധങ്ങളില്‍ നിര്‍മ്മിക്കപ്പെടുക. നഗ്നത എല്ലാവിധത്തിലും പുര്‍ണസ്വാതന്ത്ര്യത്തെ 
ഉല്‍ഘോഷിക്കുന്നു. വന്‍മതിലുകള്‍ തീര്‍ക്കുന്നത് ഒരിക്കലും പറയപ്പെടാത്ത 
രഹസ്യങ്ങളെ മറയ്ക്കുന്നതിനുവേണ്ടിയാണ്. പിറന്നുവീഴുന്ന കുഞ്ഞ് 
നൂലിഴയുടെ ബന്ധനമില്ലാതെയാണ് ജന്മമെടുക്കുന്നത്. അവസാനത്തെ 
പൊക്കിള്‍ക്കൊടി ബന്ധനവും മുറിച്ചുമാറ്റപ്പെടുമ്പോള്‍ അനുഭവിക്കുന്ന 
സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണത പിന്നീട് മരണത്തിന്റെ വിടവാങ്ങലില്‍ 
മാത്രമാണ് അനുഭവവേദ്യമാകുന്നത്. മരണത്തിനുശേഷമുള്ള കുളിച്ചൊരുക്കലും
വസ്ത്രധാരണവും മരണത്തിലും സ്വാതന്ത്ര്യത്തെ വെറുതെ വിടില്ല എന്ന 
അസ്വാതന്ത്ര്യത്തിന്റെ ഇരുണ്ടമുഖമാണ് വെള്ളയില്‍ പുതപ്പിച്ചുകിടത്തുന്നതിലൂടെ
മറനീക്കുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും. വെളിച്ചത്തില്‍ നിന്നും 
ഇരുട്ടിലേക്കുമുള്ള വെച്ചുമാറലാണ് സ്വാതന്ത്ര്യം.

മനസ്സും ശരീരവും തുറന്നുകാട്ടുമ്പോള്‍ അവിടെ ദുരുഹതയോ സംശയമോ 
അല്പംപോലും ബാക്കിയാവുന്നില്ല. പറയാതെ പോയ വാക്കുകള്‍ 
സംശയത്തിന്റെ വിത്തുപാകലാകും. മനസ്സില്‍ ഒരു വാക്കോ ചിന്തയോ 
ബാക്കിവെക്കരുത്. ഒഴിഞ്ഞയിടമാകണം മനസ്സ്. അതുപോലെ ശരീരത്തിലെ 
നുല്‍ബന്ധമറുത്തുനല്‍കുന്നത് നിങ്ങളുടെ ബാഹ്യമായുള്ള ദുരുഹതയേയും 
വെളിച്ചത്തുകൊണ്ടുവരും. ദുരൂഹതയുടെ കാര്‍മേഘം ഒഴിഞ്ഞാല്‍ 
മഴപെയ്‌തൊഴിഞ്ഞ ആകാശംപോലെ പരസ്പരം മനസുകള്‍ തെളിഞ്ഞുനില്‍ക്കും. 
തുറന്നുകാണിക്കപ്പെടുന്നവര്‍ പരസ്പരം അടുക്കും. അവര്‍ അകന്നാലും 
അവരുടെ അടുപ്പം അതേപടി അകലാതിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പരസ്പരമുള്ള 
കീഴടങ്ങലാണിത്. വിധേയത്വവും യജമാനത്വവും പരസ്പരപൂരകമായിരിക്കുക.
പിന്നെ ആരെയാണ് ഭയക്കേണ്ടത്. നിന്നെപ്പോലെ ഞാനും എന്നെപ്പോലെ നീയും. 
കൂടുതലായി ഒന്നുമില്ല. കുറഞ്ഞും. ഉള്ളതും ഇല്ലാത്തതും വെളിവായിരിക്കുന്നു. 
ഇതുവരെ മൂടിക്കെട്ടിയതും ഗൂഢമാക്കപ്പെട്ടതുമായ വിചാരവികാരങ്ങളാല്‍ 
തീര്‍ത്ത ഭണ്ഡാരമാണ് തുറക്കപ്പെട്ടത്. ഒരു വിഴുപ്പുഭാണ്ഡത്തിന്റെ അഴുക്ക് 
ഒഴുകിയപോലെ ശുദ്ധമാണവിടെ. 

വാക്കിലൂടെ മനസ്സും വസ്ത്രത്തിലൂടെ ശരീരവും തുറക്കുകയും അടയ്ക്കുകയും 
ചെയ്യുന്ന വാതിലുപോലെയാണ്. വാതിലുകള്‍ അകത്തുകടക്കുന്ന 
ശുദ്ധവായുവിനെ തടയുന്നതുപോലെ അകത്തു സൂക്ഷിക്കപ്പെടേണ്ടതായവയെ 
ഭദ്രമാക്കുകയും മറച്ചുവയ്ക്കുകയും അതിന്റെ സുരക്ഷിതത്തം പാലിക്കുകയും 
ചെയ്യുന്നുണ്ട്. തുറന്നിട്ട വാതില്‍ ഒരേ സമയം ഭയമുളവാക്കുകയും
അതേ സമയം ഭയത്തിന്റെ ആധിയെ അകറ്റുകയും ചെയ്യാം. 
എന്തുകൊണ്ടെന്നാല്‍ അടച്ചിട്ട വാതിലിനുള്ളില്‍ ഭയപ്പെടേണ്ട എന്തോ ഉണ്ടാകും. 
തുറന്നിടം ഭയക്കുന്നതെന്തിന്. ഒളിക്കാനുള്ളവര്‍ക്കേ ഭയമുണ്ടാവുകയുള്ളൂ. 
പോലീസിനെ കാണുമ്പോള്‍ ഭയക്കുന്ന കള്ളനും, ചാരിത്ര്യത്തെ ഭയക്കുന്ന സ്ത്രീയും, 
ജീവനെയും കീശയിലെ പണത്തെയും ഭയക്കുന്ന പുരുഷനും 
അവസാനിക്കാത്ത ആധിയുമായി ചുറ്റിവരിഞ്ഞവരാണ്. 
കയ്യില്‍ കനംഉള്ളവനേ ഭയം ഉണ്ടാവുകയുള്ളൂ എന്നു പറയുന്നതുപോലെ.

No comments:

Post a Comment